Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ നഗരത്തിന് ഓട്ടോകളോടു പ്രിയം ഇടിയുന്നു

നഗരവാസികൾക്ക് ടാക്സി കാറുകളോടു താൽപര്യമേറിയതോടെ ചെന്നൈയിൽ റജിസ്റ്റർ ചെയ്ത ഓട്ടോറിക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷം ചെന്നൈയിൽ 2,850 ഓട്ടോറിക്ഷകളാണു പുതുതായി റജിസ്ട്രേഷൻ നേടി പുറത്തിറങ്ങിയത്; 2014 — 15ൽ 4,410 ഓട്ടോറിക്ഷകൾ റജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്. 2009നു ശേഷം ഇതാദ്യമായാണ് പുതിയ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷനിൽ ഇത്രയും കനത്ത ഇടിവു നേരിടുന്നത്. അതേസമയം, ആറു പേർക്കു യാത്ര ചെയ്യാവുന്ന ടാക്സി കാറുകളുടെ എണ്ണമാവട്ടെ കുതിച്ചുയരുകയും ചെയ്ത. 2014 — 15ൽ ഇത്തരം 4,310 ടാക്സികൾക്കു റജിസ്ട്രേഷൻ അനുവദിച്ച സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം പുറത്തെത്തിയത് 6,940 ആറു സീറ്റുള്ള ടാക്സി കാറുകളാണെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി(എസ് ടി എ)യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏഴു മുതൽ 12 പേർക്കു വരെ യാത്ര ചെയ്യാവുന്ന മാക്സി കാബുകളുടെ എണ്ണത്തിലും നേരിയ വർധനയുണ്ട്. 2015 — 16ൽ ഇത്തരത്തിലുള്ള 2,270 വാഹനങ്ങളാണു പുതിയ റജിസ്ട്രേഷൻ നേടിയത്. പുതിയ പെർമിറ്റിനുള്ള വിലക്ക് സർക്കാർ നീക്കിയതിനെ തുടർന്ന് 2010ൽ ഓട്ടോറിക്ഷ റജിസ്ട്രേഷൻ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അക്കൊല്ലം 18,700 പുതിയ ഓട്ടോറിക്ഷകളാണു പുതുതായി ചെന്നൈ നഗരവീഥികളിൽ ഇറങ്ങിയത്. 2016 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് 74,026 ഓട്ടോറിക്ഷകളാണു ചെന്നൈയിൽ സർവീസ് നടത്തുന്നത്. 2013ൽ നിലവിൽ വന്ന പുതിയ നിരക്ക് പ്രകാരം 1.8 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 25 രൂപയാണു നഗരത്തിലെ കുറഞ്ഞ നിരക്ക്; തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വീതം നൽകണം. പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതു മരവിപ്പിച്ചതും നിലവിലുള്ള ഓട്ടോ ഡ്രൈവർമാർ ടാക്സികളിലേക്കു മുന്നേറിയതുമൊക്കെ ഈ ഇടിവിനു കാരണമായെന്നാണു ട്രേഡ് യൂണിയനുകളുടെ വിശദീകരണം.

ത്രിചക്ര ഓട്ടോറിക്ഷ ഓടിക്കുന്നവർക്കു കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ പലരും ടാക്സി ഡ്രൈവർമാരായി മാറുന്നുണ്ടെന്നു സി ഐ ടി യു ആഭിമുഖ്യത്തിലുള്ള തമിഴ്നാട് ഓട്ടോ ഡ്രൈവർ ഫെഡറേഷൻ പ്രസിഡന്റ് എം എസ് രാജേന്ദ്രൻ വിശദീകരിക്കുന്നു. തമിഴ്നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കാൻ പ്രത്യേക ലൈസൻസില്ല; പകരം എൽ എം വി വിഭാഗത്തിലാണ് ത്രിചക്രവാഹനങ്ങളുടെ സ്ഥാനം. അതിനാൽ ഓട്ടോ ഡ്രൈവർമാർക്ക് എളുപ്പത്തിൽ ടാക്സി കാറിലേക്കു മാറാനാവുമെന്ന് അദ്ദേഹം കരുതുന്നു. അതേസമയം ഷെയർ ഓട്ടോറിക്ഷകൾ പെരുകുന്നതു മൂലമാണ് സാധാരണ ഓട്ടോറിക്ഷകളുടെ റജിസ്ട്രേഷനിൽ ഇടിവു നേരിടുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ബസ് സൗകര്യമില്ലാത്ത മേഖലകളിൽ ഷെയർ ഓട്ടോ സർവീസ് ഏറെ ഗുണകരമായിട്ടുണ്ടെന്നും ഗതാഗത വകുപ്പ് കരുതുന്നു. സാധാരണ ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ഇവയ്ക്ക് നിരക്കും കുറവാണ്; ഓരോ യാത്രക്കാരനോടും 10 — 20 രൂപ വീതമാണു ഷെയർ ഓട്ടോറിക്ഷകൾ ഈടാക്കുന്നത്.  

Your Rating: