Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കനത്തു; തമിഴകത്ത് വാഹന നിർമാണം സ്തംഭനത്തിൽ

chennai-rain-22

തമിഴ്നാട്ടിലെ തോരാമഴ ചെന്നൈ നഗരപ്രാന്തത്തിലെ വാഹന വ്യവസായത്തെ വീണ്ടും നിശ്ചമാക്കി. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണു തമിഴ്നാട്ടിലെ വാഹന വ്യവസായം മഴ മൂലം പ്രവർത്തനരഹിതമാവുന്നത്. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വാഹന നിർമാണശാലകളുടെയും പ്രവർത്തനം ചൊവ്വാഴ്ച മുതൽ മുടങ്ങിയ നിലയിലാണ്. മഴ മൂലം ഗതാഗതം മുടങ്ങിയതിനാൽ ജീവനക്കാർ എത്തിച്ചേരാത്തതാണു വാഹന നിർമാണശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചത്. വടക്കുകിഴക്കൻ മൺസൂൺ തമിഴ്നാട്ടിൽ കരുത്തുകാട്ടിയതോടെ കഴിഞ്ഞ നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണു കഴിഞ്ഞ മാസം ചെന്നൈയിൽ പെയ്തിറങ്ങിയത്. ഇതോടെ വാഹന നിർമാണം മാത്രമല്ല ചെന്നൈയിലെ വ്യവസായ മേഖല മൊത്തത്തിൽ തന്നെ സ്തംഭനാവസ്ഥയിലാണ്.

ഹ്യുണ്ടേയ്, ഫോഡ്, റെനോ നിസ്സാൻ, ഡെയ്മ്ലർ തുടങ്ങിയ വാഹന നിർമാണ കമ്പനികളുടെയെല്ലാം പ്ലാന്റുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന രണ്ടാം ഷിഫ്റ്റ് മുതൽ ഉൽപ്പാദനം മുടങ്ങിയിട്ടുണ്ട്. മഴ ശക്തമായി തുടർന്നതോടെ ശാലകളിൽ ബുധനാഴ്ച ആദ്യ ഷിഫ്റ്റും പ്രവർത്തിച്ചില്ല. ചൊവ്വാഴ്ച രണ്ടാം ഷിഫ്റ്റ് മുതൽ ഇരിങ്ങാട്ടുകോട്ടൈ ശാലയിൽ ഉൽപ്പാദനം നിലച്ചെന്നു ഹ്യുണ്ടേയ് അറിയിച്ചു. ജി എസ് ടി റോഡിലെ മാരൈമലൈനഗർ ശാല ചൊവ്വാഴ്ച ഉച്ചയോടെ അടച്ചെന്നു ഫോഡ് ഇന്ത്യയും സ്ഥിരീകരിച്ചു. ഒരഗടത്തെ ഡെയ്മ്ലർ, റെനോ നിസ്സാൻ ശാലകളിൽ ചൊവ്വാഴ്ച രണ്ടാം ഷിഫ്റ്റിനു ശേഷമാണു പ്രവർത്തനം നിലച്ചത്. ജീവനക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് അവരോടു ശാല വിടാൻ നിർദേശിക്കുകയായിരുന്നെന്നു റെനോ നിസ്സാൻ അവകാശപ്പെട്ടു.

നഗരത്തിന്റെ ദക്ഷിണ മേഖലയിലെ മഹീന്ദ്ര സിറ്റിയിൽ അസംബ്ലി ലൈനുള്ള ബി എം ഡബ്ല്യുവും ഉൽപ്പാദനം നിർത്തിയിട്ടുണ്ട്. കനത്ത മഴയിൽ ജീവനക്കാർക്ക് പ്ലാന്റിലെത്താനാവാത്തതാണു പ്രശ്നമെന്നും കമ്പനി വിശദീകരിച്ചു. ജീവനക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബി എം ഡബ്ല്യു വ്യക്തമാക്കി. അതുകൊണ്ടുതന്നെ മഴ ശമിച്ചാൽ മാത്രമാവും വരുംദിവസങ്ങളിൽ പ്ലാന്റ് പ്രവർത്തിക്കുകയെന്നും കമ്പനി സൂചിപ്പിച്ചു. വാഹന നിർമാതാക്കൾക്കു പുറമെ അനുബന്ധ ഘടക മേഖലയിലെ കമ്പനികളുടെ പ്രവർത്തനവും മഴമൂലം നിലച്ചിട്ടുണ്ട്. ചെന്നൈയുടെ പശ്ചിമ മേഖലയിലെ പാഡിയിലുള്ള വീൽസ് ഇന്ത്യ പ്ലാന്റ് ചൊവ്വാഴ്ച രാത്രിയോടെ പ്രവർത്തനം നിർത്തി. ശാലയിൽ വെള്ളം കയറിയിട്ടില്ലെങ്കിലും സുരക്ഷിതത്വം മുൻനിർത്തി ഫാക്ടറി അടച്ചെന്നാണു വീൽസ് ഇന്ത്യയുടെ വിശദീകരണം. ഒരഗടത്തെ അപ്പോളൊ ടയേഴ്സ് യൂണിറ്റിൽ ചൊവ്വാഴ്ച ആദ്യ ഷിഫ്റ്റ് സാധാരണ നിലയിൽ പൂർത്തിയായി; എന്നാൽ രണ്ടാം ഷിഫ്റ്റിൽ ആവശ്യത്തിനു ജീവനക്കാർ എത്താതെ ഉൽപ്പാദനം മുടങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.