Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജിന്റെ ‘ആർ ഇ 60’ വിദേശത്തേക്ക്; പേര് ‘ക്യൂട്ട്’

Bajaj RE 60 - Qute ക്യൂട്ട്

നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ബജാജ് ഓട്ടോയിൽ നിന്നുള്ള ക്വാഡ്രിസൈക്കിളായ ‘ആർ ഇ 60’ വിപണിയിലെത്തി. ‘ക്യൂട്ട്’ എന്നു പേരിട്ട നാലു ചക്ര വാഹനത്തിനു കമ്പനി പ്രഖ്യാപിച്ച ഫ്രീ ഓൺ ബോർഡ്(എഫ് ഒ ബി) വില 2,000 ഡോളർ(ഏകദേശം 1.35 ലക്ഷം രൂപ) ആണ്. വിദേശ ഇടപാടുകാരന്റെ ആവശ്യപ്രകാരം വാഹനം കപ്പലിൽ കയറ്റാൻ നിശ്ചയിക്കുന്ന വിലയാണ് എഫ് ഒ ബി; വിദേശ രാജ്യത്തെ നികുതിയും ഡ്യൂട്ടിയും അടിസ്ഥാനമാക്കി ഈ വിലയിൽ മാറ്റം വരും. സുപ്രീം കോടതിയിൽ നിലവിൽ പൊതുതാൽപര്യ ഹർജിയുടെ വാദം തുടരുന്നതിനാൽ ഇന്ത്യയിലെ നിയമ വ്യവസ്ഥകൾ തയാറാവാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ മാത്രമാവും ‘ക്യൂട്ടി’ന്റെ വിൽപ്പന.

ക്വാഡ്രിസൈക്കിൾ സംബന്ധിച്ച് എല്ലാം തീരുമാനിക്കപ്പെട്ടിട്ടും നിബന്ധനകൾ അംഗീകരിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ് അഭിപ്രായപ്പെട്ടു. ആരെങ്കിലും അംഗീകാരം നൽകുംവരെ ലോകമെങ്ങും നാലു ചക്ര വാഹനം(‘ക്യൂട്ട്) ഓടിക്കും, ഇന്ത്യയിൽ മൂന്നു ചക്രവാഹനം(ഓട്ടോറിക്ഷ) തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കി, ഇന്തൊനീഷ, ശ്രീലങ്ക, തായ്​ലൻഡ്, ബംഗ്ലദേശ്, കെനി, പെറു, ഇക്വഡോർ തുടങ്ങി 16 രാജ്യങ്ങളിലേക്കാണു ബജാജ് ‘ക്യൂട്ട്’ കയറ്റുമതി ചെയ്യുക. അടുത്ത മാസം ആദ്യത്തോടെ ഈ രാജ്യങ്ങളിലേക്ക് തുടക്കത്തിൽ 100 ‘ക്യൂട്ട്’ വീതം അയയ്ക്കാനാണു കമ്പനിയുടെ പദ്ധതി. ഔറംഗബാദ് ശാലയിൽ ഓട്ടോറിക്ഷകളും ‘ക്യൂട്ടു’മായി 55,000 യൂണിറ്റ് നിർമിക്കാനാവുമെന്നു ബജാജ് വെളിപ്പെടുത്തി. ആവശ്യം പരിഗണിച്ച് പ്രതിമാസം അഞ്ഞൂറോ ആയിരമോ അയ്യായിരമോ ‘ക്യൂട്ട്’ നിർമിക്കാനാവുംവിധമാണു ശാലയുടെ ഘടന.

വിദേശത്തെ വിപണനസാധ്യത പ്രയോജനപ്പെടുത്താൻ കമ്പനി തിരക്കുകൂട്ടില്ലെന്നും ബജാജ് വ്യക്തമാക്കി. 16 രാജ്യങ്ങളിലേക്ക് കൂടുതൽ ‘ക്യൂട്ട്’ കയറ്റുമതി ചെയ്യാൻ കമ്പനിക്കു പദ്ധതിയില്ല. അടുത്ത വർഷം മുതലാവും കയറ്റുമതി വർധിപ്പിക്കാനും വിപണി വികസിപ്പിക്കാനും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ പ്രതിമാസം 100 യൂണിറ്റ് വീതമാവും ബജാജ് ഓട്ടോ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുക. വിവിധ വിപണികളിൽ നിന്നുള്ള പ്രതികരണം വിലയിരുത്തിയാവും കയറ്റുമതിയിലെ വർധനയെന്നും ബജാജ് വിശദീകരിച്ചു. പുതിയ 217 സി സി, വാട്ടർ കൂൾഡ്, ഡി ടി എസ് ഐ നാലു വാൽവ് പെട്രോൾ എൻജിനാണു ‘ക്യൂട്ടി’നു കരുത്തേകുക. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘ക്യൂട്ടി’നു ബജാജ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 36 കിലോമീറ്ററാണ്. ക്ലോസ്ഡ് ലൂപ് ഫ്യുവൽ ഇഞ്ചക്ഷന്റെയും ട്രിപ്പിൾ സ്പാർക് ഇഗ്നീഷന്റെയും പിൻബലമുള്ള എൻജിനൊപ്പം അഞ്ചു സ്പീഡ് ഗീയർ ബോക്സാണു ട്രാൻസ്മിഷൻ.

യൂറോപ്യൻ ക്വാഡ്രിസൈക്കിൾ നിലവാരം പുലർത്തുന്ന ‘ക്യൂട്ടി’ന് അടുത്തയിടെ നെതർലൻഡ്സിലെ ആർ ഡി ഡബ്ല്യുവിൽ നിന്നു യൂറോപ്യൻ ഹോൾ വെഹിക്കിൾ ടൈപ് അപ്രൂവൽ(ഡബ്ല്യു വി ടി എ) അംഗീകാരം ലഭിച്ചിരുന്നു.