Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വിലക്ക്: പെട്രോൾ എൻജിൻ സാധ്യത തേടി നിർമാതാക്കൾ

ഡീസൽ എൻജിനുള്ള മോഡലുകൾക്ക് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ വിവിധ വാഹന നിർമാതാക്കൾ മാർഗങ്ങൾ തേടുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2,000 സി സിയിലേറെ എൻജിൻ ശേഷിയുള്ള പുതിയ വാഹനങ്ങളുടെ എൻ സി ആർ മേഖലയിലെ റജിസ്ട്രേഷൻ മാർച്ച് 31 വരെ സുപ്രീം കോടതി വിലക്കിയത്.

ഇതോടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും വിവിധേദ്ദേശ്യ വാഹന(എം പി വി)ങ്ങളുടെയും ആഡംബര കാറുകളുടെയും വിൽപ്പനയിലാണു വൻതിരിച്ചടി നേരിട്ടിരിക്കുന്നത്. എന്നാൽ ഡൽഹിയിലെ വിലക്ക് നീളാനും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കു കൂടി വ്യാപിക്കാനുമുള്ള സാധ്യതയാണു വാഹന നിർമാതക്കളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്.

വിലക്കിന്റെ പ്രത്യാഘാതം ‘ഇന്നോവ’, ‘ഫോർച്യൂണർ’ കാണാനുണ്ടെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ ഡയറക്ടർ (സെയിൽസ്) എൻ രാജ പറയുന്നു. ഇവയുടെ വിൽപ്പനയിൽ 10 ശതമാനത്തോളമാണു രാജ്യതലസ്ഥാന മേഖലയുടെ വിഹിതം. അതേസമയം, വിലക്ക് മൂലം ഡീലർമാരുടെ ലാഭക്ഷമതയിലെ ഇടിവ് 50 — 60% ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ടൊയോട്ട ശ്രേണിയിലെ ‘ലാൻഡ് ക്രൂസറി’ന്റെ എൻജിൻ ശേഷിയും രണ്ടു ലീറ്ററിനു മുകളിലാണ്; പക്ഷേ വിൽപ്പന നാമമാത്രമായതിനാൽ വലിയ ആഘാതമില്ലെന്നു മാത്രം.

പെട്രോൾ എൻജിനുള്ള വകഭേദം പുറത്തിറക്കി വിലക്കിനെ അതിജീവിക്കുകയാണു മുന്നിലുള്ള പോംവഴിയെന്നും രാജ വ്യക്തമാക്കുന്നു. എൻജിനുകൾ ലഭ്യമാണെങ്കിലും വർഷത്തിന്റെ പകുതിയോടെ പുതിയ മോഡലുകൾ അവതരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കരുതുന്നു. ഡീസൽ എൻജിൻ നിലനിർത്തി ശേഷി 2,000 സി സിയിൽ താഴെയാക്കുകയാണു കമ്പനിക്കു മുന്നിലുള്ള മറ്റൊരു പരിഹാര മാർഗം.

ഇന്ത്യയിൽ പ്രതിവർഷം 30 ലക്ഷത്തോളം വാഹനങ്ങളാണു വിറ്റഴിയുന്നത്; ഇതിൽ ഏഴു ശതമാനത്തോളമാണു ഡൽഹി മേഖലയിലെ വിൽപ്പന. ഈ 2.10 ലക്ഷത്തോളം വാഹനങ്ങളിൽ 25% ആണു ഡീസൽ എൻജിനുള്ളവയുടെ വിഹിതം. ചുരുക്കത്തിൽ കോടതി വിധി ബാധകമാവുന്നതും ഈ 52,500 വാഹനങ്ങൾക്കാണ്. രാജ്യത്തെ മൊത്തം വിൽപ്പനയുടെ 1.75% മാത്രമാണു ഡൽഹിയിലെ ഡീസൽ വാഹനങ്ങളുടെ പങ്കാളിത്തമെങ്കിലും ഈ വിലക്കിന്റെ തുടർനടപടികൾ എന്തൊക്കെയാവുമെന്ന ആശങ്കയാണ് വാഹന നിർമാതാക്കളുടെ ഉറക്കം കെടുത്തുന്നത്.

‘ഇന്നോവ’യുടെ പുതുരൂപമായ ‘ഇന്നോവ ക്രിസ്റ്റ’യും ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിൽ നിന്നുള്ള, ഇതിഹാസ മാനങ്ങളുള്ള എസ് യു വിയായ ‘ജീപ്പു’മൊക്കെ ഗ്രേറ്റർ നോയ്ഡയിലെ ഓട്ടോ എക്സ്പൊയിൽ ഇടംപിടിച്ചിരുന്നു. രാജ്യതലസ്ഥാനത്തു നിലനിൽക്കുന്ന ഡീസൽ എൻജിൻ വിലക്കിനെ മറികടക്കാനുള്ള പ്രാപ്തി കമ്പനിക്കുണ്ടെന്ന നിലപാടിലാണു ഫിയറ്റ് ക്രൈസ്ലർ. ഡൽഹി മേഖലയിൽ പെട്രോൾ എൻജിനുള്ള ‘ജീപ്പ്’ വിൽക്കാൻ കമ്പനി ആലോചിക്കുന്നുണ്ടത്രെ. 3.6 ലീറ്റർ പെട്രോൾ എൻജിനാണു പരിഗണിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.