Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭത്തിലും റെക്കോഡ് സൃഷ്ടിച്ചു ഫോക്സ്‌വാഗൻ

volkswagen-recall

കമ്പനി ചരിത്രത്തിലെ തന്നെ റെക്കോഡ് വിൽപ്പനയുടെ പിൻബലത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനം ലാഭത്തിലെത്തിയതായി ജർമൻ വാഹന നിർമാണ ഗ്രൂപ്പായ ഫോക്സ്‌വാഗൻ. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നു 2015 സെപ്റ്റംബറിൽ കുറ്റസമ്മതം നടത്തി ‘ഡീസൽഗേറ്റി’ൽ കുടുങ്ങിയതു ചരിത്രമാവുന്നതിന്റെ വ്യക്തമായ സൂചനയാണു കമ്പനി 2016ൽ കൈവരിച്ച തകർപ്പൻ വിൽപ്പന. ആഗോളതലത്തിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച 1.10 കോടിയോളം വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കമ്പനി ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയെന്നായിരുന്നു ആരോപണം. എന്നാൽ ‘ഡീസൽഗേറ്റ്’ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഫോക്സ്‌വാഗൻ ഉന്നതരുടെ പ്രതിഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

മേധാവികൾക്കു ശമ്പളവും ആനുകൂല്യങ്ങളും വാരിക്കോരി നൽകുന്നതിനു കുപ്രസിദ്ധി തന്നെയാർജിച്ച ഫോക്സ്‌വാഗൻ ഇക്കുറി കമ്പനി എക്സിക്യൂട്ടീവുകളുടെ വരുമാനത്തിനു നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഗ്രൂപ്പിന്റെ സാമ്പത്തിക രംഗത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) അടക്കമുള്ളവരുടെ പ്രതിഫലം നിശ്ചയിക്കുകയെന്നതാണു ഫോക്സ്വാഗനിലെ പുതിയ നിയമം. ഇതനുസരിച്ചു സി ഇ ഒയുടെ പരമാവധി പ്രതിഫലം പ്രതിവർഷം ഒരു കോടി യൂറോ(70.38 കോടിയോളം രൂപ) ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മറ്റു ബോർഡ് അംഗങ്ങളുടെ പ്രതിഫലമാവട്ടെ പരമാവധി 55 ലക്ഷം യൂറോ(38.71 കോടി രൂപ)യായാണു നിയന്ത്രിച്ചിരിക്കുന്നത്. ‘ഡീസൽഗേറ്റ്’ വിവാദത്തിൽ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ഫോക്സ്‌വാഗൻ ഇത്തരം കർശന നടപടികൾ സ്വീകരിച്ചതെന്നാണു സൂചന.

കഴിഞ്ഞ വർഷം 510 കോടി യൂറോ(ഏകദേശം 35,893.82 കോടി രൂപ) അറ്റാദായം നേടിയെന്നാണ് ഫോക്സ്‌വാഗന്റെ പ്രഖ്യാപനം. ‘ഡീസൽഗേറ്റ്’ കത്തിക്കയറിയ 2015ൽ കമ്പനിയുടെ പ്രവർത്തനം 160 കോടി യൂറോ(11,260.81 കോടിയോളം രൂപ) നഷ്ടത്തിൽ കലാശിച്ച സ്ഥാനത്താണിത്. പോർഷെ, ഔഡി, സ്കോഡ എന്നീ ബ്രാൻഡുകൾ കൂടി ഉൾപ്പെട്ട ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ മൊത്ത വരുമാനം 21,730 കോടി യൂറോ(15.29 ലക്ഷം കോടി രൂപ) എന്ന റെക്കോഡ് തലത്തിലെത്തി; 2015ലെ വരുമാനത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളമാണു വർധന. 2015ൽ 406 കോടി യൂറോ(28,574.30 കോടിയോളം രൂപ)യുടെ പ്രവർത്തന നഷ്ടം നേരിട്ടത് കഴിഞ്ഞ വർഷം 710 കോടി യൂറോ(ഏകദേശം 49,969.83 കോടി രൂപ)യുടെ പ്രവർത്തന ലാഭമായി മാറി.

‘ഡീസൽഗേറ്റ്’ സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിച്ച് കഴിഞ്ഞ വർഷം 1.03 കോടി വാഹനങ്ങൾ വിറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളായി മാറാനും ഫോക്സ്‌വാഗനു കഴിഞ്ഞു. യൂറോപ്പിലും ഏഷ്യ പസഫിക് മേഖലയിലും വിൽപ്പന വർധിച്ചതാണു ടൊയോട്ട മോട്ടോർ കോർപറേഷനെ പിന്തള്ളി ആദ്യ സ്ഥാനത്തെത്താൻ ഫോക്സ്വാഗനെ സഹായിച്ചത്. ഇക്കൊല്ലവും മികച്ച പ്രകടനം തുടരനാവുമെന്ന പ്രതീക്ഷയിലാണു ഫോക്സ്‌വാഗൻ; 2017ലെ വരുമാനത്തിൽ നാലു ശതമാനത്തോളം വളർച്ച കമ്പനി ലക്ഷ്യമിടുന്നുണ്ട്. വിൽപ്പനയിലും ന്യായമായ വർധന രേഖപ്പെടുത്തുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

Your Rating: