Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവഞ്ചറിനു’ പുതുവകഭേദങ്ങളുമായി ബജാജ് ഓട്ടോ

bajaj-avenger-street-220 Bajaj Avenger Street 220

രാജ്യത്തെ ക്രൂസ് ബൈക്കിങ് ആരാധകരെ ലക്ഷ്യമിട്ടു ബജാജ് ഓട്ടോ ലിമിറ്റഡ് ‘അവഞ്ചർ’ ശ്രേണിയിൽ മൂന്നു പുതിയ വകഭേദങ്ങൾ പുറത്തിറക്കി. ‘220 ക്രൂസി’നും ‘220 സ്ട്രീറ്റി’നും 84,000 രൂപയാണു ഡൽഹിയിലെ ഷോറൂം വില. ‘150 സ്ട്രീറ്റി’നാവട്ടെ 75,000 രൂപയും. പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിൽ നിന്നെത്തുന്ന ഈ ബൈക്കുകളിൽ പുത്തൻ ഇൻസിഗ്നിയ, ഗ്രാഫിക്സ്, സ്റ്റൈലിങ് എന്നിവയൊക്കെ ബജാജ് ലഭ്യമാക്കുന്നുണ്ട്. പിൻ സസ്പെൻഷൻ പരിഷ്കരിച്ചതിനൊപ്പം എൻജിന് ഓയിൽ കൂളിങ് സംവിധാനവും ഏർപ്പെടുത്തി.

bajaj-avenger-cruise Bajaj Avenger Cruise

‘അവഞ്ചർ 220’ ബൈക്കിലെ 220 സി സി, ഡി ടി എസ് ഐ എൻജിന് 19 പി എസ് വരെ കരുത്തും 17.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ‘അവഞ്ചർ 150 സ്ട്രീറ്റി’ലെ 150 സി സി, ഡി ടി എസ് ഐ എൻജിനാവട്ടെ 14.5 പി എസ് വരെ കരുത്തും 12.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. കടന്നു പോയ വർഷങ്ങൾക്കിടെ ക്രൂസർ വിഭാഗം സ്ഥിരമായ വളർച്ചയാണു കൈവരിച്ചതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ് ബിസിനസ്) എറിക് വാസ് അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിലെ സാധ്യതകൾ മുതലെടുക്കാൻ ലക്ഷ്യമിട്ടാണ് ‘അവഞ്ചർ’ ശ്രേണിയിൽ ‘സ്ട്രീറ്റ്’ എന്ന പുതുവകഭേദത്തിന്റെ വരവ്.

ജനപ്രീതിയാർജിച്ച 150 സി സി വിഭാഗത്തിലും ‘സ്ട്രീറ്റ്’ ലഭ്യമാക്കുന്നത് ക്രൂസർ വിഭാഗത്തിന്റെ വിപുലീകരണത്തിനു വഴി തെളിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യവസായത്തിന്റെ വളർച്ചയെ സഹായിക്കാൻ പോന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ളതുമായ വകഭേദങ്ങളാണ് ഇപ്പോൾ അവതരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ അവതരണങ്ങളുടെ പിൻബലത്തിൽ ‘അവഞ്ചർ’ ശ്രേണിയുടെ പ്രതിമാസ വിൽപ്പന 20,000 യൂണിറ്റിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

bajaj-avenger-street-150 Bajaj Avenger Street 150

രാജ്യത്തെ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ മൊത്തത്തിൽ ഇടിവു നേരിടുന്നതിനിടയിലാണ് ബജാജ് ‘അവഞ്ചറി’നു പുതുവകഭേദങ്ങൾ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 53.64 ലക്ഷം ബൈക്കുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്; 2014ൽ ഇതേ കാലത്തെ വിൽപ്പനയെ അപേക്ഷിച്ച് നാലു ശതമാനത്തോളം കുറവാണിതെന്നാണു കണക്ക്.

ബജാജിനും ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്പോർട്സ് മോട്ടോർ സൈക്കിൾ വിൽപ്പന മാന്ദ്യത്തിലാണെന്നു വാസ് സ്ഥിരീകരിച്ചു. അതേസമയം, ഇതു പൊതുവേയുള്ള പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം ഒരു ലക്ഷം രൂപയിലേറെ വില മതിക്കുന്ന സൂപ്പർ സ്പോർട്സ് വിഭാഗം വിൽപ്പനയിൽ ഗണ്യമായ വർധനയുണ്ടെന്നും വാസ് അവകാശപ്പെട്ടു.