Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസംസ്കൃത എണ്ണ ഇറക്കുമതി 10% കുറയ്ക്കും

dharmendra-pradhan Dharmendra Pradhan

ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചും ഇന്ധന സംരക്ഷണം ഊർജമാക്കിയും പ്രകൃതി വാതകം പോലുള്ള ബദൽ ഇന്ധനങ്ങളെ ആശ്രയിച്ചുമൊക്കെ വരുന്ന ആറു വർഷത്തിനകം അസംസ്കൃത എണ്ണ ഇറക്കുമതി 10% കുറയ്ക്കാൻ ശ്രമിക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. 2022നകം എണ്ണ ഇറക്കുമതി 10% കുറയ്ക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആറു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവിരക്കാനാവുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അസംസ്കൃത എണ്ണയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നു കഴിഞ്ഞ വർഷം മാർച്ചിലാണു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 2013 — 14 കാലത്ത് രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 77 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു; ഈ വിഹിതം 66% ആക്കണമെന്നായിരുന്നു മോദിയുടെ നിർദേശം.

പക്ഷേ 2014 — 15 ആയപ്പോൾ ഇറക്കമതി കുറയുന്നതിനു പകരം കൂടുകയാണു ചെയ്തതെന്നു കണക്കുകൾ വ്യക്തമാക്കുന്നു; 18.94 കോടി ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിഹിതം 77 ശതമാനത്തിൽ നിന്ന് 78.1% ആയി. കഴിഞ്ഞ ഫെബ്രുവരിയിലാവട്ടെ ഇറക്കുമതി ചെയ്ത അസംസ്കൃത എണ്ണയുടെ വിഹിതം വീണ്ടും ഉയർന്ന് 83.1% ആയി. സാഹചര്യം പ്രതികൂലമാണെങ്കിലും 2022 ആകുമ്പോഴേക്ക് പ്രധാനമന്ത്രി നിർണയിച്ച ലക്ഷ്യം കൈവരിക്കാനാവുമെന്നാണു പ്രധാന്റെ പ്രതീക്ഷ. ആഭ്യന്തര എണ്ണ ഉൽപ്പാദനം ഉയർത്തിയും ഇന്ധന സംരക്ഷണത്തിനുള്ള നടപടികൾ ഊർജിതമാക്കിയുമൊക്കെ ഈ ലക്ഷ്യം നേടാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പ്രകൃതി വാതകം പോലുള്ള ബദൽ ഇന്ധനങ്ങളെ ആശ്രയിച്ചാൽ തന്നെ എണ്ണ ഇറക്കുമതി അഞ്ചു ശതമാനം കുറയ്ക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.

ഹൈഡ്രോ കാർബൺ മേഖലയിലെ വിപുല സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് നയപരമായ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. സാമ്പത്തിക മേഖലയിലെ മുന്നേറ്റം രാജ്യത്തിന്റെ ഊർജ ഉപയോഗം വർധിപ്പിക്കുന്നുണ്ട്. അതേസമയം, ഊർജ ഭദ്രതയില്ലാതെ വികസനം വരില്ലെന്നും പ്രധാൻ ഓർമിപ്പിക്കുന്നു. എണ്ണ പര്യവേഷണ മേഖലയിലെ നൂതന ആശയങ്ങൾക്കായി സ്റ്റാർട് അപ് ഫണ്ട് രൂപീകരിക്കാൻ പൊതു മേഖല എണ്ണ കമ്പനികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്.

Your Rating: