Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം ഇന്ത്യ’ തുടരും; കേന്ദ്ര ബജറ്റിൽ 175 കോടി

Green Cars

രാജ്യത്തെ വൻനഗരങ്ങളെ മലിനീകരണ വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ, വൈദ്യുത, സങ്കര ഇന്ധന വാഹന നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ 42% വർധിപ്പിച്ചു. വൈദ്യുത, ബദൽ ഇന്ധന മേഖലയെക്കുറിച്ചു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ പരാമർശമൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഫാസ്റ്റർ അഡോപ്ഷൻ ഓഫ് മാനുഫാക്ചറിങ് ഓപ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) ഇന്ത്യ പദ്ധതിക്കായി അടുത്ത സാമ്പത്തിക വർഷം 175 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2016 — 17ൽ ‘ഫെയിം ഇന്ത്യ’യുടെ ബജറ്റ് വിഹിതം 123 കോടി രൂപയായിരുന്നു.
വൈദ്യുത, ബദൽ ഇന്ധന വാഹനങ്ങൾക്ക് സബ്സിഡി അനുവദിക്കാനുള്ള ‘ഫെയിം ഇന്ത്യ’ പദ്ധതി 2015 — 16ലായിരുന്നു പ്രഖ്യാപിച്ചത്; അക്കൊല്ലത്തെ ബജറ്റ് വിഹിതം 75 കോടി രൂപയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ക്രമമായ വർധനയാണ് ‘ഫെയിം ഇന്ത്യ’ വിഹിതത്തിൽ രേഖപ്പെടുത്തിയത്.

നിലവിൽ വിൽപ്പന നാമമാത്രമാണെങ്കിലും വൈദ്യുത, സങ്കര ഇന്ധന മോഡലുകൾ സ്വീകാര്യത നേടുക തന്നെ ചെയ്യുമെന്നായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്കയുടെ വിലയിരുത്തൽ. ഈ വർഷം വൈദ്യുത കാറുകളുടെ വർഷമാവുമെന്നും അദ്ദേഹം പ്രവചിക്കുന്നു. കേന്ദ്ര സർക്കാർ ഒരു ലക്ഷം വൈദ്യുത വാഹനങ്ങൾ വാങ്ങണമെന്ന മോഹമാണ് കേന്ദ്ര ഊർജ സഹമന്ത്രി പിയൂഷ് ഗോയൽ പ്രകടിപ്പിച്ചിട്ടുള്ളത്; 2030 ആകുമ്പോഴേക്ക് രാജ്യത്തെ എല്ലാ വാഹനങ്ങളും ബാറ്ററിയിൽ ഓടുന്നവ ആകണമെന്നും അദ്ദേഹം സ്വപ്നം കാണുന്നു. ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ ഓലയ്ക്ക് ഒരു ലക്ഷം വൈദ്യുത വാഹനങ്ങളാണു സോഫ്റ്റ്ബാങ്ക് ചെയർമാൻ സംഭാവന വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ 10% സംഭവിച്ചാൽ തന്നെ രാജ്യത്തു വൈദ്യുത വാഹനങ്ങളുടെ കാര്യത്തിൽ വിപ്ലവകരമായ മാറ്റം സംഭവിക്കുമെന്നു ഗോയങ്ക അഭിപ്രായപ്പെട്ടു. ബദൽ ഇന്ധന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശരിയായ ദിശയിലുള്ള നടപടിയാണു ‘ഫെയിം’ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അര ഡസനോളം വാഹനങ്ങൾക്കാണു കേന്ദ്ര സർക്കാരിൽ നിന്നു ‘ഫെയിം ഇന്ത്യ’ പ്രകാരമുള്ള സബ്സിഡി ലഭിക്കുന്നത്. സമീപ ഭാവിയിൽ വൈദ്യുത, സങ്കര ഇന്ധന, മൈൽഡ് ഹൈബ്രിഡ് വിഭാഗങ്ങളിലായി ഈ ആനുകൂല്യത്തിന് അർഹതയുള്ള ഡസനോളം വാഹനങ്ങൾ കൂടി നിരത്തിലെത്തുമെന്നാണു പ്രതീക്ഷ. ടൊയോട്ടയുടെ പ്രീമിയം സെഡാനായ ‘കാംറി’യും ‘പ്രയസും’ ഈ പദ്ധതി പ്രകാരമുള്ള സബ്സിഡി നേടുന്നുണ്ട്; മഹീന്ദ്രയുടെ ‘ഇ ടു ഒ’യ്ക്കും ‘ഇ വെരിറ്റോ’യ്ക്കും ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയാവട്ടെ ഒരു ലക്ഷത്തോളം വാഹനങ്ങൾക്ക് ഈ ആനുകൂല്യം നേടിയെടുത്തു കഴിഞ്ഞു.