Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളവുകളും ആനുകൂല്യങ്ങളുമായി ഔഡി ‘ക്യു ത്രീ’

audi-q3

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യു ത്രീ’ക്കു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ ഇളവുകളും ആനുകല്യങ്ങളും പ്രഖ്യാപിച്ചു. രാജ്യമെങ്ങുമുള്ള ഡീലർമാർ വാഗ്ദാനം ചെയ്യുന്ന ഈ ഇളവുകൾ ഔഡിയുടെ ക്യു ലൈഫ് പ്രവേശനം എളുപ്പമാക്കുമെന്നു കമ്പനി അറിയിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 5.99 ലക്ഷം രൂപ അടച്ച് ‘ക്യു ത്രീ’ സ്വന്തമാക്കാൻ അവസരമുണ്ട്; വിവയുടെ ബാക്കി 48,888 രൂപ വീതമുള്ള പ്രതിമാസത്തവണ(ഇ എം ഐ)കളായി അടച്ചാൽ മതി. മുംബൈയിലാവട്ടെ 30.78 ലക്ഷം രൂപ ആദ്യം അടച്ചാണ് ‘ക്യു ത്രീ’ സ്വന്തമാക്കാൻ അവസരമുള്ളത്; അവശേഷിക്കുന്ന തുക 26,999 രൂപ വീതമുള്ള ഇ എം ഐ ആയി അടച്ചു തീർക്കണമെന്നാണു വ്യവസ്ഥ. ബെംഗളൂരുവിലാവട്ടെ ഈ ഉത്സവകാലത്ത് പലിശ രഹിത വായ്പ എടുത്ത് ‘ക്യു ത്രീ’ വാങ്ങാം. ചെന്നൈയിൽ നാലു വർഷ വാറന്റി, നാലു വർഷ സർവീസ് പ്ലാൻ, 45% വിലയ്ക്കു നാലു വർഷ ബൈ ബാക്ക്, നാലര ശതമാനം പലിശ നിരക്കിൽ വാഹന വായ്പ എന്നിവയുമൊക്കെ വാഗ്ദാനമുണ്ട്.

ഔഡിയുടെ ‘ക്യു ത്രീ’ 2012ലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്; തുടർന്ന് കഴിഞ്ഞ വർഷം എസ് യു വി നവീകരിക്കുകയും ചെയ്തു. രണ്ടു ലീറ്റർ ടി ഡി ഐ എൻജിനോടെ മാത്രമാണ് ‘ക്യു ത്രീ’ വിൽപ്പനയ്ക്കുള്ളത്. രണ്ട് വ്യത്യസ്ത ട്യൂണിങ്ങോടെ ഈ എൻജിൻ ലഭ്യമാണ്: 140 പി എസ് 30 ടി ഡി ഐ എസ് എഡീഷനും 176 പി എസ് 35 ടി ഡി ഐ ക്വാട്രോ(ഓൾ വീൽ ഡ്രൈവ്). ഏഴു സ്പീഡ് എസ് ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്. ഇന്ത്യൻ വിപണിയിൽ മെഴ്സീഡിസ് ബെൻസ് ‘ജി എൽ എ ക്ലാസ്’, ബി എം ഡബ്ല്യു ‘എക്സ് വൺ’ എന്നിവയാണു ‘ക്യു ത്രീ’യുടെ എതിരാളികൾ.