Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഗസ്റ്റിലെ വിൽപ്പനയിലും മാരുതിക്ക് ആധിപത്യം

brezza-1

ജൂലൈയിലെ പോലെ ഓഗസ്റ്റിലെ യാത്രാ വാഹന വിൽപ്പന കണക്കെടുപ്പിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ആധിപത്യം തുടരുന്നു. മികച്ച വിൽപ്പന നേടി ആദ്യ 10 സ്ഥാനങ്ങളിലെത്തിയവയിൽ ഏഴെണ്ണവും മാരുതി സുസുക്കിയുടെ മോഡലുകളാണ്. കഴിഞ്ഞ മാസം പട്ടികയിലുണ്ടായിരുന്ന കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘വിറ്റാര ബ്രേസ’യ്ക്കു പകരം സെഡാനായ ‘സിയാസ്’ ആദ്യ പത്തിൽ തിരിച്ചെത്തിയതു മാത്രമാണു വ്യത്യാസം. ‘മാരുതി ഓൾട്ടോ’ തന്നെയാണ് ഓഗസ്റ്റിലെ വിൽപ്പന കണക്കെടുപ്പിലും ഒന്നാം സ്ഥാനത്ത്. 20,919 ‘ഓൾട്ടോ’യാണു കഴിഞ്ഞ മാസം വിറ്റത്. ഈ കാറിന്റെ 2015 ഓഗസ്റ്റിലെ വിൽപ്പനയാവട്ടെ 23,017 യൂണിറ്റായിരുന്നു.

മാരുതിയുടെ കോംപാക്ട് സെഡാനായ ‘സ്വിഫ്റ്റ് ഡിയസർ’ ആണു വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 2015 ഓഗസ്റ്റിൽ 18,718 ‘ഡിസയർ’ വിറ്റതു പക്ഷേ കഴിഞ്ഞ മാസം 15,766 ആയി കുറഞ്ഞു. 14,571 യൂണിറ്റ് വിൽപ്പനയോടെ കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു മൂന്നാം സ്ഥാനത്ത്. 2015 ഓഗസ്റ്റിൽ 16,811 യൂണിറ്റ് വിൽപ്പനയോടെ ‘വാഗൻ ആർ’ നാലാം സ്ഥാനത്തായിരുന്നു. ഇക്കുറി നാലാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നാണ്; വിൽപ്പന 13,027 യൂണിറ്റ്. 2015 ഓഗസ്റ്റിൽ 16,811 യൂണിറ്റ് വിൽപ്പനയോടെ ‘സ്വിഫ്റ്റ്’ മൂന്നാം സ്ഥാനത്തായിരുന്നു.കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’ ആണ് വിൽപ്പനയിൽ അഞ്ചാം സ്ഥാനത്ത്: 12,957 യൂണിറ്റ്. 2015 ഓഗസ്റ്റിൽ 10,255 ‘ഗ്രാൻഡ് ഐ 10’ ആണു ഹ്യുണ്ടേയ് വിറ്റത്.

നിരത്തിലെത്തിയതു മുതൽ ശക്തമായ പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ റെനോ ‘ക്വിഡി’നാണ് ആറാം സ്ഥാനം. ‘ഓൾട്ടോ’, ‘ഇയോൺ’ തുടങ്ങിയവയോടു മത്സരിക്കുന്ന ‘ക്വിഡി’ന്റെ പ്രതിമാസ വിൽപ്പന ഇതാദ്യമായി 10,000 യൂണിറ്റ് പിന്നിട്ടെന്ന സവിശേഷതയുമുണ്ട്; 10,719 ‘ക്വിഡ്’ ആണു കഴിഞ്ഞ മാസം നിരത്തിലെത്തിയത്. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള മോഡൽ കൂടിയെത്തിയതോടെ ‘ഓൾട്ടോ കെ 10’ കാറിനും ‘ക്വിഡ്’ വെല്ലുവിളി ഉയർത്തുമെന്നാണു സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിൽപ്പനയിൽ ആറാം സ്ഥാനത്തായിരുന്ന ‘എലീറ്റ് ഐ 20’ കഴിഞ്ഞ മാസത്തെ കണക്കെടുപ്പിൽ ഏഴാം സ്ഥാനത്താണ്. 2015 ഓഗസ്റ്റിൽ 8,521 യൂണിറ്റ് വിറ്റ പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടേയ് ‘എലീറ്റ് ഐ 20’ ഇക്കുറി കൈവരിച്ചത് 9,146 യൂണിറ്റിന്റെ വിൽപ്പനയാണ്.

കഴിഞ്ഞ മാസം 8,671 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ എട്ടാം സ്ഥാനം നേടി. 8,063 യൂണിറ്റിന്റെ വിൽപ്പനയുമായി ‘സെലേറിയൊ’ ആണ് ഒൻപതാം സ്ഥാനത്ത്. 2015 ഓഗസ്റ്റിൽ 7,927 യൂണിറ്റ് വിൽപ്പനയോടെ ഏഴാം സ്ഥാനത്തായിരുന്നു ‘സെലേറിയൊ’. ആ മാസം ഹോണ്ട ‘സിറ്റി’(5,405 യൂണിറ്റ്), ‘ജാസ്’(5,404) എന്നിവയായിരുന്നു യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ. വിൽപ്പന ഉയർന്നെങ്കിലും മാരുതി സുസുക്കി ‘സിയാസി’നു സ്ഥാനക്കയറ്റം നേടാനായില്ല. 2015 ഓഗസ്റ്റിൽ 4,156 യൂണിറ്റ് വിൽപ്പനയോടെ 10—ാം സ്ഥാനത്തായിരുന്നു ‘സിയാസ്’; കഴിഞ്ഞ മാസം വിൽപ്പന 6,214 എണ്ണാമായി ഉയർന്നെങ്കിലും റാങ്കിൽ മാറ്റമില്ല.  

Your Rating: