Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എം ഡബ്ല്യുവിന്റെ മെക്സിക്കോ കാർ പ്ലാന്റ് 2019ൽ

bmw-7-series

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് മെക്സിക്കോയിൽ കാർ നിർമാണശാല സ്ഥാപിക്കുന്നു. സാൻ ലൂയിസ് പോടൊസിയിൽ സ്ഥാപിക്കുന്ന ശാലയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ബി എം ഡബ്ല്യു അറിയിച്ചു. ജനപ്രിയ സെഡാനായ ‘ത്രീ സീരീസ്’ പോലുള്ള കാറുകളാവും ബി എം ഡബ്ല്യു മെക്സിക്കോ പ്ലാന്റിൽ നിർമിക്കുക. പുതിയ ശാല പ്രവർത്തനസജ്ജമാവുന്നതോടെ ദക്ഷിണാഫ്രിക്കയിലെ റോസ്ലിനിലെ പ്ലാന്റിൽ നിന്നുള്ള ഉൽപ്പാദനം പുനഃക്രമീകരിക്കാനും ബി എം ഡബ്ല്യു ലക്ഷ്യമിടുന്നുണ്ട്. ‘ത്രീ സീരീസ്’ നിർമാണം മെക്സിക്കോയിലേക്കു മാറുന്നതോടെ റോസ്ലിനിൽ പുതിയ ‘എക്സ് ത്രീ’ ഉൽപ്പാദിപ്പിക്കാനാണു ബി എം ഡബ്ല്യുവിന്റെ തീരുമാനം.

മെക്സിക്കോ ശാലയിൽ നിന്ന് 2019ൽ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ; 1.50 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. 100 കോടിയോളം ഡോളർ(6,714 കോടി രൂപ) ചെലവിൽ സ്ഥാപിക്കുന്ന പുതിയ ശാല 1,500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. യന്ത്രഘടക നിർമാതാക്കളുടെ ശൃംഖലയും യോഗ്യരായ തൊഴിലാളികളുടെ ലഭ്യതയും സാങ്കേതിക, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമൊക്കെ പരിഗണിച്ചാണു ബി എം ഡബ്ല്യു ഗ്രൂപ് കാർ നിർമാണ ശാലയ്ക്കായി സാൻ ലൂയിസ് പോടൊസിയെ തിരഞ്ഞെടുത്തത്. ബോഡി ഷോപ്, പെയ്ന്റ് ഷോപ്, അസംബ്ലി ലൈൻ എന്നിവയൊക്കെ ഉൾപ്പെട്ട സമ്പൂർണ കാർ നിർമാണശാലയാണു ബി എം ഡബ്ല്യു സാൻ ലൂയിസ് പോടൊസിയിൽ സ്ഥാപിക്കുക. കാർ നിർമാണത്തിനുള്ള അത്യാധുനിക രീതിയാവും ശാലയിൽ പിന്തുടരുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽ ആഗോളതലത്തിൽ തന്നെ വിഭവ വിനിയോഗക്ഷമതയിൽ ഒന്നാം സ്ഥാനത്തുള്ള ശാലയാവും മെക്സിക്കോയിലേതെന്നും ബി എം ഡബ്ല്യു അവകാശപ്പെടുന്നു.

തികച്ചും പരിസ്ഥി സൗഹൃദമായ ശാലയാണു ബി എം ഡബ്ല്യു മെക്സിക്കോയിൽ സ്ഥാപിക്കുന്നത്. പൂർണമായും കാർബൺ ഡയോക്സൈഡ് വിമുക്തമായ മാർഗങ്ങളിലൂയൊവും ശാലയ്ക്കുള്ള വൈദ്യുത ഉൽപ്പാദനം; ഇതിനായി ശാല പരിസരത്തു സൗരോർജ പാളികൾ വിന്യസിച്ചിട്ടുണ്ട്. വാഹന നിർമാണത്തിനായി ഏറ്റവും കുറവ് ജലം ഉപയോഗിക്കുന്ന ശാലയെന്ന ബഹുമതിയും മെക്സിക്കോയ്ക്കാവും. കൂടാതെ ബി എം ഡബ്ല്യുവിന്റെ ശാലകളിൽ വാഹന നിർമാണ പ്രക്രിയയിൽ മലിന ജലം സൃഷ്ടിക്കാത്ത ആദ്യ പ്ലാന്റുമാവുമിത്. അതുപോലെ പെയ്ന്റിങ്ങിനായി ശുദ്ധീകരിച്ച മലിനജലമാവും ഈ ശാല ഉപയോഗിക്കുക. പ്ലാന്റിനുള്ള കെട്ടിട നിർമാണത്തിനും ഉപകരണങ്ങൾ സ്ഥാപിക്കാനുമായി ത്രിമാന ഡിജിറ്റൽ പ്ലാനുകളെയാണു ബി എം ഡബ്ല്യു ആശ്രയിക്കുന്നത്. ഇതാദ്യമായാണ് ഈ ഘട്ടത്തിൽ ഡിജിറ്റർ ത്രീ ഡി സ്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ശാല നിർമാണത്തിനും ജീവനക്കാരുടെ പരിശീലനത്തിനുമൊക്കെ ജർമനിയിലെ മ്യൂനിച്ച് പ്ലാന്റാവും മെക്സിക്കോയ്ക്കു വഴി കാട്ടി. 2019 ആകുമ്പോഴേക്ക് 500 മെക്സിക്കൻ തൊഴിലാളികളുടെ പരിശീലനം പൂർത്തിയാക്കാനാണു പദ്ധതി.