Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരെ 'അയൺ മാനാക്കി' ബിഎംഡബ്ല്യു

bmw--exosuit Ekso Vest

സ്പൈഡർമാനിലെ ഡോക്ടർ ഒക്ടോപ്പസിനെ ഓർമ്മയില്ലേ?, തന്റെ എതിരാളിയുമായി പോരാടാനുള്ള കരുത്ത് നേടാൻ നാല് ലോഹ കരങ്ങളാണ് അദ്ദേഹം ശരീരത്ത് ഘടിപ്പിച്ചത്, അതേപോലെ 'അയൺ മാൻ' ടോണി സ്റ്റാർക്കിനും കരുത്ത് പകരുന്നത് അദ്ദേഹത്തിന്റെ ഹൈ–ടെക് സ്യൂട്ടാണ്. ഇപ്പോഴിതാ കോമിക് കഥകളിലെ ഈ കഥാപാത്രങ്ങള്‍ വാഹനലോകത്തിനും പ്രചോദനമാവുകയാണ്. തങ്ങളുടെ ഫാക്ടറി ജീവനക്കാരെ അമാനുഷരാക്കാനുള്ള ഒരുക്കത്തിലാണ് വാഹനനിർമ്മാണ കമ്പനികൾ. അടുത്തെയിടെ ബിഎംഡബ്ലിയു യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ 20 ഓളം ഓട്ടോ ജേണലിസ്റ്റുകളെ സ്പാർടൻബർഗ് പ്ലാന്റിലേക്ക് ക്ഷണിച്ചിരുന്നു. വാഹന നിർമ്മാണത്തിലെ നവീന മേഖലകളെ പരിചിതമാക്കുകയായിരുന്നു ലക്ഷ്യം.

ഈ സന്ദർശനവേളയിലാണ് ജീവനക്കാരുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന യന്ത്രഭാഗങ്ങൾ പരിചയപ്പെടുത്തിയത്. ശരീരത്തിന് കൂടുതൽ കരുത്തു പകരുന്ന എക്സോസ്കെലറ്റൺ ആയിരുന്നു അത്. റിച്ച്മൗണ്ടിലെ എക്സോ ബയോണിക് നിർമ്മിച്ച എക്സോ വെസ്റ്റെന്ന ഉപകരണമാണ് ജീവനക്കാരുടെ 'ജോലി ഭാരം' കുറയ്ക്കാനായി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ അടിയിലെ ജോലിയിലേർപ്പെടുമ്പോൾ ശരീരത്തിനുണ്ടാകുന്ന പ്രയാസം ഒഴിവാക്കാനായി ഒരു താങ്ങ് നൽകുകയാണ് ഈ ബാക്ക്പാക്ക് മോഡൽ ഉപകരണത്തിന്റെ ഉദ്ദേശ്യം. നിലവിൽ ഈ ഉപകരണത്തിന് യാന്ത്രികമായ കരുത്തൊന്നും നൽകിയിട്ടില്ല, ജീവനക്കാര്‍ പെട്ടെന്ന് ക്ഷീണിക്കുന്നത് ഒഴിവാക്കുകയെന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഭാരമേറിയവ കൈകാര്യം ചെയ്യാനുതകന്നവിധം ഇത്തരത്തിലുള്ള സ്യൂട്ട് നിർമ്മിക്കുമെന്ന് ബിഎംഡബ്ലിയവിന്റെ അസംബ്ലി പ്ലാനർ ഫ്രാങ്ക് പോകിറോ പറയുന്നു.

താമസിയാതെ ഒരു അയൺമാൻ മോഡൽ സ്യൂട്ട് ഉടനെത്തുമെന്നും കമ്പനി പറയുന്നു. സ്പാർടൻബർഗ് പ്ലാന്റിലാണ് ഇപ്പോൾ ഇത് പരീക്ഷിക്കുന്നത് താമസിയാതെ മെക്സിക്കോയുൾപ്പടെയുള്ള പ്ലാന്റുകളിലേക്ക് ഈ സംവിധാനം എത്തും. 30 ഓളം ജോലിക്കാർക്കാണ് സ്പാർടൻബർഗ് പ്ലാന്റിൽ ഈ എക്സോസെ​കെലറ്റൺ നൽകിയിരിക്കുന്നത് അവര്‍ക്കെല്ലാം ഇത് ഇഷ്ടമായിരിക്കുന്നുവെന്നും പോകിറോ പറയുന്നു. ബിഎംഡബ്ളിയു മാത്രമല്ല ഔഡിയും ഇത്തരത്തിലുള്ള എക്സോസ്കെലറ്റണ്‍ ഉപയോഗിക്കുന്നുണ്ട്. നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് ജോലിക്കിടയിൽത്തന്നെ അൽപ്പസമയം വിശ്രമിക്കാവുന്ന ചെയർലെസ്സ് ചെയറാണ് ഈ എക്സോ സ്കെലറ്റൺ.