Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിലേക്കുള്ള ‘ബലേനൊ’ കയറ്റുമതി ഈ മാസം

Maruti Baleno Maruti Suzuki Baleno

പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി ഈ മാസം ആരംഭിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. പുതിയ കാർ സുസുക്കിയുടെ ജന്മനാടായ ജപ്പാൻ അടക്കമുള്ള വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യുമെന്ന് കഴിഞ്ഞ വർഷം ‘ബലേനൊ’ അവതരണവേളയിൽ തന്നെ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നതാണ്. ഒപ്പം ഇന്ത്യയിൽ നിർമിച്ച കാർ ഇതാദ്യമായാണു മാരുതി സുസുക്കി ജപ്പാനിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ കാർ വിപണിയിൽ കരുത്തിൽ നിന്നു കരുത്തിലേക്കു കുതിക്കുമ്പോഴും കയറ്റുമതി വിപണിയിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ മാരുതി സുസുക്കിക്കു കഴിഞ്ഞിരുന്നില്ലെന്നതാണു വസ്തുത. ‘സ്വിഫ്റ്റ്’, ‘സെലേറിയൊ’ തുടങ്ങിയവയൊക്കെ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഈ രംഗത്ത് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും മറ്റും നടത്തുന്ന പ്രകടനവുമായി താരതമ്യം ചെയ്താൽ മാരുതി സുസുക്കിയുടെ നേട്ടം നാമമാത്രമാണ്.

Maruti Baleno Maruti Suzuki Baleno

ഇന്ത്യയിൽ നിർമിച്ച ‘ഐ 20’, ‘ക്രേറ്റ’ തുടങ്ങിയവയിലൂടെ വിദേശ വിപണികളിൽ തകർപ്പൻ പടയോട്ടമാണു ഹ്യുണ്ടേയ് നടത്തുന്നത്. ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ കാര്യമായൊന്നും അവകാശപ്പെടാനില്ലെങ്കിലും ജപ്പാനിൽ നിന്നുള്ള നിസ്സാനും ഇന്ത്യയിൽ നിന്നു വൻതോതിൽ കാർ കയറ്റുമതി നടത്തുന്നുണ്ട്. മുമ്പ് പശ്ചിമ യൂറോപ്പിലേക്ക് ‘ഓൾട്ടോ’യും ‘എ സ്റ്റാറു’മൊക്കെ മാരുതി സുസുക്കി കയറ്റുമതി ചെയ്തിരുന്നു; പക്ഷേ കണക്കെടുക്കുമ്പോൾ ഹ്യുണ്ടേയിയുടെയോ നിസ്സാന്റെയോ കയറ്റുമതിയുമായി കിട പിടിക്കാൻ കമ്പനിക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം. ക്രമേണ നൂറോളം വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ നിർമിച്ച ‘ബലേനൊ’ വിൽപ്പനയ്ക്കെത്തിക്കുമെന്നു ജപ്പാനിലേക്കുള്ള കയറ്റുമതി ആരംഭിച്ച വേളയിൽ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. ‘ബലേനൊ’യുമായി യൂറോപ്പിലേക്കു തിരിച്ചെത്തുമ്പോൾ ഇറ്റലി, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, സ്പെയിൻ തുടങ്ങി വിവിധ പുതുവിപണികളിലേക്കു കൂടിയാണു കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

baleno-interior Maruti Suzuki Baleno

ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി തന്നെയാവും യൂറോപ്യൻ രാജ്യങ്ങളിലേക്കും മാരുതി സുസുക്കി ‘ബലേനൊ’ കയറ്റുമതി ചെയ്യുക. ഈ മാസം തന്നെ യൂറോപ്പിലേക്കുള്ള ‘ബലേനൊ’യുടെ ആദ്യ സംഘം കടൽ കടക്കുമെന്നാണു സൂചന. മുന്ദ്ര തുറമുഖത്തു നിന്നു തന്നെയാണു ജപ്പാനിലേക്കുള്ള ‘ബലേനൊ’യും കപ്പൽ കയറിയത്; ആദ്യ ബാച്ചിൽ 1,800 കാറുകളാണുണ്ടായിരുന്നത്. തുറമുഖ സാമീപ്യം പരിഗണിച്ചും കയറ്റുമതി സാധ്യത വിപുലീകരണം ലക്ഷ്യമിട്ടും ഗുജറാത്തിൽ സുസുക്കി മോട്ടോർ കോർപറേഷൻ പുതിയ കാർ നിർമാണശാലയും സ്ഥാപിക്കുന്നുണ്ട്.

maruti-baleno-front-view Maruti Suzuki Baleno

അടുത്ത മാസത്തോടെ ‘ബലേനൊ’ വിൽപ്പനയ്ക്കെത്തുന്നതിനു മുന്നോടിയായി ജപ്പാനിൽ നിന്നുള്ള ഇരുനൂറോളം ഡീലർമാർ മനേസാർ ശാല സന്ദർശിച്ചിരുന്നു. ‘ബലേനൊ’ ഉൽപ്പാദനം സംബന്ധിച്ചു വ്യക്തമായ ധാരണ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ പ്ലാന്റ് സന്ദർശനം. ആഭ്യന്തര വിപണിയിലും മികച്ച വരവേൽപ്പാണു ‘ബലേനൊ’യ്ക്കു ലഭിച്ചത്; നിലവിൽ എൺപതിനായിരത്തിലേറെ ബുക്കിങ്ങുകൾ ‘ബലേനൊ’യ്ക്കു ലഭിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ അവകാശവാദം. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവയെ നേരിടുന്ന ‘ബലേനൊ’ പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.