Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പേരിലെ പോര്’ വീണ്ടും: ഔഡിയെ വെട്ടിലാക്കി ടി ടി

Audi TT Coupe

‘ടി ടി’ ശ്രേണിയിലെ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിൽ നിന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയെ ഡൽഹി ഹൈക്കോടതി വിലക്കി. ഔഡിക്കെതിരെ അടിവസ്ത്ര നിർമാതാക്കളായ ടി ടി ഇന്നർവെയർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണു കോടതി നടപടി.

അര നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയുടെ അടിവസ്ത്ര ബ്രാൻഡ് 65 രാജ്യങ്ങളിൽ വിൽപ്പനയ്ക്കുള്ളതാണെന്നു ടി ടി ഇന്നർവെയർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ‘ടി ടി കൂപ്പെ’യും സമാന ബ്രാൻഡിലുള്ള അനുബന്ധ സാമഗ്രികളും ഇന്ത്യയിൽ വിൽക്കുന്നത് ടി ടി ഇന്നർവെയറിന്റെ വ്യാപാരമുദ്ര റജിസ്ട്രേഷനെ വെല്ലുവിളിക്കലാണെന്നാണു കമ്പനിയുടെ നിലപാട്. ഒപ്പം ഔഡി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ടി ടി ഇന്നർവെയർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഔഡിക്ക് ദുരുദ്ദേശ്യമില്ലെന്ന് ഉറപ്പാണെന്നു ടി ടി ഇന്നർവെയർ സ്ഥാപകൻ റിഖാബ് ചന്ദ് ജെയിൻ അംഗീകരിക്കുന്നു. ഔഡിയുടെ ഭാഗത്തുനിന്നുണ്ടായ അപൂർവ പിഴവാണിതെന്നും അദ്ദേഹം കരുതുന്നു. എന്നാൽ അവർക്കോ മറ്റു ബ്രാൻഡുകൾക്കോ പേരിനു മുന്നിലോ പിന്നിലോ ‘ടി ടി’ എന്നീ അക്ഷരങ്ങൾ ചേർക്കാൻ അവകാശമില്ലെന്നു ബോധ്യപ്പെടുത്താനാണു തന്റെ ശ്രമമെന്നും ജെയിൻ വ്യക്തമാക്കുന്നു. ‘ടി ടി’ ബ്രാൻഡ് നാമത്തിൽ തുകൽ ഉൽപന്നങ്ങളും കളിപ്പാട്ടങ്ങളും അനുബന്ധ സാമഗ്രികളുമൊക്കെ ഔഡി നിർമിച്ചു വിൽക്കുന്നതിനോടാണു കമ്പനിക്കു വിയോജിപ്പെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ടി ടി’ എന്ന വ്യാപാരനാമം 1968ൽ തന്നെ കമ്പനി റജിസ്റ്റർ ചെയ്തതാണ്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഔഡിയുടെ ജർമനിയിലെയും ഇന്ത്യയിലെയും വിലാസങ്ങളിൽ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ജെയിൻ വെളിപ്പെടുത്തുന്നു. എന്തായാലും കോടതി ഇടപെട്ടതോടെ തൽക്കാലത്തേക്കെങ്കിലും ഔഡിക്ക് ഇന്ത്യയിൽ ‘ടി ടി’ ശ്രേണിയുടെ വിൽപ്പന നിർത്തിവയ്ക്കേണ്ടിവരും. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് അനുകൂലമാവുകയോ ഈ വിധിക്കു സ്റ്റേ നേടുകയോ ചെയ്യാതെ ഔഡിക്ക് ‘ടി ടി കൂപ്പെ’ വിൽക്കാനാവുമോ എന്നതു സംബന്ധിച്ചും അനിശിച്തത്വമുണ്ട്. എങ്കിലും ടി ടി ഇൻഡസ്ട്രീസിന്റെ നോട്ടീസിനു മറുപടി നൽകാൻ ഔഡി ഇന്ത്യയ്ക്ക് നവംബർ ഒന്നു വരെ സമയമുണ്ടെന്നാണു സൂചന. അതേസമയം, വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇതേപ്പറ്റി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഔഡി ഇന്ത്യ.