Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോയ്ക്കു പകരം ഇനി വൈദ്യുത കാറെന്ന് ശ്രീലങ്ക

electric-car

ഓട്ടോ റിക്ഷകൾക്കു പകരം വൈദ്യുത കാറുകൾ നിരത്തിലിറക്കാനുള്ള ശ്രീലങ്കൻ ബജറ്റിലെ നിർദേശം ഇന്ത്യൻ ത്രിചക്രവാഹന നിർമാതാക്കൾക്കു തിരിച്ചടിയായേക്കും. നിലവിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ത്രിചക്ര വാഹനങ്ങളാണു ശ്രീലങ്കൻ നിരത്തു വാഴുന്നത്. വൈദ്യുത കാറുകൾ പ്രോത്സാഹിപ്പിക്കാൻ എക്സൈസ് ഡ്യൂട്ടി ഇളവിനൊപ്പം ഇത്തരം വാഹനം വാങ്ങാനുള്ള വായ്പകൾക്ക് പലിശ ഇളവും അനുവദിക്കാനാണു ശ്രീലങ്കൻ ധനമന്ത്രി രവി കരുണനായകെ അവതരിപ്പിച്ച 2017ലെ ബജറ്റിലുള്ള നിർദേശം. വൈദ്യുത കാറുകളും ട്രാക്ടറുകളും ഒഴികെയുള്ള വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നികുതിക്കൊപ്പം വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്കുള്ള ഫീസും ഈടാക്കാനാണു പദ്ധതി.

രാജ്യത്ത് 13 ലക്ഷത്തോളം ത്രിചക്രവാഹനങ്ങളുണ്ടെന്ന് കരുണനായകെ വെളിപ്പെടുത്തി. ഇത്തരം വാഹനങ്ങളാണ് അപകടസാധ്യതയിൽ മുന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം വാഹനങ്ങൾക്കു പകരം വൈദ്യുത കാറുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തുടക്കമെന്ന നിലയിൽ കൊളംബോ ജില്ലയിൽ 1,000 വൈദ്യുത കാർ വാങ്ങാൻ ബാങ്കുകളിൽ നിന്നു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുമെന്നു കരുണനായകെ അറിയിച്ചു. പലിശ നിരക്കിന്റെ പകുതിയാണു സർക്കാർ സബ്സിഡിയായി അനുവദിക്കുക; ഇതിനായി ബജറ്റിൽ 20 കോടി ശ്രീലങ്കൻ രൂപ(ഏകദേശം 9.10 കോടി രൂപ) നീക്കിവച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ഓട്ടോറിക്ഷ വിപണിയിൽ ഇന്ത്യൻ ത്രിചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോയ്ക്കാണ് ആധിപത്യം.  

Your Rating: