Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷത്തിന്റെ വിൽപ്പന തിളക്കത്തോടെ സിറ്റി

Honda City

ഒന്നേകാൽ വർഷത്തിനിടെ ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ച് ’ഹോണ്ട സിറ്റിയുടെ തകർപ്പൻ പ്രകടനം. ഇടത്തരം സെഡാനായ ’സിറ്റിയുടെ നാലാം തലമുറ മോഡലാണ് നിരത്തിലെത്തി 15 മാസത്തിനകം ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ അഭിമാനതാരമായത്. കൂടാതെ ഈ വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന മോഡൽ എന്ന പെരുമയും ’സിറ്റി സ്വന്തമാക്കി. 2014 ജനുവരിയിൽ പുറത്തെത്തിയ നാലാം തലമുറ ’സിറ്റിയൂടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 1,01,299 യൂണിറ്റാണെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

’സിറ്റി ആദ്യമായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത് 1998 ജനുവരിയിലായിരുന്നു. മുമ്പിറങ്ങിയ മൂന്നു തലമുറ മോഡലുകളും ചേർന്ന് മൊത്തം 4.30 ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചതോടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വിജയം കൊയ്ത സെഡാൻ എന്ന പെരുമയും ’സിറ്റിക്കു സ്വന്തമാണ്.

അവതരണ വേളയിൽ മികച്ച സ്വീകാര്യത കൈവരിച്ച ഹ്യുണ്ടായ് ’വെർണ ആദ്യ 15 മാസത്തിനിടെ നേടിയ വിൽപ്പന 70,000 യൂണിറ്റിന്റേതായിരുന്നു. പോരെങ്കിൽ ’വെർണയ്ക്ക് നാല് എൻജിൻ സാധ്യതകളുടെ പിൻബലവും സ്വന്തമായിരുന്നു. 1.4 ലീറ്റർ, 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെയായിരുന്നു ’വെർണയുടെ വരവ്.

സ്വന്തം കരുത്തുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഹോണ്ട കാട്ടിയ മികവാണു ’സിറ്റിയുടെ കുതിപ്പിനു കാരണമെന്നാണു വിപണിയുടെ വിലയിരുത്തൽ. തകർപ്പൻ പെട്രോൾ എൻജിനു കൂട്ടായി പ്രകടനക്ഷമതയേറിയ ’എർത്ത് ഡ്രീംസ് ഡീസൽ എൻജിൻ കൂടി വന്നതിനൊപ്പം അകത്തളത്തിലെ സ്ഥലസൗകര്യവും മികച്ച ഇന്റീരിയറുമൊക്കെ ചേർന്നതോടെ ’സിറ്റിക്കു സ്വാഭാവികമായും സ്വീകാര്യതയേറി.

പോരെങ്കിൽ തുടക്കം മുതൽ വിജയം വരിച്ചു മുന്നേറിയ ചരിത്രമാണു’സിറ്റിയുടേത്. മുൻതലമുറ മോഡലുകളിലെ കരുത്ത് നിലനിർത്തിയതിനൊപ്പം ഇന്ത്യൻ സാഹചര്യത്തിൽ അനിവാര്യതയായ ഡീസൽ എൻജിൻ ലഭ്യമാക്കുക കൂടി ചെയ്തതോടെ പുതിയ ’സിറ്റിയും വിജയവഴിയിൽ തുടരുന്നതിൽ അത്ഭുതമേതുമില്ല. കഴിഞ്ഞ വർഷം പഴയ ’സിറ്റി 21,530 യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കിയ സ്ഥാനത്താണു പുതിയ ’സിറ്റി പുതുചരിത്രം രചിച്ചത്.

പുതുവർഷത്തിലും പുതിയ ’സിറ്റിയോടുള്ള ആഭിമുഖ്യം ഇടിയുന്നില്ലെന്നാണു വിൽപ്പന കണക്കുകൾ നൽകുന്ന സൂചന; കഴിഞ്ഞ ജനുവരി — ഫെബ്രുവരി മാസങ്ങളിലായി പതിനാലായിരത്തിലേറെ യൂണിറ്റായിരുന്നു കാറിന്റെ വിൽപ്പന. അതേസമയം ’സിറ്റിയോടുള്ള പ്രിയം മറ്റു മോഡലുകളോട് ഇന്ത്യക്കാർ പ്രകടിപ്പിക്കാത്തതു ഹോണ്ടയ്ക്കു വെല്ലുവിളിയാവുന്നുണ്ട്. 2014ൽ മൊത്തം വിറ്റ 1.79 ലക്ഷം കാറുകളിൽ 77,000 എണ്ണവും ’സിറ്റിയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലെ മൊത്തം വിൽപ്പനയായ 22,696 കാറുകളിൽ 9,777 എണ്ണവും ’സിറ്റിയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.