Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാജിയെ രക്ഷിച്ച കാറിനു പുതുജീവൻ

Del133978

ബ്രിട്ടീഷുകാരുടെ കരുതൽ തടങ്കലിൽ നിന്നു രക്ഷപ്പെടാൻ സുഭാഷ് ചന്ദ്ര ബോസിനെ സഹായിച്ച ഔഡി കാർ പുനഃരുദ്ധരിക്കാൻ നേതാജിയുടെ കുടുംബാംഗങ്ങൾ ശ്രമം തുടങ്ങി. 1941ൽ തറവാട്ടിൽ കരുതൽ തടങ്കലിൽ കഴിയുന്നതിനിടയിലാണു നേതാജി ജർമൻ നിർമിത ‘വാണ്ടറർ’ സെഡാനിൽ ബ്രിട്ടിഷ് സർക്കാരിന്റെ കണ്ണുവെട്ടിച്ചു കടന്നത്. കാവൽക്കാരെ വെട്ടിച്ച നേതാജി ബി എൽ എ 7169 എന്ന റജിസ്ട്രേഷൻ നമ്പറുള്ള ഈ കാറിലാണു കൊൽക്കത്തിയിൽ നിന്ന് ഇപ്പോൾ ജാർഖണ്ഡിലെ ഗോമോയിലേക്കു കടന്നത്. 1941 ജനുവരിയിൽ നടന്ന ആ സാഹസികയാത്രയിൽ മരുമകനായ ശിശിർ കുമാർ ബോസായിരുന്നു കാറിന്റെ സാരഥി.

netaji-audi

ഈ കാർ അവസാനമായി 1971ൽ നിരത്തിലിറങ്ങിയപ്പോഴും ശിശിൽ ബോസ് തന്നെയായിരുന്നു ഡ്രൈവർ സീറ്റിൽ. അന്നു ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു നേതാജിയുടെ മൂത്ത സഹോദരൻ ശരത് ചന്ദ്ര ബോസിന്റെ മകനായി ശിശിർ ഈ കാർ ഓടിച്ചത്. നാലു വാതിലുള്ള സെഡാനായ ‘വാണ്ടറർ’ കാർ പുനഃരുദ്ധരിക്കാനുള്ള ചുമതല നിർമാതാക്കളായ ഔഡിയെ തന്നെയാണ് നേതാജി റിസർച് ബ്യൂറോ(എൻ ആർ ബി) ഏൽപ്പിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നേതാജിയുടെ തറവാട്ടു വീട്ടിൽ തന്നെയാണു കാർ ഇപ്പോഴുമുള്ളത്. പുനഃരുദ്ധാരണ പരിപാടിയുടെ ഭാഗമായി കാറിന്റെ പെയ്ന്റിങ് പുരോഗമിക്കുകയാണ്.

ഒപ്പം കാലപ്പഴക്കമേറിയ യന്ത്രഘടകങ്ങൾ മാറ്റാനും നീക്കമുണ്ട്. രാജ്യചരിത്രത്തിൽ തന്നെ ഏറെ പ്രസക്തിയുള്ള കാറിന്റെ ആയുസ് നീട്ടാനാണു ശ്രമിക്കുന്നതെന്നു ബ്യൂറോ സെക്രട്ടറി കാർത്തിക് ചക്രവർത്തി അറിയിച്ചു. നൂറോ ഇരുനൂറോ മീറ്റർ പോലുള്ള ചെറുദൂരം കാർ ഓടിക്കാനാവുമോ എന്നതും പരിഗണനയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡിസംബറോടെ കാറിന്റെ അറ്റകുറ്റപ്പണിയും പുനഃരുദ്ധാരണവുമൊക്കെ പൂർത്തിയാവുമെന്നാണു പ്രതീക്ഷ.നിലവിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിരിക്കുകയാണു കാർ. നേരത്തെ കാർ ഓടിച്ചിരുന്ന ബ്യൂറോ ജീവനക്കാരൻ നാഗസുന്ദരം മരിച്ചതും ഇതൊരു പ്രദർശനവസ്തുവായി ഒതുങ്ങാൻ ഇടയാക്കിയെന്നു ചക്രവർത്തി പറയുന്നു.  കൃഷ്ണബോസും മകൻ സുഗതയും ചേർന്നു നടത്തുന്ന നേതാജി റിസർച് ബ്യൂറോയുടെ പ്രവർത്തനം നേതാജിയുടെ തറവാട് വീടായ നേതാജി ഭവൻ കേന്ദ്രീകരിച്ചാണ്.  

Your Rating: