Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവ് ചുരുക്കൽ: ഓട്ടോ എക്സ്പോയ്ക്കില്ലെന്നു പ്രമുഖർ

Auto Expo 2016

ചെലവിലെ വർധനയെ തുടർന്നു ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ നിന്നു വിട്ടുനിൽക്കാൻ പ്രമുഖ വാഹന നിർമാതാക്കളുടെ തീരുമാനം. ഓട്ടോ എക്സ്പോയിലെ പങ്കാളിത്തത്തിനായി മുടക്കേണ്ടി വരുന്ന തുക ഉൽപന്ന വികസനത്തിനും വിപണന പരിപാടികൾക്കുമായി നീക്കിവയ്ക്കാനാണ് ഈ കമ്പനികളുടെ നീക്കം. ഓട്ടോ എക്സ്പോയിൽ പങ്കെടുക്കാനുള്ള ചെലവ് അഞ്ചു കോടി മുതൽ 15 കോടി രൂപ വരെയാണെന്നാണു കണക്ക്.

അതേസമയം മൂന്നു വർഷമായി വാടക നിരക്ക് ഉയർത്തിയിട്ടില്ലെന്നാണ് ഓട്ടോ എക്സ്പോ സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സി(സയാം)മിന്റെ നിലപാട്. മറ്റു പല രാജ്യാന്തര വാഹന പ്രദർശനങ്ങളെ അപേക്ഷിച്ച് ഓട്ടോ എക്സ്പോയിലെ വാടക നിരക്കുകൾ കുറവാണെന്നും സംഘാടകർ വാദിക്കുന്നു.

ഇരുചക്രവാഹന വിഭാഗത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡ്, റോയൽ എൻഫീൽഡ്, ഹാർലി ഡേവിഡ്സൻ എന്നീ നിർമാതാക്കൾ ഓട്ടോ എക്സ്പോയ്ക്ക് എത്തില്ലെന്നാണു സൂചന. കാർ നിർമാതാക്കളിൽ ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട സ്കോഡയും സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോയും എക്സ്പോയിൽ ഇടംപിടിച്ചേക്കില്ല.

ഇന്ത്യയിൽ നിന്നല്ലാത്ത കമ്പനികൾക്ക് സ്വന്തം വിലാസം പരിചയപ്പെടുത്താൻ ഓട്ടോ എക്സ്പോ പോലുള്ള പ്രദർശനങ്ങൾ അനിവാര്യമാണെന്നാണു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജിന്റെ അഭിപ്രായം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള നിർമാതാക്കളായതിനാൽ ബജാജ് ഓട്ടോയ്ക്ക് ഈ പ്രദർശനത്തിലെ പങ്കാളിത്തം അനിവാര്യതയല്ല. അതേസമയം ബജാജ് ഓട്ടോ എന്ന പേരു പരിചിതമല്ലാത്ത അംഗോളയിലെ നൈജീരിയയിലോ നടക്കുന്ന വാഹന പ്രദർശനത്തെ കമ്പനിക്ക് അവഗണിക്കാനുമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പുതിയ മോഡലുകൾ അവതരിപ്പിക്കാനില്ല എന്ന കാരണത്താലാണ് യു എസിൽ നിന്നുള്ള ഹാർലി ഡേവിഡ്സൻ ഓട്ടോ എക്സ്പോയോടു മുഖം തിരിക്കുന്നതെന്നാണു സൂചന. അടുത്ത വർഷത്തേക്കുള്ള വിപണന പദ്ധതിയിൽ ഓട്ടോ എക്സ്പോ ഇടംപിടിച്ചിട്ടില്ലെന്ന് സ്കോഡ ഇന്ത്യയും വ്യക്തമാക്കുന്നു. അതിനിടെ ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളായ ജീപ്പിന്റെയും മസെരാട്ടിയുടെയും ഉദയത്തിനും അടുത്ത ഓട്ടോ എക്സ്പോ വേദിയാകും.

ഓട്ടോ എക്സ്പോയോടനുബന്ധിച്ചുള്ള വാഹന പ്രദർശനം ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ട് ആൻഡ് സെന്ററിലാണു നടക്കുക. എക്സ്പോയുടെ ഭാഗമായി വാഹനഘടക നിർമാതാക്കൾ അണിനിരക്കുന്ന കംപോണന്റ് ഷോ നാലു മുതൽ ഏഴു വരെ പ്രഗതി മൈതാനത്താവും അരങ്ങേറുക. ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം എ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ), സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) എന്നീ സംഘടനകൾ സംയുക്തമായാണു രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്.

related stories