Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയെ പുതുമയാക്കിയ കാറുകൾ

9457_alvis-4.3-litre-short-chassi-vanden-plas

ക്ലാസിക്കൽ കാറുകള്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് ഭംഗിയും പാരമ്പര്യവും ഒരുപോലെ ഒത്തുചേർന്ന പഴയകാല സൂപ്പർ താരങ്ങൾ പുനർജനിച്ചിരിക്കുകയാണ്. ദുബായ് രാജ്യാന്തര ഓട്ടോഷോയിലാണ് കാറുകളുടെ പുനർജനനം. രൂപത്തിനും ഭാവത്തിനും മാറ്റം വരുത്താതെ അതേ തനിമ നിലനിർത്തിയാണ് 2016 മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയുടെയും മറ്റും കാര്യത്തിൽ കാലിക മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണു പഴയ കാറുകളുടെ പുതിയ അവതാരം.

ഇംഗ്ലണ്ടിലെ ആൽവിസ് കാർ കമ്പനിയാണു ക്ലാസിക് കാർ ആരാധകർക്കായി പതിറ്റാണ്ടുകൾ പഴക്കമുള്ള കാറുകൾ പുതുതായി നിർമിച്ചു നൽകുന്നത്. 1938ൽ ഇറങ്ങിയ ലോകത്തെ ആദ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കാറായ വാൻഡെൻ പ്ലാസ് ആണ് പുത്തനായെത്തുന്നവയിൽ ഒന്ന്. 4.3 ലീറ്റർ ശേഷിയുള്ള കാർ 7.6 സെക്കൻഡിൽ 50 മൈൽ വേഗം നേടും. ആധുനിക കാറുകളോട് കിടപിടിക്കുന്ന പ്രവർത്തന ശേഷിയാണ് പ്രത്യേകതയെന്ന് കമ്പനി പ്രതിനിധി അലൻ സ്റ്റോറ്റ് വിശദീകരിച്ചു

1938_Buick_44_Lancefield

1938–ലെ ലണ്ടൻ മോട്ടോർ ഷോയ്‌ക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്‌ത ലാൻസ്‌ഫീൽഡ് ആണ് മറ്റൊരു താരം. നാലു പേർക്ക് ഇരിക്കാവുന്ന തുറന്ന കാറാണിത്. ആറു സിലിണ്ടർ ശേഷിയുള്ള ബെർടെലി സ്‌പോർട്‌സ് കാറും കൂട്ടത്തിലുണ്ട്. രണ്ടു ഡോറുള്ള അത്യാഡംബര കാർ 1935ൽ പാരിസ് മോട്ടോർ ഷോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇളം നീല നിറത്തിലുള്ള പാർക്ക് വാർഡാണ് പുതുതായി ഇറക്കുന്ന മറ്റൊരു വിന്റേജ് കാർ. മണിക്കൂറിൽ 120 മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും. തിരഞ്ഞെടുത്ത ഓരോ മോഡലുകളുടെയും 25 പതിപ്പുകൾ മാത്രമേ പുറത്തിറക്കൂ.

10 മുതൽ 20 ലക്ഷത്തോളം ദിർഹമാണ് വില. അതിനാൽ കാർ സ്വന്തമാക്കണമെങ്കിൽ വാഹനപ്രേമം മാത്രം പോരാ കൈ നിറയെ പണവും വേണം. ദുബായ് രാജ്യാന്തര മോട്ടോർ ഷോയോടനുബന്ധിച്ച് ക്ലാസിക് കാറുകളുടെ താൽക്കാലിക മ്യൂസിയം ഒരുക്കിയിരുന്നു. വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാളിൽ ക്ലാസിക് കാറുകളുടെ നാൽപതു വർഷത്തെ ചരിത്രത്തിലേക്ക് ടോപ് ഗിയറിൽ പോകാനുള്ള അവസരമായിരുന്നു ഇത്.

1951ൽ ഇറങ്ങിയ റിലെ ആർഎംസി റോഡ്‌സ്‌റ്റർ, 55–ലെ മെഴ്‌സിഡീസ് ബെൻസ്, 1960–ലെ മിനി കൂപ്പർ എസ്, 1965–ലെ റോൾസ് റോയ്‌സ്, 74–ലെ ഫെറാറി ഡിനോ, ലാൻഡ് റോവർ തുടങ്ങി അക്കാലത്തെ സൂപ്പർ താരങ്ങളുടെ നിരതന്നെയുണ്ട്. 86 വർഷത്തെ പഴക്കമുള്ള 1929–ലെ ഫോർഡാണ് പഴമയുടെ പ്രൗഢി വിളിച്ചറിയിക്കുന്നത്. യുഎഇ സ്വദേശി നബീൽ അഹ്‌മദിന്റേതാണ് ഈ വാഹനം. 1950 മുതൽ 1980 വരെ ഇറങ്ങിയ സൂപ്പർ കാറുകൾ ഉൾപ്പെട്ട മോട്ടോറിങ് നൊസ്‌റ്റാൾജിയ മ്യൂസിസം വാഹനപ്രേമികൾക്ക് ആവേശമായി. പ്രമുഖ കാർ കമ്പനികൾ പുതിയ മോഡലുകൾ രംഗത്തിറക്കിയ മോട്ടോർ ഷോ ഇന്നലെ സമാപിച്ചു