Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 1,000 കോടി നിക്ഷേപിക്കുമെന്നു കമിൻസ്

cummins

യു എസിൽ നിന്നുള്ള ഡീസൽ എൻജിൻ നിർമാതാക്കളായ കമിൻസ് ഇൻകോർപറേറ്റഡ് ഇന്ത്യയിലെ ഗവേഷണ, വികസന (ആർ ആൻഡ് ഡി) കേന്ദ്രം വികസിപ്പിക്കാൻ 1,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. യു എസിനു പുറത്ത് കമ്പനിക്കുള്ള ഏറ്റവും വലിയ ആർ ആൻഡ് ഡി കേന്ദ്രമാണ് ഇന്ത്യയിലേത്; പൂണെയിലെ കേന്ദ്രത്തിൽ 1,500 എൻജിനീയർമാരാണ് നിലവിലുള്ളത്. അടുത്ത വർഷത്തോടെ 500 എൻജിനീയർമാർക്കു കൂടി ജോലി നൽകാനാണു കമിൻസിന്റെ തീരുമാനം. ആർ ആൻഡ് ഡി കേന്ദ്രത്തിലെ പുതിയ നിക്ഷേപം വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്നും കമിൻസ് ഗ്രൂപ് ഇന്ത്യ ചെയർമാൻ അനന്ത് തലൗലികർ അറിയിച്ചു. കമ്പനിയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിലെ അഞ്ചു പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. പുതിയ നിക്ഷേപം കൂടിയാവുന്നതോടെ സാങ്കേതിക മേഖലയിൽ ഇന്ത്യ ഏറെ മുന്നേറുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

കമിൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കമിൻസ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായാണ് ആർ ആൻഡ് ഡി കേന്ദ്രം പ്രവർത്തിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിൽ യൂറോ ആറ്(ഭാരത് സ്റ്റേജ് ആറിനു തുല്യം) നിലവാരം പുലർത്തുന്ന ഡീസൽ എൻജിനുകൾക്കുള്ള സാങ്കേതികവിദ്യ കമിൻസിന്റെ പക്കലുണ്ടെന്നു തലൗലികർ അറിയിച്ചു. കൂടാതെ പ്രകൃതി വാതകം ഇന്ധനമാക്കി വാണിജ്യ വാഹനം ഓടിക്കാനുള്ള ശേഷിയും കമ്പനിക്കുണ്ട്. കേന്ദ്ര സർക്കാർ ഭാരത് സ്റ്റേജ് ആറ് പോലുള്ള മലിനീകരണ നിയന്ത്രണ നിലവാരം പ്രഖ്യാപിക്കുന്ന മുറയ്ക്ക് കമ്പനി ഇന്ത്യൻ വിപണിക്കായി ഈ മേഖലയിലെ ഗവേഷണവും വികസനവും വിപുലീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമരം ബി എസ് ആറു പോലുള്ള നിലവാരത്തിലേക്കുള്ള മുന്നേറ്റം സൃഷ്ടിക്കുന്ന വില വർധന പിടിച്ചു നിർത്തുക കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും അദ്ദേഹം അംഗീകരിച്ചു.

Your Rating: