Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർബൺ ഡയോക്സൈഡിൽനിന്ന് പ്ലാസ്റ്റിക്; അഞ്ചു വർഷത്തിനകം കാറുകളിൽ

കാർബൺ ഡയോക്സൈഡ് അസംസ്കൃത പദാർഥമാക്കി ഫോമും പ്ലാസ്റ്റിക് ഘടകങ്ങളും രൂപപ്പെടുത്തിയതായി ഫോഡ് മോട്ടോർ കമ്പനി. ഫോഡ് വാഹനങ്ങളുടെ ഉൽപാദനത്തിൽ ഈ ജൈവ സാമഗ്രികളുടെ ഉപയോഗം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വ്യാപകമാകുമെന്ന് ഗവേഷകർ.

50% വരെ കാർബൺ ഡയോക്സൈഡ് ഉള്ള പോളിയോൾസ് ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫോം, കടുത്ത മാനദണ്ഡങ്ങളിലുള്ള പരീക്ഷണങ്ങൾപോലും അതിജീവിക്കാൻ പര്യാപ്തമാണെന്നത് ഏറെ പ്രതീക്ഷയ്ക്കു വക നൽകുന്നു. സീറ്റ് നിർമാണത്തിലും എൻജിൻ റൂമിലും ഇത് ഉപയോഗിക്കുന്നത് പെട്രോളിയം ഉപയോഗം പ്രതിവർഷം 60 കോടി പൗണ്ട് വരെ കുറയ്ക്കുന്നതിന് വഴിതെളിക്കും. 35000 അമേരിക്കൻ ഭവനങ്ങളുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണിതെന്ന് ഫോ‍ഡ് സസ്റ്റൈനബിലിറ്റി സീനിയർ ടെക്നിക്കൽ ലീഡർ ഡെബ്ൾ മിലേവ്സ്കി പറഞ്ഞു.

ആഗോളതലത്തിൽ ഓരോ സെക്കൻഡിലും 24 ലക്ഷം പൗണ്ട് കാർബൺ ഡയോക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. ആഗോളതലത്തിലെ എണ്ണ ഉപഭോഗത്തിൽ നാലു ശതമാനത്തോളം പ്ലാസ്റ്റിക് നിർമാണത്തിനാണ് വിനിയോഗിക്കപ്പെടുന്നതെന്ന് ബ്രട്ടീഷ് പ്ലാസ്റ്റിക് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.

2013 മുതൽ കമ്പനികൾ, വിതരണക്കാർ, സർവകലാശാലകൾ എന്നിവരുമായി ചേർന്ന് ക്യാപ്ചേഡ് കാർബൺ ഡയോക്സൈഡിന്റെ ഉപപയോഗം കണ്ടെത്താൻ ഫോ‍ഡ് പരിശ്രമിച്ചിരുന്നു. ഇതിൽ ന്യൂയോർക്ക് ആസ്ഥാനമായ നോവോമെർ എന്ന കമ്പനിയാണ് സസ്യങ്ങളിൽനിന്നു പിടിച്ചെടുത്ത കാർബൺ ഡ‍യോക്സൈഡ് ഉപയോഗിച്ച് നൂതന സാമഗ്രികൾക്ക് രൂപം നൽകിയത്. എളുപ്പത്തിൽ പുനഃസംസ്കരിക്കാവുന്ന ഫോമും പ്ലാസ്റ്റിക്കും അടക്കം വിവിധ സാമഗ്രികളാക്കി മാറ്റാവുന്ന പോളിമെറാണ് നോവോമെർ ഉൽപാദിപ്പിച്ചത്. 

Your Rating: