Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എം ഡബ്ലുവിന്റെ ബാറ്ററി നിർമാണശാല തായ്‌ലൻഡിൽ

BMW I 8 BMW i8

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു തായ്‌ലൻഡിൽ ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള ബാറ്ററി നിർമിക്കാനാണു തായ്‌ലൻഡിനെ പരിഗണിക്കുന്നതെന്നു രാജ്യത്തെ വ്യവസായ മന്ത്രി അചക സിബുൻരുവാങ് അറിയിച്ചു. അടുത്ത വർഷം മധ്യത്തിൽ നിർമാണം ആരംഭിക്കുമെന്നു കരുതുന്ന ശാലയ്ക്കായി 200 കോടി ബാത്ത്(ഏകദേശം 382.75 കോടി രൂപ) ആണത്രെ ചെലവ് പ്രതീക്ഷിക്കുന്നത്. ശാല പ്രവർത്തനക്ഷമമാവുന്നതോടെ തായ്‌ലൻഡിലെ ഇടപാടുകാർക്ക് സങ്കര ഇന്ധന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാവുമെന്നു സിബുൻരുവാങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവിൽ തായ്‌ലൻഡിൽ സങ്കര ഇന്ധനങ്ങൾക്കു വൻവിലയാണ്. എന്നാൽ പ്രാദേശികമായി നിർമിച്ച ബാറ്ററി ലഭ്യമാവുന്നതോടെ വാഹനവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പുതിയ ശാല സ്ഥാപിച്ച് തായ്‌ലൻഡിനെ പ്ലഗ് ഇൻ ഹൈബ്രിഡ് വാഹന നിർമാണ കേന്ദ്രമായി വികസിപ്പിക്കാനായി ബി എം ഡബ്ല്യുവിന് നികുതി ഇളവുകൾ അനുവദിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നു സിബുൻരുവാങ് വെളിപ്പെടുത്തി.

മേഖലാതലത്തിലെ പ്രമുഖ കാർ നിർമാണ കേന്ദ്രവും കയറ്റുമതി ഹമ്പുമാണു നിലവിൽ തായ്‌ലൻഡ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന(ജി ഡി പി)ത്തിൽ 10 ശതമാനത്തോളമാണ് കാർ നിർമാണ മേഖലയുടെ സംഭാവന. അതേസമയം, തായ്‌ലൻഡിലെ നിർദിഷ് ബാറ്ററി നിർമാണശാല പദ്ധതിക്കുള്ള ചെലവിനെപ്പറ്റി പ്രതികരിക്കാൻ ബി എം ഡബ്ല്യു തയാറായിട്ടില്ല. എങ്കിലും തിങ്കളാഴ്ചയോടെ ഇതു സംബന്ധിച്ചു വിശദീകരണം നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം.