Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകാത്തയുടെ വീഴ്ച മുതലെടുക്കാനൊരുങ്ങി ഓട്ടോലിവ്

autoliv

എയർബാഗ് വിവാദത്തിൽ ജപ്പാനിലെ തകാത്ത കോർപറേഷനു നേരിട്ട തിരിച്ചടി മുതലെടുക്കാൻ എതിരാളികളും സ്വീഡിഷ് കാർ സുരക്ഷാ ഉപകരണ നിർമാതാക്കളുമായ ഓട്ടോലിവ് ഒരുങ്ങുന്നു. ഇത്രയും കാലം കമ്പനിക്ക് പ്രവേശനം ലഭിക്കാതെ പോയ ജാപ്പനീസ് വിപണിയിൽ സ്വാധീനം ഉറപ്പിക്കാനുള്ള അവസരമായാണ് ഇപ്പോഴത്തെ എയർബാഗ് വിവാദത്തെ ഓട്ടോലിവ് കാണുന്നത്.

എയർബാഗും സീറ്റ് ബെൽറ്റും പോലുള്ള സുരക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ ആദ്യ സ്ഥാനക്കാരാണ് ഓട്ടോലിവ്. എന്നിട്ടും ദശാബ്ദങ്ങളായി തുടർന്നു വരുന്ന ബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപ്പിക്കുന്ന ‘കിരേറ്റ്സു’ സംസ്കാരത്തെ വിലമതിക്കുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ ഇതുവരെ തകാത്ത കോർപറേഷനാണു പ്രഥമ പരിഗണന നൽകിയിരുന്നത്. പക്ഷേ നിർമാണ പിഴവുള്ള എയർബാഗ് ഇൻഫ്ളേറ്ററുകളുടെ പേരിൽ തകാത്ത കോർപറേഷൻ പഴി കേട്ടതോടെ ജാപ്പനീസ് വാഹന നിർമാതാക്കൾ മാറ്റത്തിനു സന്നദ്ധരാണെന്നാണ് ഓട്ടോലിവിന്റെ വിലയിരുത്തൽ. തകാത്ത കോർപറേഷൻ നിർമിച്ചു നൽകുന്ന, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുകൾ മേലിൽ ഉപയോഗിക്കില്ലെന്നു ടൊയോട്ട മോട്ടോർ കോർപറേഷനും ഹോണ്ട മോട്ടോർ കമ്പനിയും മസ്ദയും നിസ്സാനും ‘സുബാരു’വിന്റെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സുമൊക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Autoliv-2

യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) തകാത്തയ്ക്ക് 20 കോടി ഡോളർ (ഏകദേശം 1323.60 കോടി രൂപ) പിഴ ചുമത്തിയതോടെയാണു ജപ്പാനിലെ മുൻനിര കാർ നിർമാതാക്കൾ കമ്പനിക്കെതിരെ കടുത്ത നിലപാടിലേക്കു നീങ്ങിയത്. സുരക്ഷ ഉറപ്പാക്കേണ്ട എയർബാഗുകളുടെ നിർമാണത്തിൽ സംഭവിച്ച വീഴ്ച വർഷങ്ങളോളം മറച്ചുവച്ചതിനാണ് തകാത്ത കോർപറേഷന് എൻ എച്ച് ടി എസ് എ പിഴ വിധിച്ചത്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോർപറേഷനെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു നയിച്ചത്. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർക്ക് അപകടഭീഷണി നേരിടുന്നത്.

Takata

പോരെങ്കിൽ എയർബാഗ് ഇൻഫ്ളേറ്ററിൽ സ്ഫോടനസാധ്യതയുള്ള അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്ന എക നിർമാതാവും തകാത്തയാണ്. തകാത്ത നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് പതിനൊന്നോളം നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്.തകാത്ത കോർപറേഷനിൽ 1.2% ഓഹരി പങ്കാളിത്തമുണ്ടായിട്ടും കമ്പനിയോടുള്ള നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഹോണ്ടയുടെ പ്രഖ്യാപനമാണ് ഓട്ടോലിവിന് ഏറെ പ്രതീക്ഷ പകരുന്നത്. ഒരുമിച്ചു വളർന്ന രണ്ടു കമ്പനികളാണു ഹോണ്ടയും തകാത്തയും; അതുകൊണ്ടുതന്നെ ഓട്ടോലിവിനെ സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ പുറത്താക്കുന്നതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തപ്പെടുന്നു.

വിവാദത്തെ തുടർന്നു തിരിച്ചുവിളിച്ച കാറുകളിൽ ഘടിപ്പിക്കാനായി അധിക എയർബാഗുകൾ ഉൽപ്പാദിപ്പിക്കാൻ ഒൻപതു കോടി ഡോളർ(594 കോടിയോളം രൂപ) നിക്ഷേപിക്കാൻ ഓട്ടോലിവ് തീരുമാനിച്ചുകഴിഞ്ഞു. തകാത്തയുടെ എയർബാഗ് മാറ്റിനൽകാനായി ഇക്കൊല്ലവും അടുത്ത കൊല്ലവുമായി ഹോണ്ടയ്ക്ക് രണ്ടു കോടിയോളം യൂണിറ്റുകളാവും ഓട്ടോലിവ് നിർമിച്ചു നൽകുക.