Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹന വിപണി നോട്ടമിട്ട് ബ്രിജ്സ്റ്റോൺ

Bridgestone Tyre

ഇരുചക്രവാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച് ഇന്ത്യൻ വിപണിയിൽ മുൻനിരയിൽ ഇടംനേടാൻ ജാപ്പനീസ് കമ്പനിയായ ബ്രിജ്സ്റ്റോൺ ഒരുങ്ങുന്നു. യാത്രാവാഹനങ്ങൾക്കു കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ടയറുകളുടെ ‘ഇകോപ്യ’ ശ്രേണി പുറത്തിറക്കിയതിനൊപ്പമാണു ബ്രിജ്സ്റ്റോൺ ഇരുചക്രവാഹന വിഭാഗത്തിൽ പ്രവേശിക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയത്.

അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇരുചക്രവാഹന വിഭാഗത്തിൽ പ്രവേശിക്കാനുള്ള തീവ്രശ്രമത്തിലാണു കമ്പനിയെന്നു ബ്രിജ്സ്റ്റോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ കസുഹികൊ മിമുര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആസൂത്രണവും ആലോചനകളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇന്ത്യൻ ടയർ വിപണിയിൽ നേതൃസ്ഥാനം മോഹിക്കുന്ന ബ്രിജ്സ്റ്റോൺ പക്ഷേ ഇരുചക്രവാഹന വിഭാഗത്തിൽ പ്രവേശിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

ചെറുകിട, ഇടത്തരം കാറുകൾക്കായി ‘ഇ പി 150’, ‘ഇ പി 850’ എന്നീ ടയറുകളാണു കമ്പനി ‘ഇകോപ്യ’ ശ്രേണിയിൽ പുറത്തിറക്കിയത്. ‘സ്വിഫ്റ്റ്’,‘ അമെയ്സ്’ തുടങ്ങിയവയ്ക്കും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ ‘സ്കോർപിയോ’, ‘ ഫോർച്യൂണർ’ എന്നിവയ്ക്കും യോജിച്ച ടയറുകളാണിത്. ‘ഇ പി 150’ ടയറുകൾ ഏഴു ശതമാനം അധിക ഇന്ധനക്ഷമത നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. എസ് യു വികൾക്കുള്ള ‘ഇ പി 850’ ടയറുകൾ ഉപയോഗിച്ചാൽ ഇന്ധനക്ഷമത 10% വരെ ഉയരുമെന്നും ബ്രിജ്സ്റ്റോൺ അവകാശപ്പെടുന്നു.

ചെറുതും ഇടത്തരം വിഭാഗത്തിൽപെടുന്നതുമായ കാറുകൾക്കായി 17 വ്യത്യസ്ത വലിപ്പത്തിലുള്ള ടയറുകൾ പുറത്തിറക്കുമെന്നും ബ്രിജ്സ്റ്റോൺ അറിയിച്ചു. നിലവിൽ മൂന്നു ടയറുകളാണു തയാറായത്; അവശേഷിക്കുന്നവയിൽ ആറെണ്ണം ഈ മാസം തന്നെയും ബാക്കി അടുത്ത വർഷവും വിൽപ്പനയ്ക്കെത്തുമെന്നു ബ്രിജ്സ്റ്റോൺ ഇന്ത്യ ജനറൽ മാനേജർ(പി എസ് ആർ സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈഭവ് സരാഫ് അറിയിച്ചു. എസ് യു വി/എം യു വി വിഭാഗത്തിനായി ഒൻപത് അളവുകളിലാവും ‘ഇ പി 850’ ടയറുകൾ അവതരിപ്പിക്കുക.

മധ്യപ്രദേശിലെ ഖേഡയിലും മഹാരാഷ്ട്രയിലെ ചക്കനിലുമുള്ള ശാലകളിൽ നിന്നാവും പുതിയ ടയറുകൾ നിരത്തിലെത്തുക. അടുത്ത വർഷത്തോടെ ട്രക്ക് — ബസ് റേഡിയൽ വിഭാഗത്തിലും ‘ഇകോപ്യ’ ശ്രേണി പുറത്തിറക്കാൻ ബ്രിജ്സ്റ്റോണിനു പദ്ധതിയുണ്ട്. അന്തർ നഗര സർവീസ് നടത്തുന്ന ബസ്സുകൾക്കുള്ള ‘ഇകോപ്യ’ ടയറുക് അടുത്ത ജൂണിനകം വിൽപ്പനയ്ക്കെത്തുമെന്നു സരാഫ് അറിയിച്ചു.

ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനും ബ്രിജ്സ്റ്റോൺ ലക്ഷ്യമിട്ടിട്ടുണ്ട്. നിലവിലുള്ള 400 ഔട്ട്​ലെറ്റുകൾക്കൊപ്പം അടുത്ത വർഷത്തിനകം 100 പുതിയ വിൽപ്പനകേന്ദ്രങ്ങൾ കൂടി തുറക്കാനാണു പദ്ധതി. കമ്പനി നേരിട്ടു തുറക്കുന്ന കേന്ദ്രങ്ങൾക്കൊപ്പം ഡീലർമാരെ നിയോഗിച്ചും വിപണന ശൃംഖല വിപുലീകരിക്കാനാണു ബ്രിജ്സ്റ്റോണിന്റെ ശ്രമം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.