Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർണപ്പകിട്ടോടെ ബജാജ് ‘അവഞ്ചർ’ ശ്രേണി

bajaj-avenger-street-150-cosmic-red

ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ‘അവഞ്ചർ സ്ട്രീറ്റി’നു രണ്ടു പുതിയ നിറങ്ങൾ ലഭ്യമാക്കി: മാറ്റ് വൈൽഡ് ഗ്രീനും കോസ്മിക് റെഡും. മാറ്റ് വൈൽഡ് ഗ്രീൻ നിറത്തിലുള്ള ‘അവഞ്ചർ 220 സ്ട്രീറ്റും’ കോസ്മിക് റെഡ് ‘അവഞ്ചർ 150 സ്ട്രീറ്റും’ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തി. ‘അവഞ്ചർ 220 സ്ട്രീറ്റി’നു 85,497 രൂപയും ‘അവഞ്ചർ 150 സ്ട്രീറ്റി’നു 75,500 രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ഇതുവരെ മിഡ്നൈറ്റ് ബ്ലൂ നിറത്തിൽ മാത്രമാണു ‘അവഞ്ചർ 150 സ്ട്രീറ്റ്’ വിൽപ്പയ്ക്കെത്തിയിരുന്നത്; ‘അവഞ്ചർ 220 സ്ട്രീറ്റ്’ വിപണിയിലുള്ളതാവട്ടെ മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രവും.

കഴിഞ്ഞ വർഷമാണ് ബജാജ് ഓട്ടോ ‘അവഞ്ചർ 220 ക്രൂസ്’, ‘220 സ്ട്രീറ്റ്’, ‘150 സ്ട്രീറ്റ്’ എന്നിവ ഉൾപ്പെട്ട പുത്തൻ അവഞ്ചർ ശ്രേണി അവതരിപ്പിച്ചത്. ലോകോത്തര രൂപകൽപ്പനയുടെയും മികച്ച യാത്രാസുഖത്തിന്റെയും സമന്വയമായാണ് ‘അവഞ്ചർ’ അറിയപ്പെടുന്നതെന്ന് ബജാജ് ഓട്ടോ മോട്ടോർ സൈക്കിൾ ബിസിനസ് പ്രസിഡന്റ് എറിക് വാസ് അഭിപ്രായപ്പെട്ടു. പുതിയ നിറങ്ങളുടെ വരവോടെ ‘അവഞ്ചർ’ ശ്രേണിയുടെ കാഴ്ചപ്പൊലിമ വീണ്ടും ഉയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പുതുവർണങ്ങളുടെ വരവൊഴികെ സാങ്കേതികമായി ബൈക്കുകളിൽ ബജാജ് ഓട്ടോ മാറ്റമൊന്നും വരുത്തിയിട്ടില്ല.