Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ വില വർധിപ്പിക്കാൻ ബജാജും

bajaj-dominar-1 Dominar

പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഉൽപ്പാദന ചെലവേറിയതിനൊപ്പം ഉൽപന്ന ശ്രേണി പൂർണമായും ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്ക് ഉയർത്താൻ കൂടി ലക്ഷ്യമിട്ടാണു വാഹന വില വർധിപ്പിക്കുന്നതെന്നു കമ്പനി വിശദീകരിക്കുന്നു. അടുത്ത മാസം മുതൽ വിവിധ മോഡലുകളുടെ വിലയിൽ 700 മുതൽ 1,500 രൂപ വരെയാണു വർധിക്കുകയെന്നും ബജാജ് ഓട്ടോ അറിയിച്ചു. രാജ്യത്തെ ഇരുചക്രവാഹന നിർമാതാക്കളെല്ലാം അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) എറിക് വാസ് വെളിപ്പെടുത്തി. ഇന്ത്യയിൽ ഈ നിലവാരം കൈവരിക്കുന്ന ആദ്യ നിർമാതാക്കളായി മാറാനാണു ബജാജ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ചില മോഡലുകൾ ഇപ്പോൾ തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിച്ചിട്ടുണ്ട്. അടുത്ത മാസം മധ്യത്തോടെ അവശേഷിക്കുന്ന മോഡലുകളെയും ഈ നിലവാരത്തിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വാസ് അറിയിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള തീരുമാനത്തിന്റെ ഫലമായി 700 — 1,500 രൂപ വർധന നടപ്പാവുമെന്നും വാസ് വിശദീകരിച്ചു.എണ്ണയുടെയും വിവിധ ഉൽപന്നങ്ങളുടെയും വിലയേറിയതോടെ ഇരുചക്രവാഹന നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധന നേരിട്ടിട്ടുണ്ട്. ഈ അധിക ബാധ്യത കൂടി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ പ്രഖ്യാപിച്ച വില വർധന. അതേസമയം അടുത്തയിടെ വിപണിയിലെത്തിയ ‘ഡൊമിനർ 400’ പോലുള്ള മോഡലുകൾക്ക് വില വർധന ബാധകമാവില്ലെന്നും വാസ് അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ ഇരുചക്രവാഹനങ്ങൾക്ക് ഭാരത് സ്റ്റേജ് മൂന്ന് നിലവാരമാണു പ്രാബല്യത്തിലുള്ളത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ പുറത്തെത്തിയ പുതിയ ഇരുചക്രവാഹനങ്ങൾക്കെല്ലാം ഭാരത് സ്റ്റേജ് നാല് നിലവാരം ബാധകമാക്കിയിരുന്നു. നിലവിലുള്ള മോഡലുകൾ 2017 ഏപ്രിലോടെ പുതിയ നിലവാരം കൈവരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനിടെ രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വാഹന വില വർധിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടേയ് മോട്ടോർ, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, നിസ്സാൻ, റെനോ, മെഴ്സീഡിസ് ബെൻസ്, ഹോണ്ട കാഴ്സ് തുടങ്ങിയ നിർമാതാക്കളെല്ലാ വില വർധന നടപ്പാക്കുമെന്നു വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതു വരെ വില വർധന പ്രഖ്യാപിച്ചിട്ടില്ല.

Your Rating: