Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016ലെ വാഹന കയറ്റുമതിയിൽ 5% ഇടിവ്

HYUNDAI MOTOR-OUTLOOK/

രാജ്യത്തു നിന്നുള്ള വാഹന കയറ്റുമതിയിൽ കഴിഞ്ഞ വർഷം അഞ്ചു ശതമാനത്തോളം ഇടിവ് നേരിട്ടു. ലാറ്റിൻ അമേരിക്കയും ആഫ്രിക്കയും പോലുള്ള പ്രധാന വിപണികളിൽ ഇരുചക്ര, ത്രിചക്ര വാഹന വിൽപ്പന കുറഞ്ഞതാണു മൊത്തത്തിലുള്ള കയറ്റുമതിക്കു തിരിച്ചടി സൃഷ്ടിച്ചത്. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് 2016ൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി 34,34,322 യൂണിറ്റായിരുന്നു. 2015ൽ കയറ്റുമതി ചെയ്ത 36,14,851യൂണിറ്റിനെ അപേക്ഷിച്ച് 4.99% കുറവാണിത്. ഇരുചക്ര, ത്രിചക്ര വാഹന കയറ്റുമതിയിലെ ഇടിവാണു കയറ്റുമതി രംഗത്തു രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്. യാത്രവാഹന, വാണിജ്യ വാഹന വിഭാഗങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരുചക്ര, ത്രിചക്ര കയറ്റുമതിയിലെ ഇടിവിനെ അതിജീവിക്കാനായില്ല.

ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും നാണ്യപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതും ആ രാജ്യങ്ങളിലെ കറൻസിക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെയാണ് ഇരുചക്ര, ത്രിചക്ര വാഹന കയറ്റുമതിക്കു വിനയായത്. ഇന്ത്യയിൽ നിർമിച്ച 2,88,732 ത്രിചക്ര വാഹനങ്ങളാണു 2016ൽ കയറ്റുമതി വഴി വിദേശത്തേക്കു പോയത്. 2015ൽ കയറ്റുമതി ചെയ്ത 4,24,881 യൂണിറ്റിനെ അപേക്ഷിച്ച് 32.04% കുറവാണിത്. ഇരുചക്രവാഹന കയറ്റുമതിയിലാവട്ടെ 6.76% ആണ് ഇടിവ്; 2015ൽ 24,60,471 യൂണിറ്റ് കയറ്റുമതി ചെയ്തത് കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് 22,94,123 എണ്ണമായി കുറഞ്ഞു. മോട്ടോർ സൈക്കിൾ കയറ്റുമതി 2015ലെ 22,25,837 എണ്ണത്തിൽ നിന്നു കഴിഞ്ഞ വർഷം 19,81,927 യൂണിറ്റായി കുറഞ്ഞു: 10.96% ഇടിവ്.

അതേസമയം സ്കൂട്ടർ കയറ്റുമതിയിൽ 33.95% വളർച്ച കൈവരിക്കാൻ വിവിധ നിർമാതാക്കൾക്കു കഴിഞ്ഞു. 2015ൽ 2,19,724 സ്കൂട്ടർ കയറ്റുമതി ചെയ്തത് കഴിഞ്ഞ വർഷം 2,94,318 എണ്ണമായി ഉയർന്നു. യാത്രാവാഹന വിഭാഗത്തിന്റെ കയറ്റുമതിയിലാവട്ടെ 17.13% ആണു വളർച്ച. 2015ൽ 6,30,474 യൂണിറ്റായിരുന്ന കയറ്റുമതി കഴിഞ്ഞ വർഷം 7,38,454 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹന കയറ്റുമതിയിലാണ് എറ്റവുമധികം മുന്നേറ്റം: 52.62% വളർച്ച. 2015ൽ 1,02,411 യു വികൾ കയറ്റുമതി ചെയ്തത് കഴിഞ്ഞ വർഷം 1,56,295 ആയി ഉയർന്നു. കാർ കയറ്റുമതിയിലും 10.12% വർധന രേഖപ്പെടുത്തി. 2015ൽ 5,26,385 കാർ കയറ്റുമതി ചെയ്തത് കഴിഞ്ഞ വർഷം 5,79,635 എണ്ണമായി. വാൻ കയറ്റുമതിയാവട്ടെ 50.42% വളർച്ചയോടെ 2,524 യൂണിറ്റായി ഉയർന്നു. 

Your Rating: