Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര കാറിന് 10% അധിക നികുതിയുമായി ചൈന

rolls-royce-dawn Rolls Royce Dawn

അത്യാംഡര കാറുകൾക്ക് 10% അധിക നികുതി ഈടാക്കാൻ ചൈന തീരുമാനിച്ചു. 13 ലക്ഷം യുവാനി(ഏകദേശം 1.30 കോടി രൂപ)ലേറെ വില മതിക്കുന്ന കാറുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതി ‘ലംബോർഗ്നി’യും ‘ഫെറാരി’യും പോലുള്ള ഇറ്റാലിയൻ ആഡംബര കാർ ബ്രാൻഡുകൾക്കാണു തിരിച്ചടിയാവുക. അത്യാഡംബരത്തോടും ആർഭാടത്തോടുമുള്ള ആഭിമുഖ്യം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണു കാറുകൾക്കു പുതിയ നികുതി ഏർപ്പെടുത്തിയത്. വിവേകപൂർണമായ വാഹന വിൽപ്പന ഉറപ്പാക്കാനും ഊർജക്ഷമതയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പുതിയ നികുതി വ്യാഴാഴ്ച പ്രാബല്യത്തിലെത്തിയതായും ചൈനയിലെ ധനമന്ത്രാലയം അറിയിച്ചു.

ചൈനയിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ പ്രമുഖർക്കും പ്രശസ്തർക്കുമിടയിൽ സമ്പാദ്യശീലം വളർത്താനാണു പുതിയ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ഇത്തരം നടപടികളിലൂടെ പണത്തിന്റെ പിൻബലത്തിലുള്ള ആർഭാടവും പ്രദർശനവുമൊക്കെ നിയന്ത്രിക്കാനും കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നുണ്ട്.
മിതവ്യയം പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാർ നയമാണു പുതിയ നികുതി നിർദേശത്തിൽ പ്രതിഫലിക്കുന്നതെന്നു പാസഞ്ചർ കാർ അസോസിയേഷൻ സെക്രട്ടറി ജനറൽ കുയ് ഡോങ്ഷു അഭിപ്രായപ്പെട്ടു. വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇപ്പോൾതന്നെ 25% നികുതിയാണു ചൈന ഈടാക്കുന്നത്.ഫെറാരിക്കും ലംബോർഗ്നിക്കും പുറമെ ആസ്റ്റൻ മാർട്ടിൻ, റോൾസ് റോയ്സ് തുടങ്ങിയ നിർമാതാക്കൾക്കും പുതിയ നികുതി അധിക ബാധ്യത സൃഷ്ടിക്കും. ജർമൻ നിർമാതാക്കളായ മെഴ്സീഡിസിന്റെയും ബി എം ഡബ്ല്യുവിന്റെയും മുന്തിയ വകഭേദങ്ങൾക്കും വില കൂടും.

ഉയർന്ന ഇറക്കുമതി ചുങ്കത്തിനൊപ്പം ആഭ്യന്തര നിർമാതാക്കളിൽ നിന്നുള്ള കടുത്ത മത്സരം കൂടിയായതോടെ ചൈനയിലേക്കുള്ള കാർ ഇറക്കുമതി തുടർച്ചയായ രണ്ടാം വർഷവും ഗണ്യമായ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരി — ഒക്ടോബർ കാലത്ത് മൊത്തം 8.50 ലക്ഷം വാഹനങ്ങളാണു ചൈനയിലേക്ക് ഇറക്കുമതി ചെയ്തത്. 2015ൽ ഇതേ കാലത്തെ അപേക്ഷിച്ച് 6.4% കുറവാണിതെന്നാണു കസ്റ്റംസ് അധികൃതരുടെ കണക്ക്.
അതേസമയം വെല്ലുവിളികളെ അതിജീവിച്ചും ഫെറാരി പോലുള്ള സ്പോർട്സ് കാർ ബ്രാൻഡുകൾ ചൈനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇക്കൊല്ലം രണ്ടാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 26% വളർച്ചയോടെ 160 കാറുകളാണ് ഇറ്റാലിയൻ നിർമാതാക്കൾ ചൈനയിൽ വിറ്റത്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന, ആഡംബര കാർ നിർമാതാക്കളെ സംബന്ധിച്ചിടത്തോളവും സ്വർണ ഖനിയാണ്. ശക്തമായ അഴിമതി വിരുദ്ധ പ്രചാരണളും തുടർനടപടികളുമായി കമ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തിയിട്ടും ആഡംബര കാർ വിൽപ്പനയിൽ കാര്യമായ ഇടിവു നേരിട്ടിരുന്നില്ല.  

Your Rating: