Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുക്കിങ്ങിൽ പുതുചരിത്രം രചിച്ച് ഹ്യുണ്ടേയ് ‘ക്രേറ്റ’

creta-main Hyundai Creta

വാഹന ബുക്കിങ്ങിൽ പുതിയ ചരിത്രം രചിച്ചു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’. എട്ടു മാസത്തിനിടെ അഞ്ചു ലക്ഷത്തിലേറെ അന്വേഷണങ്ങൾ സൃഷ്ടിച്ച ‘ക്രേറ്റ’യ്ക്കായി ഒരു ലക്ഷത്തോളം ബുക്കിങ്ങും ലഭിച്ചു; ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു ലക്ഷം യൂണിറ്റിന്റെ ബുക്കിങ് സ്വന്തമാക്കിയാണു ‘ക്രേറ്റ’ ചരിത്രം രചിച്ചത്. കഴിഞ്ഞ ജൂലൈയിൽ നിരത്തിലെത്തിയ ‘ക്രേറ്റ’യുടെ ഇതു വരെയുള്ള കയറ്റുമതി 16,000 യൂണിറ്റാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും ‘ക്രേറ്റ’ തരംഗമാണെന്നാണു ഹ്യുണ്ടേയ് അവകാശപ്പെടുന്നത്. വാഹനം വിൽപ്പനയ്ക്കെത്തിയ ലാറ്റിൻ അമേരിക്ക(കൊളംബിയ, കോസ്റ്ററിക്ക, പെറു, പാനമ), മധ്യ പൂർവ(ഒമാൻ, യു എ ഇ, സൗദി അറേബ്യ), ആഫ്രിക്ക(ഈജിപ്ത്, മൊറോക്കൊ, നൈജീരിയ) മേഖലകളിലെല്ലാം ‘ക്രേറ്റ’ ആരാധകരുടെ ബാഹുല്യമാണത്രെ.

creta-2 Hyundai Creta

നാട്ടിലും വിദേശത്തുമായി ലഭിച്ച ആവേശകരമായ സ്വീകരണമാണു ന്ത്യയിലും വിദേശത്തുമായി ‘ക്രേറ്റ’ വാരിക്കൂട്ടിയ ലക്ഷത്തിലേറെ ബുക്കിങ്ങിൽ പ്രതിഫലിക്കുന്നത്. ഇതിൽ കയറ്റുമതിയടക്കം അറുപതിനായിരത്തിൽ താഴെ ‘ക്രേറ്റ’ മാത്രമാണു ഹ്യുണ്ടേയിക്കു നിർമിച്ചു നൽകാനായത്. ഈ പരിമിതി അതിജീവിക്കാനായി ‘ക്രേറ്റ’ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാനും എച്ച് എം ഐ എൽ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ ഉൽപ്പാദനം 30% വർധനയോടെ 13,000 യൂണിറ്റിലെത്തിക്കാനാണു കമ്പനി ഒരുങ്ങുന്നത്; ഇതുവഴി ‘ക്രേറ്റ’യ്ക്കായി കാത്തിരിക്കുന്നവർക്കു കൂടുതൽ വേഗത്തിൽ പുതിയ വാഹനം ലഭ്യമാക്കാനാവുമെന്നും ഹ്യുണ്ടേയ് കരുതുന്നു. ആഭ്യന്തര വിപണിക്കു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നായി 28,000 ബുക്കിങ്ങും ‘ക്രേറ്റ’ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ലോകവ്യാപകമായി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നിർമിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്. തുടക്കത്തിൽ പ്രതിമാസം 6,000 ‘ക്രേറ്റ’ വീതമാണു ഹ്യുണ്ടേയ് ഉൽപ്പാദിപ്പിച്ചിരുന്നത്; പക്ഷേ വിപണിയുടെ ആദ്യ പ്രതികരണം കണ്ടപ്പോൾതന്നെ ഉൽപ്പാദനം ഉയർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മാസം 10,000 യൂണിറ്റിനടുത്താണു ‘ക്രേറ്റ’യുടെ ഉൽപ്പാദനം. ഇതിൽ ഏഴായിരത്തോളം ‘ക്രേറ്റ’ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നു; ബാക്കി കയറ്റുമതിക്കായും നീക്കിവച്ചിരിക്കുന്നു.

Creta Hyundai Creta

ഡൽഹി ഷോറൂമിൽ 8.69 — 13.80 ലക്ഷം രൂപ വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്രേറ്റ’യിൽ മൂന്ന് എൻജിൻ സാധ്യതകളാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്: 1.6 ഗാമ ഡ്യുവൽ വി ടി വി ടി, 1.6 യു ടു സി ആർ ഡി ഐ വി ജി ടി, 1.4 യു ടു സി ആർ ഡി ഐ. ‘ക്രേറ്റ’യിൽ ‘1.6 എസ് എക്സ് പ്ലസ് ഡീസൽ എ ടി’ എന്ന പേരിൽ ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്.