Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016 ഓട്ടോ എക്സ്പോ: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

Auto Expo 2016

ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഓട്ടോ എക്സ്പോ വെബ്സൈറ്റ് വഴിയും ബുക്ക് മൈ ഷോ സൈറ്റ് വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്. ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം എ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ), സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) എന്നീ സംഘടനകൾ സംയുക്തമായാണു രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്. വരുന്ന ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെയാണ് ‘2016 ഓട്ടോ എക്സ്പോ’. വാഹന പ്രദർശനം ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ട് ആൻഡ് സെന്ററിൽ നടക്കുമ്പോൾ വാഹനഘടക നിർമാതാക്കൾ അണിനിരക്കുന്ന കംപോണന്റ് ഷോ നാലു മുതൽ ഏഴു വരെ പ്രഗതി മൈതാനത്താണു സംഘടിപ്പിക്കുക.

Auto Expo 2016

പ്രവൃത്തിദിനങ്ങളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ ഓട്ടോ എക്സ്പോയിലെ പ്രവേശനത്തിന് 650 രൂപയാണു ടിക്കറ്റ് നിരക്ക്; സന്ദർശകർക്കു വേണ്ടി അനുവദിച്ചിരിക്കുന്ന, ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറു വരെയുള്ള സമയത്തെ പ്രവേശനത്തിനുള്ള നിരക്കാവട്ടെ 300 രൂപയാണ്. വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി ഏഴു വരെയാണു സന്ദർശകർക്ക് പ്രവേശനം; 400 രൂപയാണു ടിക്കറ്റ് നിരക്ക്. അടുത്ത മാസം 31നകം മൂന്നു മുതൽ 10 എണ്ണം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റുകൾ സൗജന്യമായി വീട്ടിലെത്തിച്ചു കൊടുക്കും. അല്ലാത്തപക്ഷം ഓരോ ബുക്കിങ്ങിനും 75 രൂപ വീതം ഹോം ഡെലിവറി ചാർജ് ഈടാക്കും. അതുപോലെ അടുത്ത ജനുവരി 25നുശേഷം ഓൺലൈൻ ബുക്കിങ് നടത്തുന്ന ടിക്കറ്റുകൾക്കു ഹോം ഡെലിവറി സൗകര്യം ഉണ്ടാവില്ല; പകരം സന്ദർശനവേളയിൽ വേദിക്കു സമീപമുള്ള കൗണ്ടറുകളിൽ നിന്നാവും ടിക്കറ്റ് വിതരണം ചെയ്യുക. ഈ കാലാവധിക്കു മുമ്പ് മുൻകൂർ ബുക്കിങ് നടത്തുന്നവർക്ക് ജനുവരി 15 മുതലാവും ടിക്കറ്റുകൾ വീട്ടിലേക്ക് അയച്ചു കൊടുത്തു തുടങ്ങുക. അതിനിടെ പ്രമുഖ നിർമാതാക്കൾ പലരും വിട്ടു നിൽക്കുന്നതിനിടയിലും ഓട്ടോ എക്സ്പോയിലെ സ്റ്റാളുകൾ മുഴുവൻ വിറ്റഴിഞ്ഞെന്നു സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഭ്യമായിരുന്ന 7,000 ചതുരശ്ര മീറ്റർ സ്ഥലവും വിവിധ നിർമാതാക്കൾ സ്വന്തമാക്കിയെന്നായിരുന്നു സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സി(സയാം)ന്റെ പ്രഖ്യാപനം.

അടുത്ത ഓട്ടോ എക്സ്പോയ്ക്കില്ലെന്നു ബജാജ് ഓട്ടോ, ഹാർലി ഡേവിഡ്സൻ, റോയൽ എൻഫീൽഡ്, സ്കോഡ ഓട്ടോ, വോൾവോ, വോൾവോ കാഴ്സ്, ഡെയ്മ്ലർ തുടങ്ങിയ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഓട്ടോ എക്സ്പോയുടെ മുൻപതിപ്പുകളിൽ സജീവ സാന്നിധ്യമായിരുന്ന നിർമാതാക്കളുടെ പിൻമാറ്റം പ്രദർശനത്തിനു മങ്ങലേൽപ്പിക്കുമോയെന്നും ആശങ്കയുണ്ടായിരുന്നു.നാൽപതിലേറെ വാഹന നിർമാതാക്കൾ 2016 ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ 22 യാത്രാവാഹന — വാണിജ്യ വാഹന നിർമാതാക്കളും 18 ഇരുചക്ര, ത്രിചക്രവാഹന നിർമാതാക്കളും ഉൾപ്പെടും. ചില വൈദ്യുത വാഹന നിർമാതാക്കളും എക്സ്പോയിൽ പങ്കെടുക്കാൻ രംഗത്തുണ്ട്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.