Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരോധം നീങ്ങി; ബോഷ് ഇറാനിൽ തിരിച്ചെത്തി

bosch

ജർമൻ വാഹനഘടക നിർമാതാക്കളായ റോബർട്ട് ബോഷ് ഇറാനിൽ തിരിച്ചെത്തി. രാജ്യതലസ്ഥാനമായ ടെഹ്റാനിൽ ഓഫിസ് തുറന്ന കമ്പനി വർഷാവസാനത്തിനക 50 ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തരതലത്തിൽ നിലനിന്ന ഉപരോധങ്ങൾ പിൻവലിച്ചതോടെ ഇറാൻ കാർ വിപണിയിൽ പ്രതീക്ഷിക്കുന്ന പുത്തൻ സാധ്യതകൾ പരിഗണിച്ചാണു ബോഷിന്റെ മടക്കം.ഇറാനിലേക്കുള്ള മടക്കത്തിൽ ആഹ്ലാദമുണ്ടെന്ന് യൂറോപ്പ്, മധ്യ പൂർവ, ആഫ്രിക്കൻ രാജ്യങ്ങളുടെ ചുമതലക്കാരനായ ബോഷ് ബോർഡ് അംഗം യുവി റാസ്ച്കെ അഭിപ്രായപ്പെട്ടു. മുൻ പ്രാദേശിക പങ്കാളികളും ഉപയോക്താക്കളുമായി ബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി ഇറാനിലേക്ക് ആദ്യം തന്നെ തിരിച്ചെത്തിയതെന്നും റാസ്ച്കെ വിശദീകരിച്ചു.


വിപുല സാധ്യതകളാണ് ഇറാനിലുള്ളത്. ഈ വർഷം ഇറാന്റെ സമ്പദ്വ്യവസ്ഥ അഞ്ചു ശതമാനത്തോളം വളരുമെന്നാണു പ്രതീക്ഷയെന്നും റാസ്ച്കെ വെളിപ്പെടുത്തി. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇറാൻ വിപണി ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും റാസ്ച്കെ അഭിപ്രായപ്പെട്ടു. ഡെയ്മ്ലർ, റെനോ, പ്യുഷൊ സിട്രോൺ, സുസുക്കി മോട്ടോർ കോർപറേഷൻ തുടങ്ങി വിവിധ വിദേശ കാർ നിർമാതാക്കൾ ഇറാനിലേക്കു മടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിൽ യു എസും യൂറോപ്പും ഇറാനെതിരായ ഉപരോധം ഭാഗികമായി പിൻവലിച്ചപ്പോൾ തന്നെ പല കമ്പനികളും നിർമാണശാല സ്ഥാപിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ആണവായുധ പദ്ധതി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാരുമായി ധാരണയിലെത്തിയതോടെയാണു വിവിധ രാജ്യങ്ങൾ ഇറാനെതിരെ നിലനിന്ന ഉപരോധം മയപ്പെടുത്തിയത്.
 

Your Rating: