Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ കാർ വിമുക്തദിനം!

486615338

നഗരത്തിലെ ആദ്യ കാർ വിമുക്തദിനാചരണം ഇന്നു പനമ്പിള്ളി നഗറിൽ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെയാണു പനമ്പിള്ളി നഗർ റോഡിൽ കാറുകൾക്കു നിയന്ത്രണം. കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയിൽ, ഇസാഫ്, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, പനമ്പള്ളി നഗർ വെൽഫെയർ അസോസിയേഷൻ, കൊച്ചി സിറ്റി പൊലീസ്, കൊച്ചി കപ്പൽശാല എന്നിവരാണു സംഘാടകർ.  മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.

കാർ വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി റോഡിൽ ചിത്രരചന, ബോധവൽകരണ പരിപാടി, സൈക്കിൾ റാലി, സൈക്കിൽ സ്‌ലോ റേസ്, വിവിധ നാടൻ കളികൾ, എയ്‌റോബിക്‌സ്, തെരുവ് നാടക മൽസരങ്ങൾ, കളരി, യോഗ, കരാട്ടെ തുടങ്ങിയവ സംഘടിപ്പിക്കും. രാജഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യപരിശോധനയുമുണ്ടാകും.

മോട്ടോർ വാഹന ഉപയോഗം കുറയ്ക്കുക,  പൊതുഗതാഗത സംവിധാനം പ്രോൽസാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന സന്ദേശം പ്രചരിപ്പിക്കുക എന്നിവ ദിനാചരണ പരിപാടിയുടെ ലക്ഷ്യങ്ങളാണെന്നു നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ.ബി. സാബു, ഇസാഫ് സീനിയർ പ്രോജക്ട് മാനേജർ മഞ്ജു ജോർജ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അധ്യാപകൻ ഡോ. കെ.ആർ. അനീഷ്, പനമ്പള്ളി നഗർ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹൻസാ ജോണി എന്നിവർ പറഞ്ഞു.

കൊച്ചിക്കു പിന്നാലെ മലപ്പുറത്തും കാർവിമുക്തദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. കഴിഞ്ഞ മൂന്ന് വർഷമായി ഇസാഫിന്റെ നേതൃത്വത്തിൽ തൃശൂരിൽ കാർവിമുക്ത ദിനം വിജയകരമായി ആചരിച്ചുവരുന്നുണ്ട്. കാലക്രമേണ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ഇസാഫ് ആലോചിക്കുന്നത്.

Your Rating: