Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കോർവട്ട് ക്ഷേത്ര പരിസരത്തു വാഹന വിലക്ക്

Angkor Wat before sunset, Cambodia.

ചരിത്രപ്രസിദ്ധമായ അങ്കോർവട്ട് ക്ഷേത്രത്തിനു സമീപത്ത് കാറുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കംബോഡിയ തീരുമാനിച്ചു. വർഷം തോറും 21 ലക്ഷത്തോളം വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന ക്ഷേത്ര പരിസരത്തെ ഗതാഗതക്കുരുക്കഴിക്കാൻ ലക്ഷ്യമിട്ടാണു കാറുകൾക്കുള്ള നിരോധനം നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ ഫേസ് ബുക്കിലൂടെയാണ് അങ്കോർവട്ട് ക്ഷേത്ര പരിസരത്തെ ഗതാഗത നിരോധനം പ്രഖ്യാപിച്ചത്.
അങ്കോർവട്ടിനു മുന്നിലെ 300 മീറ്റർ റോഡിലാണു കാറുകൾക്കു വിലക്ക് ഏർപ്പെടുത്തിയത് എന്നാൽ 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അങ്കോർ പുരാവസ്തു പാർക്കിൽ വിനോദ സഞ്ചാരികളുടെ കാറുകളിലും വാനുകളിലുമൊക്കെ യാത്ര ചെയ്യാനുള്ള അനുമതി തുടരും.

കംബോഡിയയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് അങ്കോർവട്ട് ക്ഷേത്ര സമുച്ചയം. ഒൻപതാം നൂറ്റാണ്ടിനും 14—ാം നൂറ്റാണ്ടിനുമിടയിൽ സ്ഥാപിച്ചതെന്നു കരുതുന്ന ക്ഷേത്രത്തെ കംബോഡിയയുടെ അഭിമാനമായാണു പരിഗണിക്കുന്നത്; രാജ്യത്തിന്റെ ദേശീയ പതാകയിലും ഈ ക്ഷേത്രം ഇടംപിടിച്ചിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിന്റെ ചരിത്ര പ്രാധാന്യം മുൻനിർത്തി അങ്കോർവട്ടിനെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായും പ്രഖ്യാപിച്ചിട്ടുണ്ട്.
 

Your Rating: