Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവർലെ കാറുകളുടെ വില കൂടും

Beat Beat

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവേറിയതും വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും പരിഗണിച്ച് 30,000 രൂപയുടെ വരെ വർധനയാണു ജനുവരിയിൽ പ്രാബല്യത്തിലെത്തുകയെന്നും കമ്പനി വ്യക്തമാക്കി. മോഡൽ അടിസ്ഥാനമാക്കി ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ വിലവർധനയാണു ജനുവരി ഒന്നിനു നടപ്പാവുകയെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് നെറ്റ്‌വർക്ക്) ഹർദീപ് ബ്രാർ അറിയിച്ചു. ഇതോടെ മിക്ക മോഡലുകളുടെ വില 30,000 രൂപ വരെ ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു.

വർഷം തോറും അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാൽ വാഹനവിലയിലും വർധന അനിവാര്യമാണ്. ഇപ്പോഴാവട്ടെ വിപണി സാഹചര്യങ്ങൾ പ്രതികൂലമായതാണു വില വർധന പ്രഖ്യാപനം വൈകാൻ ഇടയാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വാഹന നിർമാണത്തിനും ഭരണപരമായ ചെലവുകളും പരിഗണിച്ച് വില നിർണയിക്കുന്ന രീതിയാണു ജി എമ്മും പിന്തുടരുന്നതെന്നും ബ്രാർ അറിയിച്ചു. വിദേശ നാണയ വിനിമയ നിരക്കിൽ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ചാഞ്ചാട്ടവും നാണ്യപ്പെരുപ്പ നിരക്കിലെ വർധനയുമൊക്കെയാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്. ഇതോടൊപ്പം അസംസ്കൃത വസ്തു വിലയും ഗണ്യമായി ഉയർന്നതോടെ വാഹന വില കൂട്ടാതെ മറ്റു മാർഗമില്ലാത്ത സ്ഥിതിയാണെന്ന് ബ്രാർ വിശദീകരിക്കുന്നു.

ഡൽഹി ഷോറൂമിൽ 3.95 ലക്ഷം രൂപ വിലമതിക്കുന്ന ഹാച്ച്ബാക്കായ ‘ബീറ്റ്’ മുതൽ 24.37 ലക്ഷം രൂപ വിലയുള്ള ‘ട്രെയ്ൽ ബ്ലേസർ’ എസ് യു വി വരെ നീളുന്നതാണു ജി എമ്മിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി. പുതവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹ്യുണ്ടേയ് മോട്ടോർ, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, നിസ്സാൻ, റെനോ, മെഴ്സീഡിസ് ബെൻസ്, ഹോണ്ട കാഴ്സ് തുടങ്ങിയ നിർമാതാക്കളെല്ലാ വില വർധന നടപ്പാക്കുമെന്നു വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതു വരെ വില വർധന പ്രഖ്യാപിച്ചിട്ടില്ല.