Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരത് ബെൻസ് ബസ് നിർമാണത്തിനു തുടക്കമായി

Bharat Benz Bus Production

ഇന്ത്യയിൽ വിപുലമായ വിൽപ്പനയ്ക്കായി അവതരിപ്പിച്ച ‘ഭാരത് ബെൻസ്’ ശ്രേണിയിലെ ബസ്സുകളുടെ ഉൽപ്പാദനത്തിനു ജർമൻ വാഹന നിർമാതാക്കളായ ഡെയ്​മ്​ലർ എ ജി തുടക്കമിട്ടു. കമ്പനിയുടെ ഉപസ്ഥാപനമായ ഡെയ്​മ്​ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസി(ഡി ഐ സി വി)നു ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള നിർമാണ ശാലയിൽ നിന്നാണു പുതിയ ശ്രേണി പുറത്തെത്തുന്നത്. നിലവിൽ ‘ഭാരത് ബെൻസ്’ ശ്രേണിയിൽ ഡി ഐ സി വി ട്രക്കുകൾ നിർമിച്ച് ഇന്ത്യയിലും വിദേശത്തും വിൽക്കുന്നുണ്ട്.

ബസ് കൂടിയായതോടെ ലോകമെങ്ങുമുള്ള ഡെയ്​മ്​ലർ ട്രക്ക് പ്ലാന്റുകളിൽ മെഴ്സീഡിസ് ബെൻസ്, ഭാരത് ബെൻസ്, ഫ്യുസൊ ശ്രേണികളിലെ ബസ്സും ട്രക്കും എൻജിനുകളുമൊക്കെ ഒരേ മേൽക്കൂരയ്ക്കു താഴെ നിർമിക്കുന്ന ഏക ശാലയായി ചെന്നൈ മാറിയെന്നു ഡി ഐ സി വി അറിയിച്ചു.

മൊത്തം 425 കോടി രൂപ ചെലവിൽ സ്ഥാപിച്ചതും കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്തതുമായ ഒരഗടം ബസ് നിർമാണശാലയുടെ വാർഷിക ഉൽപ്പാദന ശേഷി 1,500 യൂണിറ്റാണ്. ഭാവിയിൽ പ്രതിവർഷം 4,000 യൂണിറ്റ് ഉൽപ്പാദനശേഷിയിലേക്കു വികസിപ്പിക്കാവുന്ന തരത്തിലാണു ശാലയുടെ രൂപകൽപ്പന. ഗ്രോസ് വെഹിക്കിൾ വെയ്റ്റിൽ ഒൻപത് ടൺ, 16 ടൺ, 16 ടണ്ണിലേറെ എന്നീ വിഭാഗങ്ങളിലുള്ള ബസ്സുകൾ ഭാരത് ബെൻസ് ശ്രേണിയിലുണ്ടാവും. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് വിഭാഗങ്ങളിലെ ഹ്രസ്വദൂര യാത്രകൾക്കായി മുന്നിൽ ഘടിപ്പിച്ച എൻജിനുകളോടെയാണു ‘ഭാരത് ബെൻസ്’ ശ്രേണിയിലെ ബസ്സുകളുടെ രൂപകൽപ്പന.

ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ച ബസ്സുകൾ പുറത്തിറക്കുന്നതു കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായക വേളയാണെന്ന് ഡെയ്​മ്​ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർകസ് വില്ലിങ്ങർ അഭിപ്രായപ്പെട്ടു. ഭാരത് ബെൻസ് ശ്രേണിയിൽ സ്കൂൾ ബസ്സായി ഉപയോഗിക്കാനുള്ള മോഡലാണ് ഒരഗടം പ്ലാന്റിൽ നിന്ന് ആദ്യമായി പുറത്തെത്തിയത്.

അതേസമയം അന്തർനഗര യാത്രകൾക്കായി പ്രീമിയം വിഭാഗത്തിൽ പിന്നിൽ എൻജിൻ ഘടിപ്പിച്ച മെഴ്സീഡിസ് ബെൻസ് ബസ്സുകൾ ഡെയ്​മ്​ലർ ഇന്ത്യയിൽ നിലവിൽ വിൽക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.