Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 ലക്ഷം വാഹനം തിരിച്ചുവിളിക്കാൻ ഡയ്ഹാറ്റ്സു

daihatsu-tanto

പിന്നിലെ വാതിലിനു നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എട്ടു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഡയ്ഹാറ്റ്സു മോട്ടോർ കമ്പനി തീരുമാനിച്ചു. ഇതു സംബന്ധിച്ചു ജപ്പാനിലെ ഗതാഗത മന്ത്രാലയത്തിനു നോട്ടീസ് നൽകിയതായും ടൊയോട്ട ഗ്രൂപ്പിൽപെട്ട ചെറുകാർ നിർമാതാക്കളായ ഡയ്ഹാറ്റ്സു അറിയിച്ചു.

കോംപാക്ട് എം പി വിയായ ‘ടാന്റോ’യുടെ പിൻ വാതിലിന്റെ സ്റ്റേ തുരുമ്പെടുക്കാനുള്ള സാധ്യത മുൻനിർത്തിയാണു ഡയ്ഹാറ്റ്സു കാറുകൾ തിരിച്ചുവിളിക്കുന്നത്. 2007 — 2013 കാലഘട്ടത്തിൽ നിർമിച്ച കാറുകളുടെ പിൻവാതിൽ തുരുമ്പെടുത്ത് ഗ്യാസ് സ്റ്റേയുടെ പുറംട്യൂബ് ദ്രവിക്കാനും വിള്ളൽ വീഴാനും സാധ്യതയുണ്ടെന്നാണു കമ്പനിയുടെ കണ്ടെത്തൽ. ഇതോടെ വാതിലും വാഹനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്യാമെന്നാണു ഡയ്ഹാറ്റ്സുവിന്റെ നിഗമനം. ഇത്തരത്തിലുള്ള അപകടം മൂലം ഒരാൾക്ക് നിസ്സാര പരുക്കേറ്റതായും കമ്പനി വെളിപ്പെടുത്തി.

ഡയ്ഹാറ്റ്സുവിന്റെ ശുപാർശ പരിഗണിച്ച് ജപ്പാനിലെ ഗതാഗത മന്ത്രാലയം വാഹനം തിരിച്ചുവിളിക്കാനുള്ള ഉത്തരവ് വൈകാതെ നൽകുമെന്നാണു പ്രതീക്ഷ. സമാന പ്രശ്നങ്ങളുടെ പേരിൽ നിസ്സാൻ മോട്ടോർ കമ്പനിയും ജപ്പാനിലും യു എസിലുമായി കഴിഞ്ഞ ഏപ്രിലിൽ എട്ടു ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. എസ് യു വിയായ ‘എക്സ് ട്രെയിൽ’, ക്രോസോവറായ ‘റോഗ്’, മിനി വാനായ ‘സെറീന’ തുടങ്ങിയവയ്ക്കായിരുന്നു പരിശോധന വേണ്ടി വന്നത്. ഷോവ ഓട്ടോ പാർട്സ് കമ്പനിയാണു തകരാറുള്ള ഘടകം ലഭ്യമാക്കിയതെന്നും നിസ്സാൻ യു എസ് അധികൃതരെ അറിയിച്ചിരുന്നു.  

Your Rating: