Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി: ചെലവ് 2 ലക്ഷം കോടി രൂപ

Refinery

പൊതുമേഖല എണ്ണ വിപണന കമ്പനികളും എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡും ചേർന്നു സ്ഥാപിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയ്ക്കു പ്രതീക്ഷിക്കുന്ന നിർമാണ ചെലവ് രണ്ടു ലക്ഷം കോടിയോളം രൂപ. രാജ്യത്തിന്റെ പശ്ചിമ തീരത്തു സ്ഥാപിക്കുന്ന ശുദ്ധീകരണശാലയും മെഗാ പെട്രോകെമിക്കൽ കോംപ്ലക്സും രണ്ട് ഘട്ടമായിട്ടാവും പൂർത്തിയാക്കുക. പ്രതിവർഷം ആറു കോടി ടൺ അസംസ്കൃത എണ്ണയാവും റിഫൈനറിയുടെ ശുദ്ധീകരണ ശേഷി. ഒന്നാം ഘട്ടത്തിൽ നാലു കോടി ടൺ ശുദ്ധീകരണശേഷിയുള്ള റിഫൈനറി, അരോമാറ്റിക് കോംപ്ലക്സ്, നാഫ്ത ക്രാക്കർ, പോളിമർ കോംപ്ലക്സ് എന്നിവ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) ഡയറക്ടർ (റിഫൈനറീസ്) സഞ്ജീവ് സിങ് അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ അഞ്ചു മുതൽ ആറു വർഷത്തിനകം പൂർത്തിയാവുന്ന ഈ ഘട്ടത്തിനു പ്രതീക്ഷിക്കുന്ന ചെലവ് 1.20 — 1.50 ലക്ഷം കോടി രൂപയാണ്. രണ്ടാം ഘട്ടത്തിന് 50,000 — 60,000 കോടി രൂപ ചെലവാകുമെന്നാണു കണക്ക്. രണ്ടു കോടി വീതം ശുദ്ധീകരണ ശേഷിയുള്ള മൂന്നു യൂണിറ്റാവും റിഫൈനറിയിലുള്ളത്; ഇതിൽ ആദ്യ രണ്ടെണ്ണം ആദ്യ ഘട്ടത്തിൽ തന്നെ സ്ഥാപിതമാവും. മെഗാ സമുച്ചയത്തിന് 12,000 — 15,000 ഏക്കർ ഭൂമിയാണ് ആവശ്യമുള്ളത്. മഹാരാഷ്ട്ര തീരത്തെ രണ്ടോ മൂന്നോ സ്ഥലങ്ങളാണു നിലവിൽ പദ്ധതിക്കായി പരിഗണനയിലുള്ളത്.

സ്വന്തം ശുദ്ധീകരണ ശാലകളെല്ലാം വടക്കേ ഇന്ത്യയിലായതിനാൽ കുറച്ചു നാളായി പശ്ചിമ തീരത്ത് റിഫൈനറി സ്ഥാപിക്കാൻ ഐ ഒ സി ശ്രമം നടത്തുന്നുണ്ട്. പശ്ചിമ, ദക്ഷിണ ഇന്ത്യയിലെ ഇടപാടുകാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഈ മേഖലയിൽ പുതിയ ശാല അത്യാവശ്യമാണെന്നാണ് ഐ ഒ സിയുടെ വിലയിരുത്തൽ. അതേസമയം മുംബൈയിൽ നിലവിലുള്ള ശാലകളുടെ ഉൽപ്പാദനത്തിലുള്ള പരിമിതികൾ കണക്കിലെടുത്താണു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും(എച്ച് പി സി എൽ) ഭാരത് പെട്രോളിയം കോർപറേഷനും(ബി പി സി എൽ) ഈ പദ്ധതിയിൽ പങ്കാളികളാവുന്നത്. പെട്രോൾ, ഡീസൽ, എൽ പി ജി, എ ടി എഫ് എന്നിവയ്ക്കൊപ്പം മഹാരാഷ്ട്രയിലെ പ്ലാസ്റ്റിക്, രാസവസ്തു, വസ്ത്ര നിർമാണ വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തു ലഭ്യമാക്കുന്ന പെട്രോകെമിക്കൽ പ്ലാന്റുകൾക്കുള്ള ഫീഡ്സ്റ്റോക്കും ഈ റിഫൈനറി നിർമിക്കുമെന്ന് സഞ്ജീവ് സിങ് വെളിപ്പെടുത്തി.

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ റിഫൈനറി ഐ ഒ സി ഒറീസയിലെ പാരദീപിൽ സ്ഥാപിച്ച ശാലയാണ്; പ്രതിവർഷം 1.5 കോടി ടണ്ണാണു ശാലയുടെ ശുദ്ധീകരണ ശേഷി. സ്വകാര്യ മേഖലയിലാവട്ടെ റിലയൻസ് ഇൻഡ്സ്ട്രീസിന്റേതാണ് ഏറ്റവും വലിയ റിഫൈനറി. ഗുജറാത്തിലെ ജാംനഗറിൽ 2.7 കോടി ടൺ ശേഷിയോടെ പ്രവർത്തനം തുടങ്ങിയ റിഫൈനറിയുടെ ശേഷി പിന്നീട് 3.30 കോടി ടണ്ണായി ഉയർത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം കയറ്റുമതിക്കായി 2.9 കോടി ടൺ ശേഷിയുള്ള മറ്റൊരു ശാലയും റിലയൻസ് സ്ഥാപിച്ചു. മധ്യ പൂർവ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും ദക്ഷിണ അമേരിക്കയിൽ നിന്നുമൊക്കെ ക്രൂഡ് ഓയിൽ എത്തിക്കാനുള്ള സൗകര്യം മുൻനിർത്തിയാണു പുതിയ റിഫൈനറിക്കായി കമ്പനികൾ പശ്ചിമ തീരം പരിഗണിക്കുന്നത്. മഹാരാഷ്ട്രയിലെ ഈ നിർദിഷ്ട ശുദ്ധീകരണ ശാലയുടെ ആദ്യഘട്ടം പൂർത്തിയാവുമ്പോൾ തന്നെ അതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറിയായി മാറും.