Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബ്യുഗാട്ടി വെറോൺ

cristiano-ronaldo

പോർചുഗൽ യൂറോ 2016 ചാംപ്യൻമാരായത് ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷിക്കുന്നതു പുത്തൻ ബ്യുഗാട്ടി ‘വെറോണി’നൊപ്പം. പാരിസിൽ നടന്ന കലാശക്കളിയിൽ താൻ പരുക്കേറ്റു പുറത്തുപോയെങ്കിലും രാജ്യം യൂറോ കിരീടം ചൂടിയതിനെ കായിക ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നു പ്രഖ്യാപിച്ചാണു സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനായി പടനയിക്കുന്ന റൊണാൾഡോ (31) ലോകത്തെ ഏറ്റവും വേഗമേറിയ കാർ സ്വന്തമാക്കിയത്.

പുതിയ ബ്യുഗാട്ടി ‘വെറോണി’നായി 17 ലക്ഷം പൗണ്ട്(ഏകദേശം 15.10 കോടി രൂപ) ആണു റൊണാൾഡോ പൊടിച്ചത്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടുന്ന കായികതാരങ്ങളെ ഉൾപ്പെടുത്തി ഫോബ്സ് തയാറാക്കിയ പട്ടികയിൽ നാലാം സ്ഥാനത്തുള്ള റൊണാൾഡോ തിരഞ്ഞെടുത്തതാവട്ടെ ‘വെറോണി’ന്റെ കറുപ്പ് നിറമുള്ള 16.4 ‘ഗ്രാൻഡ് സ്പോർട്’ വകഭേദമാണ്. ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ‘ബാല്യൻ ഡി ഓർ’ പുരസ്കാരം മൂന്നു തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു മികച്ച കാറുകളുടെ വിപുല ശേഖരവും സ്വന്തമാണ്. 2.10 ലക്ഷം ഡോളർ(1.41 കോടിയോളം രൂപ) വിലമതിക്കുന്ന പോർഷെ ‘911 ടർബോ എസ്’, മസെരാട്ടി ‘ഗ്രാൻ കബ്രിയൊ’, റോൾസ് റോയ്സ്, ലംബോർഗ്നി ‘അവന്റെഡോർ’ എന്നിവയുള്ള ഗാരിജിലേക്കാണ് ഇപ്പോൾ ബ്യുഗാട്ടി ‘വെറോൺ’ കടന്നുവരുന്നത്.

‘മൃഗം വരുന്നു’ എന്ന വിശേഷണത്തോടെയാണു റൊണാൾഡോ തന്റെ പുത്തൻ കാറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. യൂറോ കപ് വിജയത്തെത്തുടർന്ന് മെഡിറ്ററേനിയൻ കടലിലെ ദ്വീപായ ഇബിസയിൽ ആഡംബര നൗകയിൽ അവധിക്കാലം ചെലവഴിക്കുന്ന റൊണാൾഡോ മടങ്ങിയെത്തുമ്പോഴേക്ക് മഡ്രിഡിലെ താരത്തിന്റെ വീട്ടിൽ പുതിയ ‘വെറോൺ’ കാത്തിരിപ്പുണ്ടാവും. ലോകത്തുള്ള കാറുകളിൽ പരീക്ഷണ ഓട്ടത്തിനിടെ ഏറ്റവും കൂടുതൽ വേഗം കൈവരിച്ചതിന്റെ റെക്കോഡ് ഹെനെസി ‘വെനം ജി ടി’ക്കാണ്; മണിക്കൂറിൽ 453.31 കിലോമീറ്ററാണു കാർ കൈവരിച്ച റെക്കോഡ് വേഗം. പക്ഷേ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട കാറുകളിൽ വേഗത്തിൽ മുന്നിൽ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഫ്രഞ്ച് നിർമാതാക്കളായ ബ്യുഗാട്ടിയുടെ ‘വെറോൺ’ തന്നെ; മണിക്കൂറിൽ 415 കിലോമീറ്റർ ആണു കാറിന്റെ പരമാവധി വേഗം.