Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹന എ ബി എസ് ഇന്ത്യയിൽ നിർമിക്കാൻ ബോഷ്

bosch

ഇരുചക്രവാഹനങ്ങൾക്കുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) ഇന്ത്യയിൽ നിർമിക്കാൻ ജർമൻ വാഹന ഘടക ഉൽപ്പാദകരായ ബോഷ് ഒരുങ്ങുന്നു. പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ ഇരുചക്രവാഹന എ ബി എസ് നിർമിക്കാനാണു ബോഷിന്റെ പദ്ധതി. സമീപ ഭാവിയിൽ ബൈക്കുകൾക്കുള്ള എ ബി എസിന് ഇന്ത്യയിൽ ആവശ്യമേറുമെന്നതു പരിഗണിച്ച് അടുത്ത ഏപ്രിൽ മുതൽ ചക്കനിൽ ഇവയുടെ ഉൽപ്പാദനം ആരംഭിക്കുമെന്നു ബോഷ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാനുഫാക്ചറിങ് ആൻഡ് ക്വാളിറ്റി) ആൻഡ്രിയാസ് വുൾഫ് അറിയിച്ചു. ആഗോളതലത്തിൽ 60 രാജ്യങ്ങളിലായി 250 നിർമാണശാലകളുണ്ടെങ്കിലും ബോഷ് ഗ്രൂപ്പിൽ ജപ്പാനിലെ തോചിഗിയിലുള്ള പ്ലാന്റ് മാത്രമാണ് നിലവിൽ ഇരുചക്രവാഹനങ്ങൾക്കുള്ള എ ബി എസ് ഉൽപ്പാദിപ്പിക്കുന്നത്. ചക്കനിൽ നിന്ന് പ്രതിവർഷം ഏഴോ എട്ടോ ലക്ഷം ഇത്തരം എ ബി എസ് ഉൽപ്പാദിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.

എൻജിൻ ശേഷി 125 സി സിയിലേറെയുള്ള പുതിയ ഇരുചക്രവാഹനങ്ങൾക്ക് 2018 ഏപ്രിൽ മുതൽ എ ബി എസ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ നിരത്തിലുള്ള ഇത്തരം ബൈക്കുകളിൽ 2019 ഏപ്രിലിനകം എ ബി എസ് ഘടിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യൻ നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇപ്പോൾ എ ബി എസ് കർശനമാക്കുന്നത്. ഘട്ടം ഘട്ടമായി ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോട്ടോർ സൈക്കിളുകളിലും സ്കൂട്ടറുകളിലും എ ബി എസ് നിർബന്ധമാക്കാനാണു പദ്ധതി.തുടക്കമെന്ന നിലയിൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിലാണ് എ ബി എസ് നടപ്പാവുക. 2018 ഏപ്രിൽ മുതൽ ഇത്തരം മോട്ടോർ സൈക്കിളുകൾക്കെല്ലാം എ ബി എസ് നിർബന്ധമാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഓപ്ഷനൽ വ്യവസ്ഥയിലല്ല, നിർബന്ധമായി തന്നെ ഇത്തരം ബൈക്കുകളിൽ എ ബി എസ് ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

എൽ ടു വിഭാഗ(അതായത് എൻജിൻ ശേഷി 125 സി സിയോ അധികമോ, പരമാവധി കരുത്ത് 11 കിലോവാട്ട്(അഥവാ 16.09 ബി എച്ച് പി), പവർ ടു വെയ്റ്റ് അനുപാതം 0.1 കിലോവാട്ട് പ്രതി കിലോഗ്രാം(അഥവാ 0.134 ബി എച്ച് പി പ്രതി കിലോഗ്രാം)ത്തിൽ ഇടംപിടിക്കുന്ന മോട്ടോർ സൈക്കിളുകളിൽ 2018 ഏപ്രിൽ ഒന്നു മുതൽ ഐ എസ്:14664:2010 നിലവാരമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമോ കംബൈൻഡ് ബ്രേക്കിങ് സംവിധാന(സി ബി എസ്)മോ നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണു നിബന്ധന. 125 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ എ ബി എസോ സി ബി എസോ ഏതെങ്കിലുമൊന്നു ലഭ്യമാക്കിയാൽ മതിയാവും.

Your Rating: