Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു ബാർബറുടെ പുതിയ വാഹനം 3.2 കോടിയുടെ ബെൻസ്

ramesh-babu-s600-1 Image Source: Facebook

ഒരു റോൾസ് റോയ്സ് ഗോസ്റ്റ്, പതിനൊന്ന് മെഴ്സഡീസ് ബെൻസ്, പത്ത് ബിഎംഡബ്ല്യു, മൂന്ന് ഔഡി, രണ്ട് ജാഗ്വർ പറഞ്ഞുവരുന്നത് ഏതെങ്കിലും ശതകോടീശ്വരന്റെ ഗ്യാരേജിന് അഭിമാനമായ കാറുകളെക്കുറിച്ചല്ല ബെംഗളൂരു സ്വദേശിയായ ബാർബർ രമേശ് ബാബുവിന്റെ കാറുകളെക്കുറിച്ചാണ്. ബെംഗളൂരുവിലെ ഇന്നര്‍ സ്‌പേസ് എന്ന ട്രെന്‍ഡ് സലൂണിന്റേയും രമേഷ് ടൂർ ആന്റ് ട്രാവൽസിന്റേയും ഉടമയായ രമേഷിന്റെ ഏറ്റവും പുതിയ വാഹനമാണ് മെഴ്സഡീസ് ബെൻസ് മെബാക്ക് എസ് 600. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 3.2 കോടി രൂപ വിലവരും. 6 ലീറ്റർ എന്‍ജിൻ ശേഷിയുള്ള വാഹനത്തിന് 530 ബിഎച്ച്പി കരുത്തും 830 എൻഎം ടോർക്കുമുണ്ട്.

ramesh-babu-s600 Image Source: Facebook

ഇരുന്നൂറിൽ അധികം വാഹനങ്ങളുള്ള രമേശ് ട്രാവൽസിന്റെ ഏറ്റവും പുതിയ വാഹനമാണ് മെബാക്ക് എസ് 600. 2011 ൽ റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ രമേശിന് ബിഎം‍ഡബ്ല്യു 7 സീരീസ്, ബെൻസ് എ ക്ലാസ് തുടങ്ങിയ അത്യാ‍ഡംബര വാഹനങ്ങളുണ്ട്. ബെംഗളൂരു നഗരത്തിലെത്തുന്ന സിനിമാ താരങ്ങളും ശതകോടീശ്വരന്മാരുമെല്ലാം രമേശിന്റെ കസ്റ്റമേഴ്സാണ്. എന്നാൽ ഇവരെല്ലാം രമേശിന്റെ അടുത്തെത്തുന്നത് മുടിവെട്ടാനല്ല, രമേശിന്റെ കാറുകൾ വാടകയ്ക്കെടുക്കാനാണ്.

ramesh-babu-2 Image Source: Facebook

ദാരിദ്ര്യത്തിൽനിന്ന് അതിസമ്പന്നതയിലേക്ക് പിടിച്ചുകയറിയ രമേശിന്റെ കഥ അത്ഭുതാവഹമാണ്. ബാർബറായിരുന്ന അച്ഛന്‍ 1979ല്‍ മരിക്കുമ്പോള്‍ രമേശിന് പ്രായം ഏഴു വയസ്. ബാർബർ ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലിചെയ്തുമാണ് രമേശടക്കം മൂന്നു കുട്ടികളെ അമ്മ വളർത്തിയത്. ഹയര്‍ സെക്കന്ററി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു.

ramesh-babu1 Image Source: Facebook

ബാർബർ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്രവിതരണം, ഫ്‌ളാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലി എന്നിവയൊക്കെ ചെയ്താണ് രമേശിന്റെ ജീവിതം മുന്നോട്ടുപോയത്. 1991ല്‍ ബ്രിഗേഡ് റോഡിലെ ഈ ഷോപ്പ് ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ നഗരത്തിലെ തിരക്കുള്ള ബാർബർ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരുക്കൂട്ടി വെച്ച കാശുമായി രമേശ് ഒരു മാരുതി ഓമ്‌നി വാങ്ങി. ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് ഇത് വാടക ഓട്ടത്തിന് നല്കി. രമേശിന്റെ ജീവിതം പിന്നീടങ്ങോട്ട് മാറുകയായിരുന്നു.

ramesh-babu-1 Image Source: Facebook

2004ൽ ആറു കാറുകള്‍ കൂടി രമേശ് സ്വന്തമാക്കി വാടകയ്ക്ക് നൽകി. ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളർന്നത്. 2011ൽ മൂന്ന് കോടി രൂപ മുതൽമുടക്കി റോൾസ് റോയ്സ് സ്വന്തമാക്കി.

ramesh-babu' Image Source: Facebook

കാറുകളുടെ എണ്ണം ഇരുനൂറിലെത്തുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേശ് ബാബു വന്ന വഴി മറക്കുന്നില്ല. ഇനി ബാംഗ്ലൂരില്‍ ചെന്നാല്‍ ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്‌പേസില്‍ ഒരു ഹെയര്‍ കട്ടാകാം. 150 രൂപയേ ഉള്ളൂ. കൂട്ടത്തില്‍ ഇരുനൂറ് കാറുകളും കാണാം.

Your Rating: