Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഔഡിയും

Audi India

ഡെയ്മ്‌ലറിനു പിന്നാലെ ജർമനിയിൽ നിന്നുള്ള ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഇറാനിലേക്ക്. ആണവ പരീക്ഷണങ്ങളുടെ പേരിൽ രാജ്യാന്തര സമൂഹം ഏർപ്പെടുത്തിയിരുന്നു വ്യാപാര ഉപരോധം പിൻവലിച്ച സാഹചര്യത്തിൽ ഇറാനിൽ ആഡംബര കാർ വിൽപ്പനയ്ക്കു വൻസാധ്യതയുണ്ടെന്നാണ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡിയുടെ വിലയിരുത്തൽ. ‌വർഷങ്ങൾ നീണ്ട ഉപരോധത്തിനൊടുവിൽ ഇസ്‌ലാമിക റിപബ്ലിക്കായ ഇറാനുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതു വഴി ജർമനിയിൽ നിന്ന് 1090 കോടി ഡോളറി(74,159 കോടിയോളം രൂപ)ന്റെ കയറ്റുമതി സാധ്യമാവുമെന്നാണ് ജർമനിയിലെ ഡി ഐ എച്ച് കെ ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്ക്. അതേസമയം, കയറ്റുമതി സാധ്യത പരിശോധിക്കാൻ ഔഡിയുടെ പ്രതിനിധി സംഘം ഇറാനിലെത്തിയതായി കമ്പനി സ്ഥിരീകരിച്ചു. അതേസമയം ഇറാനിൽ ആഡംബര കാർ വിൽപ്പനയ്ക്കു സാധ്യതയേറെയാണെന്നു വിലയിരുത്തിയ ഇൻഗൊസ്റ്റാഡ് ആസ്ഥാനമായ ഔഡി ഇതേപ്പറ്റി കൂടുതൽ വിശദീകരിക്കാൻ തയാറായില്ല.

ഇറാനുമായി ഇതിനു മുമ്പ് വ്യാപാര ബന്ധമില്ലാത്ത കമ്പനിയാണ് ഔഡിയെന്നതും ഏറെ ശ്രദ്ധേയമാണ്. ഇസ്ലാമിക വിപ്ലവത്തിന്റെ പേരിൽ 1979ൽ ലോകരാജ്യങ്ങൾ ഇറാനെ ഒറ്റപ്പെടുത്തുമ്പോൾ ആഡംബര കാർ ബ്രാൻഡെന്ന നിലയിൽ ഔഡി ഉദിച്ചിട്ടു പോലുമില്ലെന്നതാണു യാഥാർഥ്യം. വ്യാപാര ഉപരോധം പിൻവലിച്ചതോടെ ഇറാനിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമം തുടങ്ങിയതായി ഡെയ്മ്ലർ എ ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാൻ വിപണിയിലേക്കുള്ള മടക്കത്തിനു മുന്നോടിയായി ഇറാൻ ഖൊർദൊ ഡീസൽ(ഐ കെ ഡി), മാമ്മുട് ഗ്രൂപ് എന്നീ കമ്പനികളുമായി ഡെയ്മ്ലർ താൽപര്യ പത്രം ഒപ്പിടുകയും ചെയ്തു.

മെഴ്സീഡിസ് ബെൻസ് ട്രക്കുകളും എൻജിനും ഗീയർബോക്സുമുൾപ്പെട്ട പവർ ട്രെയ്ൻ ഘടകങ്ങളും പ്രാദേശികമായി നിർമിക്കുന്നതിനൊപ്പം ട്രക്കുകളുടെയും സ്പെയർ പാർട്സിന്റെയും വിൽപ്പനയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനും ലക്ഷ്യമിട്ടാണു ഡെയ്മ്ലറിന്റെ നീക്കം. ഇറാനിയൻ ഡീസൽ എൻജിൻ മാനുഫാക്ചറിങ് കമ്പനി(ഐ ഡി ഇ എം)യിലെ ഓഹരി പങ്കാളിത്തം വീണ്ടെടുക്കാനും ഡെയ്മ്ലർ തീരുമാനിച്ചിട്ടുണ്ട്. എൻജിൻ നിർമാണത്തിനായി ഡെയ്മ്ലറിന്റെ ഓഹരി പങ്കാളിത്തത്തോടെ സ്ഥാപിച്ച സംയുക്ത സംരംഭമാണ് ഐ ഡി ഇ എം. അതേസമയം രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സംഭവ വികാസങ്ങളെ ആശ്രയിച്ചാവും ഇറാനിലേക്കുള്ള പ്രവേശം സംബന്ധിച്ചു കമ്പനി തീരുമാനമെടുക്കുകയെന്ന നിലപാടിലാണ് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.