Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റർപില്ലറിൽ നിന്നു പുതിയ ഹൈഡ്രോളിക് എക്സ്കവേറ്റർ

cat-320d2-gc Cat 320D2 GC

നിർമാണോപകരണ ഉൽപ്പാദകരായ കാറ്റർപില്ലറിൽ നിന്നുള്ള രണ്ടു പുതിയ ഉൽപന്നങ്ങൾ കൂടി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. റോഡ് നിർമാണ മേഖലയിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണു യു എസിൽ നിന്നുള്ള കാറ്റർപില്ലർ ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചത്. ഹൈഡ്രോളിക് എക്സ്കവേറ്ററായ കാറ്റ് ‘320 ഡി ടു ജി സി’, വീൽ ലോഡറായ ‘950 എൽ’ എന്നിവയാണു കമ്പനി ഇന്ത്യയിൽ പുതുതായി വിൽപ്പനയ്ക്കെത്തിച്ചത്. റോഡ് നിർമാണത്തിൽ, പ്രത്യേകിച്ചു ദേശീയപാത വികസനത്തിനു കേന്ദ്ര സർക്കാർ നൽകുന്ന പരിഗണനയിലാണു കാറ്റർപില്ലറിന്റെ പ്രതീക്ഷ. ഇത്തരം ഉപകരണങ്ങൾക്കുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനൊപ്പം റോഡ് നിർമാണപദ്ധതികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാനും ‘320 ഡി ടു ജി സി’, ‘950 എൽ’ എന്നിവയുടെ രംഗപ്രവേശം സഹായകമാവുമെന്നു കാറ്റർപില്ലർ അവകാശപ്പെട്ടു.

കാര്യക്ഷമതയും സാങ്കേതികമികവുമുള്ള ഉൽപന്നങ്ങൾക്കുള്ള ആവശ്യം സമീപ ഭാവിയിൽ ഗണ്യമായി ഉയരുമെന്ന് കാറ്റർപില്ലർ ഇന്ത്യ കൺട്രി ഹെഡും മാനേജിങ് ഡയറക്ടറുമായ വിവേകാനന്ദ് വൻമീകനാഥൻ അഭിപ്രായപ്പെട്ടു. പ്രതിദിനം പൂർത്തിയാക്കേണ്ട റോഡ് നിർമാണത്തിനു കേന്ദ്ര സർക്കാർ വ്യക്തമായ ലക്ഷ്യം നിർണയിച്ചതോടെ ഈ മേഖലയിലാവും നിർമാണോപകരണങ്ങൾക്ക് ആവശ്യക്കാരേറുകയെന്നും അദ്ദേഹം പ്രത്യാശിച്ചു.ആഗോളതലത്തിൽ ലഭ്യമായ സാങ്കേതികവിദ്യയും ഉൽപന്നശ്രേണിയും ഇന്ത്യയിലെത്തിച്ചു റോഡ് നിർമാണ മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണു കാറ്റർപില്ലർ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ശാലയിലാണു കമ്പനി പുതിയ ‘320 ഡി ടു ജി സി’ ഹൈഡ്രോളിക് എക്സ്കവേറ്റർ നിർമിക്കുക.

ഖനന, നിർമാണ മേഖലയ്ക്കുള്ള ഉപകരണങ്ങൾക്കു പുറമെ ഡീസൽ, പ്രകൃതി വാതക എൻജിനുകൾ, വ്യാവസായിക ഗ്യാസ് ടർബൈനുകൾ, ഡീസൽ — ഇലക്ട്രിക് ലോക്കോമോട്ടീവുകൾ തുടങ്ങിയവയൊക്കെ കാറ്റർപില്ലർ നിർമിച്ചു വിൽക്കുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമായി അഞ്ചു നിർമാണശാലകളാണു കാറ്റർപില്ലർ ഇന്ത്യയ്ക്കുള്ളത്. ആഭ്യന്തര വിപണിക്കു പുറമെ ദക്ഷിണ പൂർവ ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലും കാറ്റർപില്ലർ ഇന്ത്യയിൽ നിർമിച്ച ഉപകരണങ്ങൾ വിൽക്കുന്നുണ്ട്.