Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതു ബജറ്റ്: വാഹനങ്ങളുടെ വില കൂടുന്നത് ഇങ്ങനെ

cars

പുലി വരുന്നേ പുലി വരുന്നേന്നു പറഞ്ഞ് ബജറ്റിനു മുൻപ് ജനങ്ങളെ പേടിപ്പിക്കുന്ന രീതി പൊതുവെ കാർ നിർമാതാക്കൾക്കുണ്ട്. ബജറ്റിൽ വില കൂടുമെന്നും അതിനുമുൻപേ കാർ വാങ്ങിയില്ലെങ്കിൽ വൻ നഷ്ടം വരുമെന്നുമാകും പ്രവചനം. പലപ്പോഴും ഏതാനും മോഡലുകൾക്കു മാത്രമേ ബജറ്റിൽ എന്തെങ്കിലും വില വർധന ഉണ്ടാകൂ എന്നതാണു യാഥാർഥ്യം. ഇത്തവണ പക്ഷേ, കളി മാറി. പുലി വന്നു. നാനോ മുതൽ റോൾസ് റോയ്സ് വരെ സകലതിനും വില കൂടാൻ ബജറ്റ് വഴിതുറന്നു.

മലിനീകരണം വലിയ പ്രശ്നമാണെന്നു പറഞ്ഞുതുടങ്ങിയ ധനമന്ത്രി, റോഡ് വികസനത്തിനു പണം കണ്ടെത്താനുള്ള പ്രത്യേക നികുതി (സെസ്) ആയി വിലയുടെ ഒരു ശതമാനം മുതൽ നാലുശതമാനം വരെ വാങ്ങുമെന്ന് നിർദയം പ്രഖ്യാപിച്ചു. 10 ലക്ഷത്തിനുമേൽ വിലയുള്ളതൊക്കെ ആഡംബരമാണെന്നും ഒരു ശതമാനം ആഡംബര നികുതി നൽകിയേതീരൂ എന്നും ഉത്തരവിട്ടിട്ടുണ്ട്. ഈ ബജറ്റ് നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ എല്ലാ കാറുകൾക്കും വില ഉയരുമെന്നുമാത്രമല്ല, പെട്രോൾ– ഡീസൽ മോഡലുകൾ തമ്മിലുള്ള വില വ്യത്യാസം പൊതുവെ കൂടുകയും ചെയ്യും. പുതിയ നികുതി വരുന്നത് അടിസ്ഥാന വിലയിന്മേൽ ആയിരിക്കുമെന്നാണു സൂചന. നിലവിൽ എക്സൈസ് തീരുവ ചുമത്തുന്ന മട്ടിൽ. (ഇതും സംസ്ഥാന നികുതിയുമൊക്കെ ഉൾപ്പെട്ട തുകയാണു ഷോറൂം വില).

∙ ഇപ്പോഴത്തെ എക്സൈസ് ഡ്യൂട്ടി ഘടന ഇങ്ങനെ: ചെറുകാറുകൾക്ക് (നാലുമീറ്ററിൽത്താഴെ നീളമുള്ളവ) 12.5%, നാലുമീറ്ററിലേറെ നീളമുണ്ടെങ്കിലും എൻജിൻ 1500 സിസിയിൽ താഴെയാണെങ്കിൽ 24%, 1500സിസിക്കുമേൽ എൻജിൻശേഷിയുള്ളവയ്ക്ക് 27%, 170മില്ലിമീറ്ററിലേറെ ഗ്രൗണ്ട് ക്ലിയറൻസ് കൂടിയുണ്ടെങ്കിൽ 30%.

∙ ചെറിയ പെട്രോൾ കാറുകൾക്ക് ( നീളം നാലു മീറ്റർ വരെ, എൻജിൻ 1200 സിസി വരെ) ഒരു ശതമാനം സെസ് ആണു പുതുതായി വരുക. ചെറിയ ഡീസൽ കാറുകൾക്കു ( നീളം നാലു മീറ്റർ വരെ, എൻജിൻ 1500 സിസി വരെ) സെസ് 2.5%. ഇതിലും വലിയ കാറുകൾക്ക് നാലുശതമാനവും.

∙ ചെറിയ പെട്രോൾ കാറുകൾക്ക് 12.5% എക്സൈസ് തീരുവ + ഒരു ശതമാനം സെസ് എന്നാകുമ്പോൾ ചെറിയ ഡീസൽ കാറുകൾക്ക് 12.5% + 2.5% ആകും.

∙ 1% ആഡംബര നികുതി ഈടാക്കാനുള്ള നിർദേശംപല കാറുകളുടെയും എസ്‌യുവികളുടെയും 10 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള വേരിയന്റുകളുടെ വിൽപ്പനയെ ബാധിക്കാനിടയുണ്ട്. തൊട്ടുതാഴെയുള്ള വേരിയന്റുമായുള്ള വില വ്യത്യാസം കൂടുമെന്നതാണു കാരണം. 50,000 രൂപ മുതൽ ഒരു ലക്ഷത്തിലേറെ രൂപ വരെയാണിപ്പോൾ തൊട്ടടുത്ത വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസം. ഉദാഹരണത്തിന് 10 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള പതിപ്പ് ഉണ്ടെങ്കിൽ അതിന് 40,000 രൂപയാണു സെസ്. വില 10,50,000 രൂപയായാൽ സെസ് 42,000 രൂപ. ആഡംബര നികുതി 10,500 രൂപ. ആകെ വർധന 52,500 രൂപ. അതായത്, അൻപതിനായിരം രൂപ വ്യത്യാസമുണ്ടായിരുന്ന മോഡലുകൾ തമ്മിൽ വ്യത്യാസം 62500 രൂപയായി ഉയർന്നു.

∙ സെസ് ഉൾപ്പെടുത്തി വില ഉയർത്താൻ കമ്പനികൾ തീരുമാനിച്ചാൽ അതനുസരിച്ച് റോഡ് നികുതിയും ഇൻഷുറൻസ് പ്രീമിയവും ഉയരും എന്നതും ശ്രദ്ധേയം.

∙ മാരുതി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ, റെനോ ക്വിഡ്, ഡാറ്റ്സൺ ഗോ തുടങ്ങിയ കാറുകൾക്ക് 3000 രൂപയെങ്കിലും വില ഉയരാം.

∙ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10, ഫോഡ് ഫിഗോ പെട്രോൾ പതിപ്പുകൾക്ക് 4000– 5500 രൂപ വർധന പ്രതീക്ഷിക്കാം. ഇവയുടെ ഡീസൽ മോഡലുകൾക്ക് സെസ് 2.5% ആകയാൽ 12000– 17000 രൂപ വർധിക്കാൻ സാധ്യത.

∙ ഹ്യുണ്ടായ് ക്രെറ്റ വലിയ കാർ എന്ന വിഭാഗത്തിലാണു പെടുക. നാലു ശതമാനം സെസ് ബാധകമാകും. ക്രെറ്റയുടെ ചില വേരിയന്റുകൾ 10 ലക്ഷത്തിനുമേൽ അടിസ്ഥാന വിലയുള്ളവയാകയാൽ ഒരു ശതമാനം ആഡംബര നികുതിയും ചേർത്ത് അഞ്ചുശതമാനം നികുതി ഉയരും.

∙ ഫോഡ് ഇക്കോസ്പോർട്ടിന്റെ 1.5 ലീറ്റർ പെട്രോൾ എൻജിൻ മോഡൽ വലിയ കാർ വിഭാഗത്തിൽ 4% സെസ് നൽകേണ്ടിവരും. 1.5ലീറ്റർ ഡീസൽ മോഡലാകട്ടെ, ചെറിയ കാർ വിഭാഗത്തിലാകയാൽ 2.5% സെസ് മതി. എന്നാൽ ഏറ്റവും ഉയർന്ന ഡീസൽ വേരിയന്റ് 10 ലക്ഷത്തിനുമേൽ അടിസ്ഥാന വിലയുള്ളതാകയാൽ ഒരു ശതമാനം ആഡംബര നികുതിക്ക് ഇരയാകും.

∙ റെനോ ഡസ്റ്ററിന്റെ മിക്ക വേരിയന്റുകൾക്കും 4% സെസിനു പുറമെ 1% ആഡംബര നികുതിയും നൽകേണ്ടിവരും.

∙ ഭൂരിപക്ഷം കാറുകളും വിൽക്കുന്നത് ബാങ്ക് വായ്പകളുടെ സഹായത്തോടെയാകയാൽ വില വർധനയുടെ ആഘാതം മാസത്തവണകളായി അനുഭവിച്ചാൽ മതി. അതുകൊണ്ടുതന്നെ ചെറിയ തുകയുടെ വർധനയേ ദൃശ്യമാകൂ.

∙ സെസ് എന്നത് പ്രത്യേക ഉദ്ദേശ്യത്തോടയുള്ള നികുതിപിരിവ് ആകയാൽ വകമാറ്റി ചെലവിടാനാവില്ല. റോഡ് വികസനം എന്ന പേരിൽ പിരിക്കുന്നത് അതിനുതന്നെ ചെലവിടുമെന്നു കരുതാം.

Your Rating: