Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഞ്ചറിൽ കുതിക്കാൻ ഒരുങ്ങി കേരള പൊലീസും

avenger-street-wild-green-bike അവഞ്ചർ 150

തെലങ്കാന പൊലീസ് സൂപ്പർ ബൈക്കുകൾ സ്വന്തമാക്കാൻ തയാറെടുക്കുമ്പോൾ അവഞ്ചർ 150, പൾസർ 220 എന്നീ പെർഫോമൻസ് ബൈക്കുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള പൊലീസ്. രണ്ടു മോഡലുകളും ചേർത്തു മൊത്തം 50 വണ്ടികളാണ് ബജാജ് കമ്പനിയിൽ നിന്നു പൊലീസ് വാങ്ങുന്നത്. മാർച്ച് അവസാനത്തോടെ ഇവയെ നിരത്തിലിറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ സംസ്ഥാന പൊലീസ് ഉപയോഗിക്കുന്ന പെർഫോമൻസ് ബൈക്കുകൾ ബജാജ് പൾസർ 220 (വേർഷൻ വൺ), ഹീറോ കരിസ്മ ആർ, ഹീറൊ അച്ചീവർ 150, ടിവിഎസ് അപ്പാച്ചെ 180 എന്നിവയാണ്. പുതിയ വണ്ടികൾ പഴയവയ്ക്കൊപ്പം സേവനം ചെയ്യും. വിവിഐപി എസ്കോർട്ട്, ഹൈവേ പട്രോൾ, റാപ്പിഡ് ആക്​ഷൻ ഫോഴ്സ് എന്നിവയ്ക്കായി നിലവിൽ കേരള പൊലീസ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് പൊലീസ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം മേധാവി എസ്പി കെ. അജിത്ത് പറഞ്ഞു. ഇത്തരം ആവശ്യങ്ങൾക്കായി ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ പോലെ ശക്തി കൂടിയ കാറുകളാണ് ഉപയോഗിക്കുന്നത്. സൂപ്പർബൈക്കുകൾ വാങ്ങാൻ പദ്ധതിയില്ലാത്തത് ഇതുകൊണ്ടുകൂടിയാണ്.

പെർഫോമൻസ് ബൈക്കുകൾക്കു പുറമെ 100 സിസി വിഭാഗത്തിൽപ്പെടുന്ന ലൈറ്റ് വെയിറ്റ് ബൈക്കുകളായ സുസുക്കി ഹയാതെ, ഹീറൊ എച്ച്എഫ് ഡീലക്സ്, ഹോണ്ട ആക്ടീവ, ഹീറൊ പ്ലഷർ എന്നിവയും വിവിധോദ്ദേശ വാഹനങ്ങൾ എന്ന നിലയ്ക്ക് പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഹൈ പെർഫോമൻസ് ബൈക്കുകൾ എന്ന വിഭാഗത്തിൽപ്പെടുത്തി വർഷങ്ങൾക്കു മുൻപ് വാങ്ങിയ വലതുവശത്തു ഗിയർലീവറുള്ള ബുള്ളറ്റുകൾ (പഴയ മോഡൽ) പാലക്കാട് അടക്കമുള്ള ചില ജില്ലകളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

bajaj-pulsar-dual-tone-220-bike പൾസർ 220

അവഞ്ചർ 150, പൾസർ 220 എന്നീ ബൈക്കുകൾ യഥാക്രമം 14.5, 20 ബിഎച്ച്പി കരുത്തുള്ള ബജാജിന്റെ ഡിജിറ്റൽ ട്വിൻ സ്പാർക് ഇൻജക്‌ഷൻ (ഡിറ്റിഎസ് ഐ) എൻജിനാണ് ഉപയോഗിക്കുന്നത്. അവഞ്ചറിന്റെ കൂടിയ വേഗം മണിക്കൂറിൽ 110 കിലോമീറ്ററും പൾസറിന്റേത് 130 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കുന്നു. പൾസർ 220യുടെ ഫെയറിങ് ഉള്ള മോഡലാണ് പൊലീസിനു ലഭിക്കുക.