Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

39 വർഷത്തിന് ശേഷം നേതാജിയുടെ കാർ വീണ്ടും ഓടി

netaji-car Wanderer W24

ബ്രിട്ടീഷുകാരുടെ കരുതൽ തടങ്കലിൽ നിന്നു രക്ഷപ്പെടാൻ സുഭാഷ് ചന്ദ്ര ബോസിനെ സഹായിച്ച ഔഡി കാറിന് പുതു ജീവൻ. പൂർണ്ണമായും റീസ്റ്റോർ ചെയ്ത കാർ പ്രസിഡന്റ് പ്രണാബ് മുഖർജിയാണ് പുറത്തിറക്കിയത്. നേതാജിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഔഡിയാണ് കാർ പുനരുദ്ധാരണം ചെയ്തത്. നേതാജിയുടെ രക്ഷപെടലിന്റെ 76-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കാർ വീണ്ടും പുറത്തിറക്കിയത്.

netaji-car-3 Wanderer W24

1941-ൽ തറവാട്ടിൽ കരുതൽ തടങ്കലിൽ കഴിയുന്നതിനിടയിലാണു നേതാജി ജർമൻ നിർമിത ‘വാണ്ടറർ’ സെഡാനിൽ ബ്രിട്ടിഷ് സർക്കാരിന്റെ കണ്ണുവെട്ടിച്ചു കടന്നത്. കാവൽക്കാരെ വെട്ടിച്ച നേതാജി ബി എൽ എ 7169 എന്ന റജിസ്ട്രേഷൻ നമ്പറുള്ള ഈ കാറിലാണു കൊൽക്കത്തിയിൽ നിന്ന് ഇപ്പോൾ ജാർഖണ്ഡിലെ ഗോമോയിലേക്കു കടന്നത്. 1941 ജനുവരിയിൽ നടന്ന ആ സാഹസികയാത്രയിൽ മരുമകനായ ശിശിർ കുമാർ ബോസായിരുന്നു കാറിന്റെ സാരഥി.

netaji-car-2 Wanderer W24

ഈ കാർ അവസാനമായി 1978 ൽ നിരത്തിലിറങ്ങിയപ്പോഴും ശിശിൽ ബോസ് തന്നെയായിരുന്നു ഡ്രൈവർ സീറ്റിൽ. അന്ന് നേതാജിയെക്കുറിച്ചുള്ള ഒരു ജാപ്പനീസ് ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു നേതാജിയുടെ മൂത്ത സഹോദരൻ ശരത് ചന്ദ്ര ബോസിന്റെ മകനായി ശിശിർ ഈ കാർ ഓടിച്ചത്. നാലു വാതിലുള്ള സെഡാനായ ‘വാണ്ടറർ’ കാർ പുനഃരുദ്ധരിക്കാനുള്ള ചുമതല നിർമാതാക്കളായ ഔഡിയെ തന്നെയാണ് നേതാജി റിസർച് ബ്യൂറോ(എൻ ആർ ബി) ഏൽപ്പിച്ചിരുന്നത്. കൊൽക്കത്തയിൽ നേതാജിയുടെ തറവാട്ടു വീട്ടിൽ തന്നെയാണു കാർ ഇപ്പോഴുമുള്ളത്.

netaji-car-1 Wanderer W24

ശിശിർ കുമാർ ബോസ് 1937 ലാണ് വാണ്ടറർ ഡബ്ല്യു 24 കാർ സ്വന്തമാക്കുന്നത്. ശിശിർ കുമാർ ബോസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാർ 1955 വരെ സ്ഥിരമായി ഉപയോഗിച്ചിരുന്നു. 1958 ലാണ് ശിശിർ നേതാജി റിസേർച്ച് ബ്യുറോ നേതാജിയുടെ തറവാട്ടു വീട്ടിലെ മ്യൂസിയത്തിൽ കാർ പ്രദര്‍ശനത്തിന് വെയ്ക്കുന്നത്. ഓട്ടോ യൂണിയനിലെ (ഔഡി) അംഗമായ വാണ്ടററാണ് ഡബ്ല്യു 24 നിർമിച്ചത്. 1767 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ പരമാവധി കരുത്ത് 3400 ആർപിഎമ്മിൽ 42 പിഎസ്സാണ്. മണിക്കൂറിൽ 108 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

കാലപ്പഴക്കമേറിയെങ്കിലും പഴമ നഷ്ടപ്പെടാതെയാണ് റീസ്റ്റോർ ചെയ്തിരിക്കുന്നത്. രാജ്യചരിത്രത്തിൽ തന്നെ ഏറെ പ്രസക്തിയുള്ള കാറിന്റെ ആയുസ് നീട്ടാനാണു ശ്രമിച്ചതെന്ന് ബ്യൂറോ സെക്രട്ടറി കാർത്തിക് ചക്രവർത്തി അറിയിച്ചു. നേരത്തെ കാർ ഓടിച്ചിരുന്ന ബ്യൂറോ ജീവനക്കാരൻ നാഗസുന്ദരം മരിച്ചതും ഇതൊരു പ്രദർശനവസ്തുവായി ഒതുങ്ങാൻ ഇടയാക്കിയെന്നു ചക്രവർത്തി പറയുന്നു. കൃഷ്ണബോസും മകൻ സുഗതയും ചേർന്നു നടത്തുന്ന നേതാജി റിസർച് ബ്യൂറോയുടെ പ്രവർത്തനം നേതാജിയുടെ തറവാട് വീടായ നേതാജി ഭവൻ കേന്ദ്രീകരിച്ചാണ്.