Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പു വേണോ, അതോ സുരക്ഷ വേണോ?

478694707 Representative Image

ആപ്പുകള്‍ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് മാറിയ ജീവിതത്തില്‍ നമുക്ക് ആലോചിക്കാന്‍ പോലും ആവില്ല. ഇത്രയേറെ സൗകര്യങ്ങള്‍ നമുക്ക് നല്‍കുമ്പോള്‍ ആപ്പുകള്‍ എന്താണ് തിരിച്ച് നമ്മോട് ആവശ്യപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റൊന്നുമല്ല, നമ്മുടെ സുരക്ഷിതത്വം തന്നെ!

റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇക്കാര്യം പറയുന്നത്. ആന്‍ഡ്രോയ്ഡ് കാര്‍ കൺട്രോള്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവരെ അല്‍പ്പം അസ്വസ്ഥപ്പെടുത്തുന്നതാണ് ഇവരുടെ കണ്ടെത്തലുകള്‍. ഹൈ പ്രൊഫൈല്‍ കാര്‍ കമ്പനികളുടെ ആപ്പുകളില്‍ പോലും നമ്മുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള പഴുതുകള്‍ ഒളിച്ചിരിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും ഡോര്‍ തുറക്കുന്ന പോലെയുള്ള മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിനുമെല്ലാം നിലവില്‍ കമ്പനികള്‍ ആപ്പുകള്‍ ഇറക്കുന്നുണ്ട്. ഹാക്കര്‍മാര്‍ക്ക് ഈസിയായി കടന്നുകയറാന്‍ പാകത്തിലാണ് ഇതിന്റെ കോഡിംഗ് എന്നാണു റഷ്യൻ ആന്റി വയറസ് ആന്റ് കംപ്യൂട്ടർ സെക്യൂരിറ്റി കമ്പനിയായ കാസ്പെറസ്കി പറയുന്നത്.

ഒരിക്കല്‍ വിജയകരമായി ഹാക്ക് ചെയ്തു കഴിഞ്ഞാല്‍ ഹാക്കര്‍ക്ക് ആ കാറിനു മേല്‍ പൂര്‍ണ്ണ അധികാരം ലഭിക്കും. ഡോറുകള്‍ തുറക്കാനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും സെക്യൂരിറ്റി അലാം ഓഫ് ചെയ്ത് വാഹനം കടത്തിക്കൊണ്ടു പോവാനും വരെ പറ്റും. ഇത്തരം ആപ്പുകളില്‍ മിക്കതിലും ജി പി എസ് സംവിധാനവും ഉപയോഗിക്കുന്നതിനാല്‍ റൂട്ട് കൃത്യമായി പിന്തുടരാനും ദൂരെ ഇരുന്നു സാധിക്കും.

ഏഴു പ്രശസ്ത കമ്പനികളുടെ ആപ്പുകള്‍ ആണ് റിസേര്‍ച് ആന്റ് ഡവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് വിക്റ്റര്‍, മാല്‍വയര്‍ അനലിസ്റ്റ് മിഖായേല്‍ കുസിന്‍ എന്നിവര്‍ പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ഓരോ ആപ്പും വ്യത്യസ്ത രീതിയില്‍ ഹാക്കിംഗ് ചെയ്യാന്‍ സഹായകമാണ് എന്നാണു ഇവര്‍ കണ്ടെത്തിയത്. ഓരോ ആപ്പുകളും പരിശോധിച്ച ഫലം കാസ്‌പെര്‍സ്‌കിയുടെ സെക്യുര്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള കാറുകള്‍ തീരെ സുരക്ഷിതമല്ല.

ബാങ്കിംഗ് ആപ്പുകളുടെ സുരക്ഷാപ്രശ്‌നത്തെ മുന്‍നിര്‍ത്തി മിക്ക ബാങ്കുകളും അവരുടെ ആപ്പുകളുടെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും ആപ്പുകള്‍ വഴിയുള്ള കാര്‍ മോഷണ കേസുകള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.