Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു നൂറ്റാണ്ടിന്റെ നിറവിൽ ബിഎംഡബ്ല്യു

bmw-dixi BMW Dixi

ലോകത്തെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ ബിഎംഡബ്ല്യു ഒരു നൂറ്റാണ്ടിന്റെ നിറവിൽ. മാർച്ച് ഏഴിനായിരുന്നു കമ്പനിയുടെ നൂറാം പിറന്നാൾ. ഒരു റൗണ്ടിനുള്ളിൽ നീലയും വെള്ളയും കലർന്ന കമ്പനിയുടെ ഐക്കൺ പോലെ കത്തിനിൽക്കുന്ന സൂര്യതേജസായി ബവേറിയൻ സംസ്ഥാനത്തിന്റെ സിരാകേന്ദ്രമായ മ്യൂണിച്ചിലാണ് കമ്പനിയുടെ ആസ്ഥാനം നിലകൊള്ളുന്നത്. ആഗോള തലത്തിൽ പതിനഞ്ചാമത്തെ വലിയ കാർ കമ്പനിയാണ് ബിഎംഡബ്ല്യു.

ബവേറിയൻ എൻജിൻ മാനുഫാക്ചറർ (ബൈറിഷെ മോട്ടോർ വർക്സ്) എന്നതിന്റെ ചുരുക്കപ്പേരാണ് ഇന്നു ലോകമാകെ അറിയപ്പെടുന്ന ബിഎംഡബ്ല്യു. വിമാന എൻജിനുകൾ നിർമിച്ചായിരുന്നു തുടക്കം. ഇന്നു ജർമനിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ബിഎംഡബ്ല്യുവിൽ 1,16,000 പേർ ജോലി ചെയ്യുന്നു. 80 ബില്യൻ യൂറോയുടേതാണ് ടേണോവർ.

bmw-vision-next-100-3 BMW Vision Next 100 Concept

വിമാന എൻജിനുകൾക്കു പിന്നാലെ മോട്ടോർ ബൈക്കുകൾ നിർമിച്ചു തുടങ്ങിയ ബിഎംഡബ്ല്യു 1928 ലാണ് ആദ്യമായൊരു കാർ പുറത്തിറക്കുന്നത്. ഡിക്സി 3/15 എന്നായിരുന്നു അതിന്റെ പേര്. കരുത്തുറ്റ 15 എച്ച്പി എൻജിനാണ് ഉപയോഗിച്ചത്. പിന്നാലെ രണ്ടാം ലോക മഹായുദ്ധമെത്തി. ബിഎംഡബ്ല്യുവിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. യുദ്ധത്തിന്റെ അവസാനകാലത്ത് കമ്പനിയിലെ ജോലിക്കാരിൽ വലിയൊരു ഭാഗം അടിമപ്പണിക്കാരായിരുന്നു.

കമ്പനി ബൈക്ക്, കാർ നിർമാണം വെട്ടിക്കുറച്ച് ജർമൻ വ്യോമസേനയ്ക്ക് വിമാനം നിർമിക്കുന്നത് പ്രധാനമാക്കിയിരുന്നു. കാൽ ലക്ഷത്തോളം പേരാണ് ഈ യുദ്ധകാല ജോലിക്കായി അടിമപ്പണി ചെയ്തത്. എല്ലാവരും കോൺസെൻട്രേഷൻ ക്യാമ്പുകളിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ. യുദ്ധാനന്തര ജർമനിയിൽ മറ്റ് ആയിരക്കണക്കിന് കമ്പനികളെപ്പോലെ ബിഎംഡബ്ല്യുവും പഴയ അടിമപ്പണിക്കാർക്ക് നഷ്ടപരിഹാരം നൽകി. പതിറ്റാണ്ടുകളായി ഗുന്തർ ക്വാണ്ട് കുടുംബത്തിന്റെ അധീനതയിലാണ് കമ്പനി നടന്നിരുന്നതെങ്കിലും കമ്പനി തുടങ്ങിയത് 1913 ൽ കാൾ റാപ്പ് എന്നയാളാണ്. പിന്നീട് ബിഎംഡബ്ല്യു എന്ന പേരു സ്വീകരിക്കുകയായിരുന്നു.

bmw-hybrid-cars-4 BMW Vision Concept

യുദ്ധം കഴിഞ്ഞപ്പോൾ കമ്പനിയുടെ ശ്രദ്ധ വീണ്ടും കാറുകളിൽ തന്നെയായി. ചെറുകാറുകളുടെയും വലിയ കാറുകളുടെയും കാര്യത്തിൽ വിജയിച്ച കമ്പനിക്ക് മീഡിയം കാറുകളുടെ കാര്യത്തിൽ ക്ലച്ച് പിടിക്കാൻ കുറച്ചു കൂടി കാക്കേണ്ടിവന്നു. 1959 ൽ പുറത്തു വന്ന ബിഎംഡബ്ല്യു 1500 ആയിരുന്നു അതിനുത്തരം. അപ്പോഴേക്കും പാപ്പരത്തം നേരിട്ട കമ്പനിയെ ഡെയിംലർ ഏറ്റെടുത്തിരുന്നു. ഹാറാൾഡ് ക്രൂഗറാണ് കമ്പനിയുടെ ഇപ്പോഴത്തെ ചെയർമാൻ.

1970-1993 കാലഘട്ടത്തിലെ മികച്ച പ്രകടനം കമ്പനിയെ ജർമനിയെ ഒന്നാം സ്ഥാനക്കാരും ലോകത്തെ ഒന്നാം നിരക്കാരുമാക്കി. ആ സമയത്ത് ലോകമാകെ നിർമാണ കേന്ദ്രങ്ങളും തുടങ്ങിയ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഒടുവിൽ ഡ്രൈവറില്ലാതെ ഓടുന്ന കാറും ഇപ്പോൾ ഇലക്ടിക് കാറുകളും നിർമ്മിച്ച് ആളുകളെ ആകർഷിയ്ക്കുന്ന ഹൈഡ്രൈ പോലുള്ള നൂതന സാങ്കേതിക വിദ്യയുമായി അത്യധുനികതയുടെ പാതയിലാണ് ബിഎംഡബ്ല്യു കമ്പനി. മ്യൂണിക്കിലെ കമ്പനിയുടെ ആസ്ഥാനത്ത് വിവിധ മേഖലകളിൽ ഒട്ടനവധി മലയാളികളും ഇപ്പോൾ ജോലിചെയ്യുന്നുണ്ട്.

Your Rating: