Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയുടെ സ്വന്തം ജെറ്റ് ‘എ ആർ ജെ 21’

arj21-700-aircraft2 എ ആർ ജെ 21

ഹ്രസ്വദൂര യാത്രകൾക്കായി ചൈന സ്വന്തമായി വികസിപ്പിച്ചു നിർമിച്ച ആദ്യ വാണിജ്യ വിമാനമായ ‘എ ആർ ജെ 21’ ഉടമകളായ ചെങ്ഡു എയർലൈൻസിനു കൈമാറി. 90 പേർക്കു യാത്ര ചെയ്യാവുന്ന ഇരട്ട എൻജിനുള്ള ‘സിയാങ്ഫെങ്’ വിമാനത്തിന്റെ നിർമാതാക്കൾ ഷാങ്ഹായ് ആസ്ഥാനമായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപറേഷൻ ഓഫ് ചൈന(കൊമാക്) ആണ്. ‘പറക്കും ഫീനിക്സ്’ എന്ന് അർഥമുള്ള ‘സിയാങ്ഫെങ്ങി’ന് ഒറ്റടയിക്ക് 2,200 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ യാത്രാത്തിരക്കേറിയ ചെങ്ഡു — ബെയ്ജിങ്, ചെങ്ഡു — ഷാങ്ഹായ് റൂട്ടുകളിൽ വിമാനത്തിന് ആവശ്യക്കാരേറുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ. റിപബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള മൂന്നെണ്ണമടക്കം 19 എയർലൈനുകളിൽ നിന്നായി മുന്നൂറോളം ഓർഡറുകളാണ് ‘എ ആർ ജെ 21’ ഇതുവരെ നേടിയത്. രാജ്യാന്തര നിലവാരം പാലിച്ച് ചൈന നിർമിക്കുന്ന ആദ്യ റീജനൽ ജെറ്റ് എന്നതാണ് ‘സിയാങ്ഫെങ്ങി’ന്റെ പ്രധാന പെരുമ.

arj21-700-aircraft എ ആർ ജെ 21

ഏഴു വർഷം മുമ്പ് 2008ലായിരുന്നു ‘എ ആർ ജെ 21’ ആദ്യമായി ആകാശത്തേക്കു പറന്നുയർന്നത്. തുടർന്ന് ആറു വർഷമായി തുടരുന്ന പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണു സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയും യു എസ് ഫെഡറൽ ഏവിയേഷൻ എജൻസിയും ഈ വിമാനത്തിനു പറക്കാനുള്ള അനുമതികൾ നൽകിയത്. ചൈന സ്വന്തമായി വികസിപ്പിക്കുന്ന വലിയ യാത്രാവിമാനമായ ‘സി 919’ നിർമാണത്തിനും ‘എ ആർ ജെ 21’ നേടിയ വിജയം അടിത്തറയാവുമെന്നാണു പ്രതീക്ഷ. ഏഴു വർഷം കൊണ്ടാണു കൊമാക് ‘സി 919’ വിമാനത്തിന്റെ രൂപകൽപ്പനയും പ്രധാന പരീക്ഷണങ്ങളും പൂർത്തിയാക്കിയത്. ‘എയർബസ് എ 320’, ‘ബോയിങ് ബി 737’ തുടങ്ങിയവയോട് ഏറ്റുമുട്ടാനുള്ള ‘സി 919’ വിമാനം നവംബർ ആദ്യം ചൈന ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളോടു മത്സരിക്കാവുന്ന തലത്തിലേക്കു ചൈനയുടെ വ്യോമയാന വ്യവസായ മേഖല പുരോഗമിക്കുന്നുണ്ടെന്ന് ‘എ ആർ ജെ 21’ പദ്ധതിയുടെ ചീഫ് കമാൻഡറായ ലു റോൺഗ്വായ് അവകാശപ്പെട്ടു.

arj21-700-aircraft എ ആർ ജെ 21

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത വിപണിയാണു ചൈന; 21 വൻകിട വിമാനത്താവളങ്ങൾ വഴി പ്രതിവർഷം ഒരു കോടിയിലേറെ യാത്രക്കാരാണു കടുന്നു പോകുന്നത്. നിലവിൽ മൂവായിരത്തോളം വിമാനങ്ങൾ സർവീസ് നടത്തുന്ന ചൈനയിൽ ബോയിങ്ങിന്റെയും എയർബസിന്റെയും ആധിപത്യമാണ്. ഈ വിപണിയിലേക്കാണ് ആദ്യ ചൈനീസ് നിർമിത വിമാനമായ ‘എ ആർ ജെ 21’ അരങ്ങേറ്റം കുറിക്കുന്നത്. ‘എ ആർ ജെ 21’ വിമാനത്തിന്റെ ആദ്യ ഉപയോക്താക്കളായ ചെങ്ഡു എയർലൈൻസ് ഇത്തരത്തിൽപെട്ട അഞ്ചു വിമാനം കൂടി ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഈ വിമാനങ്ങൾ നിർമിച്ചു നൽകുമെന്നാണു പ്രതീക്ഷ. അഞ്ചോ ആറോ വർഷത്തിനകം ഇത്തരത്തിൽപെട്ട 30 വിമാനങ്ങൾ സ്വന്തമാക്കാനാണു ചെങ്ഡു എയർലൈൻസിന്റെ പദ്ധതി. മൂന്നു മാസത്തിനുള്ളിൽ ഏഴ് ആഭ്യന്തര റൂട്ടുകളിൽ ‘എ ആർ ജെ 21’ സർവീസ് തുടങ്ങുമെന്ന് ചെങ്ഡു എയർലൈൻസ് ഡപ്യൂട്ടി മാനേജർ ഹി പിവെൻ അറിയിച്ചു. ക്രമേണ ദക്ഷിണ പൂർവ ഏഷ്യൻ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കും ഈ വിമാനം സർവീസിനെത്തുമെന്നാണു സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.