Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വർഷത്തെ ഇൻഷുറൻസുമായി ബജാജ് അലയൻസ്

bajaj-allianz

കൃത്യസമയത്ത് ഇരുചക്രവാഹന ഇൻഷുറൻസ് പുതുക്കാൻ മറക്കുന്നവർക്കായി പുത്തൻ പദ്ധതിയുമായി സ്വകാര്യ നോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് രംഗത്ത്. സാധാരണ കമ്പനികൾ ഒരു വർഷ കാലാവധിയുള്ള പോളിസികൾ നൽകുമ്പോൾ ഇരുചക്രവാഹനങ്ങൾക്കു മൂന്നു വർഷ കാലാവധിയുള്ള ഇൻഷുറൻസ് അനുവദിക്കാമെന്നാണു ബജാജ് അലയൻസിന്റെ വാഗ്ദാനം. പോരെങ്കിൽ 24 മണിക്കൂറും ലഭ്യമാവുന്ന റോഡ്സൈഡ് അസിസ്റ്റൻസ് സർവീസ് സഹിതമാണു കമ്പനി ഈ പോളിസി അവതരിപ്പിക്കുന്നത്. മാത്രമല്ല, അടുത്ത ഒരു വർഷത്തിനിടെ വനിതാ ഇടപാടുകാർക്ക് റോഡ്സൈഡ് അസിസ്റ്റൻസ് സർവീസ് സൗജന്യമായി ലഭ്യമാക്കുമെന്നും ബജാജ് അലയസൻസിന്റെ വാഗ്ദാനമുണ്ട്. കവറേജ് മൂന്നു വർഷം തുടരുമെന്നതിനാൽ ഇപ്പോഴത്തെ പോളിസികളെ പോലെ 12 മാസം കൂടുമ്പോൾ ഇൻഷുറൻസ് പുതുക്കേണ്ട എന്നതാണു ബജാജ് അലയൻസ് അവതരിപ്പിക്കുന്ന പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. പോരെങ്കിൽ പോളിസി പ്രാബല്യത്തിലുള്ള കാലത്തിനിടെ നടപ്പാവുന്ന നിരക്ക് വർധന വാഹന ഉടമയെ ബാധിക്കില്ലെന്ന നേട്ടവുമുണ്ട്.

വാഹനങ്ങൾക്കുള്ള തേഡ് പാർട്ടി പ്രീമിയം വർഷം തോറും ഉയരുന്ന സാഹചര്യത്തിൽ ഈ ദീർഘകാല പോളിസി വാഹന ഉടകൾക്കു ഗണ്യമായ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്നാണു ബജാജ് അലയൻസിന്റെ അവകാശവാദം. ഓരോ വർഷം കാലാവധിയുള്ള പോളിസിയെ അപേക്ഷിച്ചു പ്രീമിയത്തിൽ വൻകിഴിവാണ് ഈ മൂന്നു വർഷത്തെ ഇൻഷുറൻസ് പദ്ധതി ഉറപ്പു നൽകുന്നതെന്നു ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ തപൻ സിംഘൽ അഭിപ്രായപ്പെട്ടു. 24 മണിക്കൂറും ആശ്രയിക്കാവുന്ന റോഡ്സൈഡ് അസിസ്റ്റൻസ് സേവനം ഇരുചക്രവാഹന ഉടമകൾക്കും ലഭ്യമാവുന്നു എന്നതാണ് ഈ പോളിസിയുടെ മറ്റൊരു പുതുമയെന്ന് അദ്ദേഹം കരുതുന്നു. വനിതകളുടെ യാത്രകൾ ആയാസരഹിതവും സുരക്ഷിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യ വർഷം അവർക്ക് റോഡ്സൈഡ് അസിസ്റ്റൻസ് സേവനം സൗജന്യമായി അനുവദിക്കുന്നതെന്നും സിംഘൽ വിശദീകരിച്ചു. പോളിസി പുതുക്കുമ്പോൾ അധിക നോ ക്ലെയിം ബോണസ് ലഭിക്കുന്നതിനൊപ്പം ഇടയ്ക്ക് നഷ്ടപരിഹാരം വാങ്ങിയാൽ പോലും ഈ ആനുകൂല്യം നിഷേധിക്കില്ലെന്ന സവിശേഷതയുമുണ്ടെന്നു സിംഘൽ വിശദീകരിക്കുന്നു.

പഞ്ചറായ ടയറും ‘പണി മുടക്കിയ’ ബാറ്ററിയും മാറ്റാൻ മാത്രമല്ല അത്യാവശ്യഘട്ടത്തിൽ പെട്രോൾ എത്തിച്ചുനൽകാനും റോഡ്സൈഡ് അസിസ്റ്റൻസ് സംവിധാനത്തെ ആശ്രയിക്കാം. സ്പെയർ കീ, ടോയിങ്, ചെറുകിട അറ്റകുറ്റപ്പണി, നിയമോപദേശം, താമസസൗകര്യം, തുടർയാത്രയ്ക്കായി ടാക്സി ഏർപ്പെടുത്തൽ, അടിയന്തരഘട്ടത്തിൽ വൈദ്യസഹായം എത്തിക്കൽ എന്നിവയൊക്കെ ഈ പദ്ധതിയിൽ ലഭ്യമാവും. ആദ്യഘട്ടത്തിൽ രാജ്യത്തെ 80 നഗരങ്ങളിലാണു ബജാജ് അലയൻസ് റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.