Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് വിപണനം രാജ്യവ്യാപകമാക്കാൻ ഡെയ്മ്‌ലര്‍

Daimler

വർഷാവസാനത്തോടെ ബസ് വിപണനം രാജ്യവ്യാപകമാക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ ഇന്ത്യ ഒരുങ്ങുന്നു. കൂടാതെ ചെന്നൈയിൽ നിർമിച്ച പൂർണ തോതിലുള്ള ബസ് കയറ്റുമതി ചെയ്യാനും കമ്പനി തയാറെടുക്കുകയാണ്. ആഭ്യന്തര, വിദേശ വിപണികളിലായി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയിൽ നിർമിച്ച ആയിരത്തോളം ഷാസികളാണു ഡെയ്മ്‌ലര്‍ വിറ്റത്. 2015 നവംബറിലാണു കമ്പനി ഇന്ത്യയിൽ ബസ് വിൽപ്പനയ്ക്കു തുടക്കമിട്ടത്.

ലക്ഷ്യമിട്ടതു പോലെ ഇന്ത്യയിലെ ബസ് വ്യാപാരം പുരോഗമിക്കുന്നുണ്ടെന്ന് ഡെയ്മ്‌ലര്‍ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് വൈസ് പ്രസിഡന്റും ഡെയ്മ്‌ലര്‍ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടറുമായ മാർകസ് വില്ലിങ്ങർ വെളിപ്പെടുത്തി. എല്ലാ വിഭാഗത്തിലും വിൽപ്പന വളർച്ച നേടാൻ കമ്പനിക്കു കഴിയുന്നുണ്ട്. അതിനാൽ ഘട്ടം ഘട്ടമായുള്ള സമീപനമാണ് ഇന്ത്യയിലെ വളർച്ചയ്ക്കായി കമ്പനി സ്വീകരിക്കുന്നതെന്നും വില്ലിങ്ങർ വെളിപ്പെടുത്തി. രണ്ടാം ഘട്ടമെന്ന നിലയിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിലേക്കു ബസ് വിൽപ്പന വ്യാപിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.രാജ്യത്തിന്റെ ദക്ഷിണ, പശ്ചിമ ഭാഗങ്ങൾക്കൊപ്പം വടക്കേ ഇന്ത്യയിലും കമ്പനി ആദ്യ ഘട്ടത്തിൽ ബസ്സുകൾ വിറ്റിരുന്നു. രണ്ടാം ഘട്ടം കൂടി നടപ്പാവുന്നതോടെ രാജ്യവ്യാപകമായി ഡെയ്മ്ലർ ബസ്സുകൾ വിപണിയിൽ ലഭ്യമായി തുടങ്ങും.

വിൽപ്പന മെച്ചപ്പെടുത്താൻ സ്റ്റാഫ്, ടൂറിസ്റ്റ്, ഇന്റർ സിറ്റി വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ബസ് വിൽപ്പന ഉയർത്താനാണു ഡെയ്മ്‌ലറിന്റെ പദ്ധതി. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് വിഭാഗങ്ങളിൽ ‘ഭാരത് ബെൻസ്’ ബ്രാൻഡിലാണു ഡെയ്മ്‌ലര്‍ ബസ്സുകൾ വിപണിയിലെത്തുക. അന്തർ നഗര യാത്രകൾക്കുള്ള ആഡംബര ബസ്സുകൾ മെഴ്സീഡിസ് ബെൻസ് ശ്രേണിയിലും ലഭ്യമാവും. വിലയിൽ നേരിയ പ്രീമിയത്തോടെയാണു ഡെയ്മ്‌ലര്‍ ഇന്ത്യ ബസ്സുകൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. ആഭ്യന്തര വിപണിക്കു പുറമെ ഒരഗടത്തു നിർമിച്ച ബസ്സുകൾ വിവിധ ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലും വിൽക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ പൂർണതോതിലുള്ള ബസ്സുകളുടെ കയറ്റുമതിക്കാണ് കമ്പനി തയാറെടുക്കുന്നത്. ഈ വർഷം അവസാനത്തോടെ ഒരഗടത്തു നിർമിച്ച പൂർണ തോതിലുള്ള ബസ് കയറ്റുമതി ചെയ്യാനാണു ഡെയ്മ്‌ലര്‍ ലക്ഷ്യമിടുന്നത്. വിദേശ വിപണികളിൽ മെഴ്സീഡിസ് ബെൻസ് ശ്രേണിയിലാവും ബസ് വിൽപ്പനയ്ക്കെത്തിക്കുക. ഭാരത് ബെൻസ് ബ്രാൻഡിൽ ബസ്സുകൾ കയറ്റുമതി ചെയ്യില്ലെന്നും ഡെയ്മ്‌ലര്‍ വ്യക്തമാക്കി. 

Your Rating: